ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയ്ക്കിടയിലും ലാഭത്തില്‍ വര്‍ധനയുമായി എണ്ണക്കമ്പനികള്‍

ഉയര്‍ന്ന എണ്ണ വിലയ്ക്കിടയിലും ലാഭത്തില്‍ വര്‍ധനയുമായി രാജ്യത്തെ എണ്ണ വിതരണ കമ്പനികള്‍. 2023-24 സാമ്പത്തിക വര്‍ഷത്തെ നാലാം പാദമായ ജനുവരി-മാര്‍ച്ചില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ലാഭം 23 മടങ്ങ് വര്‍ധിച്ചു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം തുടച്ച് നീക്കി ലാഭത്തിലേക്കെത്തി.

അനലിസ്റ്റുകളുടെ പ്രതീക്ഷകള്‍ക്കൊപ്പമുയര്‍ന്നില്ലെങ്കിലും ലാഭത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് സാധിച്ചു.
എണ്ണ കമ്പനികളുടെ ഈ വളര്‍ച്ച ഓഹരികളിലും പ്രകടമായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ പൊതുമേഖല കമ്പനികളുടെ ഓഹരി വിലയിലുണ്ടായത് 60-97 ശതമാനം കുതിപ്പാണ്.
ഭാരത് പെട്രോളിത്തിന്റെ ഏകീകൃത ലാഭം 23.26 മടങ്ങ് ഉയര്‍ന്ന് 26,673.5 കോടി രൂപയായി. ഒരു വര്‍ഷം മുന്‍പ് ഇത് 1,8070.1 കോടിയായിരുന്നു.
ഹിന്ദുസ്ഥാന്‍ പെട്രോളിയം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8,974.03 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്ത് ഇക്കഴിഞ്ഞ വര്‍ഷം കുറിച്ചത് 14,683.83 കോടി രൂപയുടെ ലാഭം.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലാഭം മുന്‍ വര്‍ഷത്തെ 8,241.82 കോടിയില്‍ നിന്ന് 39,618.84 കോടി രൂപയായി.
വരുമാനത്തിലിടിവ്
അതേസമയം, എണ്ണകമ്പനികളുടെ വരുമാനത്തില്‍ ഇക്കാലയളവില്‍ കുറവുണ്ടായി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വരുമാനം 7.76 ശതമാനം ഇടിഞ്ഞപ്പോള്‍ എച്ച്.പി.സി.എല്ലിന്റെ വരുമാനം 1.64 ശതമാനം ഇടിഞ്ഞു. ഭാരത് പെട്രോളിയത്തിന്റെ വരുമാനത്തിലെ ഇടിവ് 5.31 ശതമാനമാണ്.
എബിറ്റ്ഡ മാര്‍ജിന്‍
ഇന്ത്യന്‍ ഓയിലിന്റെ എബിറ്റ്ഡ മാര്‍ജിന്‍ 5.6 മടങ്ങ് ഉയര്‍ന്ന് 55,631.42 കോടിയായി. 7.18 ശതമാനമാണ് വളര്‍ച്ച.
ഭാരത് പെട്രോളിയത്തിന്റെ എബിറ്റഡ് 4.03 മടങ്ങ് വര്‍ധിച്ച് 44,157.05 കോടിയിലെത്തി. 9.86 ശതമാനമാണ് മാര്‍ജിന്‍ വളര്‍ച്ച. ഓയില്‍ കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ജിന്‍ നേടിയത് ഭാരത് പെട്രോളിയമാണ്.
ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ എബിറ്റ്ഡ 23,016.82 കോടിയായി. തൊട്ടു മുന്‍വര്‍ഷം 9,030.79 കോടിയുടെ എബിറ്റ്ഡ് നഷ്ടമാണ് രേഖപ്പെടുത്തിയത്.

വില്‍പ്പന ഉയർന്നു

മൂന്ന് ഓയില്‍ കമ്പനികളുടെയും വരുമാനത്തില്‍ ഇടിവുണ്ടെങ്കിലും ആഭ്യന്തര വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ വില്‍പ്പന ആഭ്യന്തര വിപണിയില്‍ 8.88 ശതമാനവും കയറ്റുമതിയില്‍ 70.6 ശതമാനവും വളര്‍ച്ച നേടി.
ഇന്ത്യന്‍ ഓയിലിന്റെ ആഭ്യന്തര വില്‍പ്പന 1.83 ശതമാനവും കയറ്റുമതി 5.24 ശതമാനവുമാണ് വര്‍ധിച്ചത്. അതേസമയം ഭാരത് പെട്രോളിയം ആഭ്യന്തര വിപണിയില്‍ 4.33 ശതമാനവും കയറ്റുമതിയില്‍ 1.16 ശതമാനവും വളര്‍ച്ച നേടി.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 9.67 ശതമാനം ഉയര്‍ന്ന് 71.28 ഡോളറില്‍ നിന്ന് 97.69 ഡോളറായി വര്‍ധിച്ച സാഹചര്യത്തിലാണ് പൊതുമേഖലാ കമ്പനികളുടെ ലാഭം ഉയര്‍ന്നെതന്നതാണ് ശ്രദ്ധേയം. തൊട്ട് മുന്‍ സാമ്പത്തിക ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ 26.08 ശതമാനം കുറവുണ്ടായിരുന്നു. 125.28 ഡോളറില്‍ നിന്ന് 70.12 ഡോളറായാണ് താഴ്ന്നത്.
Related Articles
Next Story
Videos
Share it