31.7 ശതമാനം വളര്‍ച്ച; നവംബറില്‍ റെക്കോര്‍ഡ് കാര്‍ വില്‍പ്പന
നവംബര്‍ രാജ്യത്തെ ടോപ് 10 വാഹന നിര്‍മാതാക്കള്‍ വിറ്റത് 310,807 യൂണീറ്റ് കാറുകളാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 31.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ ആറാം മാസമാണ് രാജ്യത്തെ കാര്‍ വില്‍പ്പന മൂന്ന് ലക്ഷം കടക്കുന്നത്. സെമികണ്ടക്ടര്‍ ചിപ്പ് പ്രതിസന്ധിക്ക് നേരിയ അയവ് വന്നതിനെ തുടര്‍ന്ന് കമ്പനികള്‍ ഉല്‍പ്പാദനം ഉയര്‍ത്തിയിരുന്നു.
ലോകത്തെ ഏറ്റവും വലിയ നാലാമത്തെ പാസഞ്ചര്‍ വാഹന വിപണിയാണ് ഇന്ത്യയിലേത്. നിലവില്‍ 7.5 ലക്ഷത്തോളം വാഹനങ്ങളാണ് കമ്പനികള്‍ കൊടുത്ത് തീര്‍ക്കാനുള്ളത്. അതില്‍ മാരുതി സുസൂക്കിയുടെ ഓര്‍ഡര്‍ ബുക്കില്‍ മാത്രമുള്ളത് 3.75 ലക്ഷം വാഹനങ്ങളാണ്. നിലവിലെ വളര്‍ച്ച തുടരുകയാണെങ്കില്‍ 2018ലെ റെക്കോര്‍ഡ് മറികടന്ന് ഈ വര്‍ഷത്തെ ആകെ വില്‍പ്പന 3.8 ദശലക്ഷത്തില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. 2018ല്‍ രാജ്യത്ത് വിറ്റത് 3.3 ദശലക്ഷം കാറുകളാണ്.
മുമ്പില്‍ മാരുതി തന്നെ
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി നവംബറില്‍ വിറ്റത് 132,395 യൂണീറ്റ് വാഹനങ്ങളാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന 20.6 ശതമാനം ആണ് ഉയര്‍ന്നത്. രണ്ടാം സ്ഥാനത്തുള്ള ഹ്യൂണ്ടായിയുടെ വില്‍പ്പന 29.7 ശതമാനം വര്‍ധിച്ച് 48,003 യൂണീറ്റിലെത്തി. 46,425 യൂണിറ്റുകളാണ് 55 ശതമാനം വളര്‍ച്ചയുമായി മൂന്നാമതുള്ള ടാറ്റ വിറ്റത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ( 30,238), കിയ ഇന്ത്യ (24,025) എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് കമ്പനികള്‍.