

ബോളിവുഡ് താരം ദീപിക പദുകോണിന്റെ പ്രീമിയം സ്‌കിന്‍കെയര്‍ ബ്രാന്‍ഡായ '82°E'-യുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാന്‍ പ്രമുഖ ബ്യൂട്ടി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ നൈക (Nykaa) ചര്‍ച്ചകള്‍ നടത്തുന്നു. വിപണിയില്‍ 'ഹൗസ് ഓഫ് നൈക' (House of Nykaa) പോര്‍ട്ട്ഫോളിയോ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഫാല്‍ഗുനി നയ്യാരുടെ ഉടമസ്ഥതയിലുള്ള എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സ് (FSN E-Commerce Ventures) ആണ് നൈകയുടെ മാതൃകമ്പനി. 82°E-യുടെ നിയന്ത്രണാധികാരം ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിലവില്‍ നൈകയുടെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ദീപിക പദുകോണ്‍. കരാര്‍ യാഥാര്‍ത്ഥ്യമായാലും ദീപിക പദുകോണ്‍ 82°Eല്‍ ചെറിയൊരു ശതമാനം ഓഹരികള്‍ നിലനിര്‍ത്താനാണ് സാധ്യത.
2022-ല്‍ ദീപിക പദുകോണ്‍ തുടങ്ങിയ 82°E, പ്രീമിയം വിഭാഗത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ ബ്രാന്‍ഡിന്റെ വരുമാനം 30 ശതമാനം ഇടിഞ്ഞ് 14.7 കോടി രൂപയായി കുറഞ്ഞു. 12.26 കോടി രൂപയുടെ നഷ്ടവും കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. മികച്ച വിതരണ ശൃംഖലയും 42 ദശലക്ഷത്തോളം വരുന്ന ഉപഭോക്താക്കളും ഉള്ള നൈകയ്ക്ക് 82°E-യെ ലാഭത്തിലേക്ക് തിരികെ എത്തിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
മറ്റൊരു ബോളിവുഡ് താരമായ കത്രീന കൈഫിന്റെ 'കെ ബ്യൂട്ടി' (Kay Beauty) നൈകയുമായി ചേര്‍ന്ന് മികച്ച വിജയം കൈവരിച്ചിരുന്നു. ഈ വിജയ മാതൃക 82°E-യുടെ കാര്യത്തിലും ആവര്‍ത്തിക്കാനാണ് നൈക ലക്ഷ്യമിടുന്നത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ 132.4 കോടി രൂപയുടെ വരുമാനമാണ് കെ ബ്യൂട്ടി നേടിയത്; ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ധനയാണിത്. കെ ബ്യൂട്ടിയില്‍ നൈകയ്ക്ക് 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ബാക്കിയുള്ള ഓഹരികള്‍ കത്രീന കൈഫിന്റെയും മൈനര്‍ ഇന്‍വെസ്റ്റ്മെന്റ് നടത്തിയ മാട്രിക്‌സിന്റെയും കൈവശമാണ്.
റിലയന്‍സ് റീറ്റെയ്‌ലിന്റെ 'ടിറ' (Tira), സെഫോറ (Sephora) തുടങ്ങിയ വമ്പന്‍മാരുമായി മത്സരിക്കാന്‍ നൈക സ്വന്തം ബ്രാന്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ്. നേരത്തെ ഡോട്ട് ആന്‍ഡ് കീ (Dot & Key), എര്‍ത്ത് റിഥം (Earth Rhythm) തുടങ്ങിയ ബ്രാന്‍ഡുകളെയും നൈക ഏറ്റെടുത്തിരുന്നു.
2025 ഡിസംബര്‍ 31-ന് അവസാനിച്ച പാദത്തില്‍ നൈകയുടെ അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 156 ശതമാനം വര്‍ധിച്ച് 68 കോടി രൂപയിലെത്തിയിരുന്നു. ഇക്കാലയളവില്‍ കമ്പനിയുടെ ഏകീകൃത വരുമാനം 27 ശതമാനം ഉയര്‍ന്ന് 2,873 കോടി രൂപയായി. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ മേഖലകളില്‍ സാന്നിധ്യമുള്ള കമ്പനി കഴിഞ്ഞ പാദത്തില്‍ 11 പുതിയ സ്റ്റോറുകള്‍ കൂടി ആരംഭിക്കുകയും നാല് പുതിയ നഗരങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകയും ചെയ്തു. ഇതോടെ കമ്പനിയുടെ ആകെ ബ്യൂട്ടി സ്റ്റോറുകളുടെ എണ്ണം 276 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
താരപദവി ഉപയോഗിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ എളുപ്പമാണെങ്കിലും, വെല്ലുവിളികള്‍ നിറഞ്ഞ ബിസിനസ് സ്വതന്ത്രമായി കെട്ടിപ്പടുക്കുന്നതിനേക്കാള്‍ ലാഭക്ഷമതയ്ക്കും വളര്‍ച്ചയ്ക്കുമായി വലിയ കോര്‍പ്പറേറ്റുകളുമായി കൈകോര്‍ക്കാനാണ് ഭൂരിഭാഗം സെലിബ്രിറ്റി ബ്രാന്‍ഡുകളും താല്‍പ്പര്യപ്പെടുന്നതെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബോളിവുഡ് താരമായ ആലിയ ഭട്ട് അവതരിപ്പിച്ച കുട്ടികള്‍ക്കായുള്ള വസ്ത്ര ബ്രാന്‍ഡായ 'എഡ്-എ-മമ്മ' (Ed-a-Mamma) ആരംഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം അതിന്റെ 51 ശതമാനം ഓഹരികള്‍ റിലയന്‍സ് റീറ്റൈയ്ല്‍ വെഞ്ചേഴ്സിന് വിിറ്റിരുന്നു. അതുപോലെ വിരാട് കോഹ്ലി സ്‌പോര്‍ട്സ്വെയര്‍ കമ്പനിയായ അജിലിറ്റാസുമായി (Agilitas) നിക്ഷേപകനായും പങ്കാളിയായും സഹകരിക്കുന്നുണ്ട്. നടന്‍ രണ്‍വീര്‍ സിംഗ് 'സൂപ്പര്‍യു' (SuperYou) പ്രോട്ടീന്‍ ബ്രാന്‍ഡില്‍ സഹനിക്ഷേപകനായും ലൈംഗികാരോഗ്യ ബ്രാന്‍ഡായ 'ബോള്‍ഡ് കെയറി'ന്റെ (Bold Care) സഹഉടമയായും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യയിലെ ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍ വിപണി 2028-ഓടെ 34 ബില്യണ്‍ ഡോളറില്‍ എത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ പ്രീമിയം വിഭാഗത്തിലുള്ള ഇത്തരം ഏറ്റെടുക്കലുകള്‍ നൈകയ്ക്ക് വലിയ ഗുണം ചെയ്യും.
Nykaa is in advanced talks to acquire a majority stake in Deepika Padukone’s 82°E, aiming to replicate Kay Beauty’s success.
Read DhanamOnline in English
Subscribe to Dhanam Magazine