പെട്രോളും സിഎന്‍ജിയും വീട്ടുപടിക്കലെത്തിക്കാന്‍ ഓയ്ല്‍ കമ്പനികള്‍
പെട്രോളും സിഎന്‍ജിയും വീട്ടുപടിക്കല്‍ എത്തിക്കാനുള്ള ഓയ്ല്‍ കമ്പനികളുടെ നീക്കത്തിന് സര്‍ക്കാര്‍ ഉടനെ അംഗീകാരം നല്‍കിയേക്കും. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ തുടരുമ്പോള്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ ഇന്ധനം ലഭ്യമാക്കുന്നതിനുള്ള നീക്കത്തിന് അനുമതി നല്‍കുമെന്ന സൂചന പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നല്‍കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 ല്‍ ഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷന്‍ ഡീസലിന്റെ ഹോം ഡെലിവറി ആരംഭിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രമായിരുന്നു ഇത്.
ഓയ്ല്‍ ബയേഴ്‌സില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഡിമാന്‍ഡ് വളരെ കുറഞ്ഞിരുന്നു. ഏപ്രിലില്‍ 70 ശതമാനമാണ് ഉപഭോഗത്തില്‍ കുറവുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 47 ശതമാനം കുറവാണ് ഇത്തവണത്തെ പെട്രോള്‍ ഉപഭോഗവും. ഡിസലിന്റെ കാര്യത്തില്‍ 35 ശതമാനം കുറവാണ് ഉണ്ടായത്.
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള റിപോസ് എനര്‍ജി എന്ന സ്റ്റാര്‍ട്ടപ്പ് വീട്ടുപടിക്കല്‍ പെട്രോള്‍ എത്തിക്കുന്നതിനുള്ള മൊബീല്‍ പെട്രോള്‍ പമ്പുകള്‍ കൊണ്ടു വരാന്‍ പദ്ധതിയുണ്ടെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തിലുള്ള 3200 മൊബീല്‍ പെട്രോള്‍ പമ്പുകളാണ് ലക്ഷ്യമിടുന്നതെന്നാണ് പൂന ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പിന്റെ പ്രഖ്യാപനം.
ഇതിനു പിന്നാലെ, പെട്രോള്‍, ഡീസല്‍, സിഎന്‍ജി, എല്‍എന്‍ജി, പിഎന്‍ജി തുടങ്ങി എല്ലാ തരത്തിലമുള്ള ഇന്ധനവും ഒറ്റയിടത്ത് ലഭ്യമാകുന്ന തരത്തില്‍ രാജ്യത്തെ പമ്പുകളെ പരിഷ്‌കരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്നാണ് ഈ നടപടിയും നീണ്ടു പോകുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline