ട്രംപിന്റെ ഭീഷണികള്‍ക്കിടയിലും റഷ്യന്‍ ക്രൂഡ് വാങ്ങുന്നത് തുടര്‍ന്ന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍, വാങ്ങലുകള്‍ വര്‍ധിപ്പിച്ച് ചൈനയും

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സാധ്യമായ ഒരു കരാറിലെത്താന്‍ വൈകാതെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യു.എസും യൂറോപ്യന്‍ യൂണിയനും
Russian Crude Barrel, India-Russia Flags
Image : Canva
Published on

റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കെതിരെ യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നതിനിടെ, റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടര്‍ന്ന് ഇന്ത്യന്‍ എണ്ണ വിതരണ കമ്പനികള്‍. കൂടുതല്‍ കിഴിവുകൾ നല്‍കാന്‍ റഷ്യ സന്നദ്ധമായതാണ് കമ്പനികളെ റഷ്യന്‍ എണ്ണ വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. കുറഞ്ഞ കിഴിവുകൾ മൂലം ജൂലൈയിൽ എണ്ണ കമ്പനികള്‍ വാങ്ങലുകൾ നിർത്തിവെച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതില്‍ പ്രകോപിതനായ ട്രംപ് ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക ചുങ്കം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതും റഷ്യന്‍ ക്രൂഡ് വാങ്ങുന്നത് കുറക്കാനുളള കാരണമാണ്.

പൊതുമേഖലാ എണ്ണ കമ്പനികളായ ഇന്ത്യൻ ഓയിലും ഭാരത് പെട്രോളിയവും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വിതരണത്തിനായി റഷ്യൻ എണ്ണ വാങ്ങിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മികച്ച ഗുണനിലവാരമുള്ള യുറല്‍സ് ക്രൂഡിന്റെ കിഴിവുകൾ ബാരലിന് ഏകദേശം 3 ഡോളറായാണ് റഷ്യ വർദ്ധിപ്പിച്ചത്. ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് നിരസിക്കാന്‍ സാധിക്കാത്ത ഓഫറായതിനാലാണ് യു.എസ് ഭീഷണികള്‍ക്കിടയിലും റഷ്യന്‍ ക്രൂഡ് വാങ്ങുന്നത് തുടരുന്നത്.

യുറലുകൾക്ക് പുറമേ വരാൻഡെ, സൈബീരിയൻ ലൈറ്റ് എന്നിവയുൾപ്പെടെ മറ്റ് റഷ്യൻ ക്രൂഡ് ഓയിൽ ഗ്രേഡുകളും ഐഒസി വാങ്ങിയിട്ടുണ്ട്. സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ച് റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് രാജ്യത്തെ മുൻനിര എണ്ണശുദ്ധീകരണ കമ്പനിയായ ഐഒസി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യക്ക് പുറമെ ചൈനയും റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ചൈന വാങ്ങലുകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ പിന്തുണയോടെ ഡൊണള്‍ഡ് ട്രംപ് വലിയ ശ്രമങ്ങളാണ് നടത്തുന്നത്. റഷ്യയെ പിണക്കാതെ യുക്രെയ്ന് സംരക്ഷണം ലഭിക്കുന്ന രീതിയിലുളള കരാറിനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. സമവായത്തിന്റെ പാതയില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ട്രംപ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സാധ്യമായ ഒരു കരാറിലെത്താന്‍ വൈകാതെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യു.എസും യൂറോപ്യന്‍ യൂണിയനും.

Oil companies continue to buy Russian crude despite Trump's threats, China also increases purchases.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com