എയര്‍ ഇന്ത്യയുടെ ഒറ്റ ടിക്കറ്റുമായി ഇനി യൂറോപ്പ് മുഴുവന്‍ ചുറ്റിയടിക്കാം
എയര്‍ ഇന്ത്യയുടെ ഒറ്റ ടിക്കറ്റുമായി ഇനി യൂറോപ്പിലെ വിവിധ നഗരങ്ങള്‍ തടസ്സങ്ങളില്ലാതെ ചുറ്റിക്കണ്ട് ആസ്വദിക്കാം. ഇതേ ടിക്കറ്റ് ഉപയോഗിച്ച് ബസ്, ട്രെയിന്‍ യാത്രയും നടത്താമെന്നതിനാല്‍ എയര്‍പോര്‍ട്ട് സൗകര്യമില്ലാത്ത ചെറു നഗരങ്ങളും ചുറ്റിക്കാണാനാകുമെന്ന പ്രത്യേകതയുമുണ്ട്. ആക്സസ് റെയിലുമായി സഹകരിച്ചുള്ള ഇന്റര്‍മോഡല്‍ ഇന്റര്‍ലൈന്‍ കരാര്‍ വഴിയാണ് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ ഈ സൗകര്യം ലഭ്യമാക്കുന്നത്. ലഗേജ് അലവന്‍സ് നിലനിറുത്തിക്കൊണ്ട്, 100ലേറെ യൂറോപ്യന്‍ നഗരങ്ങളില്‍ ഈ ടിക്കറ്റുപയോഗിച്ച് യാത്ര ചെയ്യാം.
ഓസ്ട്രിയ, ബെല്‍ജിയം, ജര്‍മ്മനി, ചെക്ക് റിപ്പബ്ലിക്, ഹംഗറി, ഇറ്റലി, യു.കെ എന്നിവിടങ്ങളിലെ നഗരങ്ങളും പട്ടണങ്ങളും അനായാസമായി ബന്ധിപ്പിക്കുന്ന ഒരു ഇന്റര്‍മോഡല്‍ യാത്രാ സൗകര്യമാണിത്. ആംസ്റ്റര്‍ഡാം, ബെമിംഗ്ഹം, ലണ്ടന്‍ ഹീത്രൂ, ലണ്ടന്‍ ഗാറ്റ്വിക്ക്, മിലാന്‍, വിയന്ന എന്നിവിടങ്ങളിലേക്കും ഈ സേവനം നീട്ടിയിട്ടുണ്ട്.
ട്രാവല്‍ ഏജന്റുമാര്‍ വഴി
ആക്‌സസ് റെയിലുമായുള്ള പങ്കാളിത്തത്തിലൂടെ എയര്‍ ഇന്ത്യയ്ക്ക് ഭാവിയിലും ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങളും കൂടുതല്‍ സാധ്യതകളും തടസ്സങ്ങളില്ലാത്ത രീതിയില്‍ വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്ന് എയര്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനായ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. നിലവില്‍ എയര്‍ ഇന്ത്യയുടെ ഈ ടിക്കറ്റുകള്‍ ആഗോളതലത്തില്‍ ട്രാവല്‍ ഏജന്റുമാര്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കും.