യു.പി.ഐ ഇടപാടുകളിൽ ഇനി ഫോൺ നമ്പർ പരസ്യമാകില്ല; ഉപഭോക്താക്കളുടെ സ്വകാര്യത കൂട്ടാൻ എൻ.പി.സി.ഐയുടെ നിർണായക ചുവടുവെപ്പ്

വനിതാ ഉപയോക്താക്കളിൽ നിന്ന് തങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച് നിരവധി പരാതികൾ സോഷ്യൽ മീഡിയ വഴി ഉയർന്ന സാഹചര്യത്തിലാണ് നീക്കം
UPI
Image courtesy: Canva
Published on

ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് സംവിധാനമായ യുപിഐ (UPI) കൂടുതൽ സുരക്ഷിതമാക്കുന്നതിനും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുമായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നു. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി യുപിഐ ആപ്പുകളിലും ബാങ്കുകളിലും ഉപയോക്താക്കളുടെ മൊബൈൽ നമ്പറുകൾ മറയ്ക്കണമെന്ന് (Masking) എൻപിസിഐ നിർദ്ദേശിച്ചതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാറ്റങ്ങൾ നടപ്പിലാക്കാൻ സെപ്റ്റംബർ 4 വരെയാണ് സമയപരിധി നൽകിയിരിക്കുന്നത്.

പ്രധാന പരിഷ്കാരങ്ങൾ:

ഫോൺ നമ്പറുകളുടെ മറയ്ക്കൽ: ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കളുടെ മൊബൈൽ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രമേ മറ്റൊരാൾക്ക് കാണാൻ സാധിക്കൂ. യുപിഐ ഐഡികൾ, അക്കൗണ്ട് നമ്പറുകൾ എന്നിവയും ഇത്തരത്തിൽ മറയ്ക്കേണ്ടതുണ്ട്.

ക്യുആർ കോഡ് ഇടപാടുകൾ: ക്യുആർ കോഡ് വഴി പണമടച്ചു കഴിഞ്ഞാൽ പിന്നീട് മൊബൈൽ നമ്പറുകൾ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

യൂസർനെയിം ഐഡികൾ: നിലവിൽ മിക്കവരും ഫോൺ നമ്പറുകളാണ് യുപിഐ ഐഡി (VPA) ആയി ഉപയോഗിക്കുന്നത്. എന്നാൽ ഇനിമുതൽ ഫോൺ നമ്പറുകൾക്ക് പകരം യൂസർനെയിം അടിസ്ഥാനമാക്കിയുള്ള ഐഡികൾ ഡിഫോൾട്ട് (Default) ആയി നൽകാൻ ആപ്പുകൾക്ക് നിർദ്ദേശം നൽകി.

എന്തുകൊണ്ട് ഈ മാറ്റം?

മൊബൈൽ നമ്പറുകളും പൂർണരൂപത്തിലുള്ള ഐഡന്റിറ്റിയും പരസ്യമാകുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് എൻപിസിഐ കരുതുന്നു. പ്രത്യേകിച്ച് വനിതാ ഉപയോക്താക്കളിൽ നിന്ന് തങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച് നിരവധി പരാതികൾ സോഷ്യൽ മീഡിയ വഴി ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം. യുപിഐ ആപ്പുകളും ബാങ്കുകളും പുതിയ നിയമത്തിന് അനുസൃതമായി തങ്ങളുടെ സിസ്റ്റങ്ങൾ സജ്ജമാക്കണമെന്ന് എൻപിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. മിക്ക ഉപയോക്താക്കളും യൂസർനെയിം ഐഡികൾ തിരഞ്ഞെടുക്കാമെന്ന ഓപ്ഷനെക്കുറിച്ച് ബോധവാന്മാരല്ല, അതിനാൽ ഡിഫോൾട്ട് ഓപ്ഷൻ മാറ്റുന്നത് കൂടുതൽ സ്വകാര്യത ഉറപ്പാക്കാൻ സഹായിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com