മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ ഇടിവുമായി നൈക

2022 സാമ്പത്തിക വര്‍ഷത്തില്‍ അവസാന പാദത്തിലെ അറ്റാദായത്തില്‍ വന്‍ ഇടിവുമായി നൈക (നികാ). ഇന്ത്യന്‍ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ റീട്ടെയിലറായ നൈകയുടെ ത്രൈമാസ അറ്റാദായത്തില്‍ 49 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വ്യക്തിഗത പരിചരണത്തിനും ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള ഡിമാന്റ് കുറഞ്ഞതും ചെലവ് വര്‍ധിച്ചതുമാണ് നൈകയുടെ അറ്റാദായത്തില്‍ വന്‍ ഇടിവുണ്ടാകാന്‍ കാരണം.

മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ ഏകീകൃത അറ്റാദായം 16.88 കോടി രൂപയില്‍ നിന്ന് 8.56 കോടി രൂപയായി (1.10 മില്യണ്‍ ഡോളര്‍) കുറഞ്ഞുവെന്ന് മാതൃ കമ്പനിയായ എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പാന്‍ഡെമിക് കാരണം പരസ്യത്തിനായി അധികം ചെലവഴിക്കാത്തതിനാല്‍ 2020 ല്‍ അതിന്റെ വിപണന ചെലവുകള്‍ വളരെ കുറവായിരുന്നുവെന്ന് ഫാല്‍ഗുനി നായര്‍ നേതൃത്വം നല്‍കുന്ന കോസ്‌മെറ്റിക്‌സ്-ടു-ഫാഷന്‍ പ്ലാറ്റ്‌ഫോം പറഞ്ഞു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം 741 കോടി രൂപയില്‍ നിന്ന് 973 കോടി രൂപയായി ഉയര്‍ന്നു. മൊത്ത വ്യാപാര മൂല്യം (GMV) മാര്‍ച്ച് പാദത്തില്‍ 45 ശതമാനം വര്‍ധിച്ച് 179.79 കോടി രൂപയായി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 71 ശതമാനം വര്‍ധിച്ച് 693.32 കോടി രൂപയായി. സ്ഥാപനത്തിന്റെ മൊത്തവരുമാനവും 32 ശതമാനം വര്‍ധിച്ച് 984.45 കോടി രൂപയായി.

2022 സാമ്പത്തിക വര്‍ഷത്തില്‍ നൈകയുടെ നികുതിക്ക് ശേഷമുള്ള ലാഭം 41.3 കോടി രൂപയായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം കുറവാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it