ഓലയുടേത് കള്ളക്കണക്കോ? വാഹന്‍ പോര്‍ട്ടലുമായി പൊരുത്തക്കേട്, അന്വേഷണ വാര്‍ത്തകള്‍ക്ക് പിന്നാലെ ഓഹരികളില്‍ 4% ഇടിവ്

മഹാരാഷ്ട്രയിലെ ഷോറൂമുകളില്‍ ആര്‍.ടി.ഒ പരിശോധന നടത്തി
Bhavish Aggarwal, the founder of Ola Electric
Bhavish Aggarwal /Image Courtesy: Insta
Published on

ഓലയുടെ വാഹന വില്‍പ്പനകണക്കുകളില്‍ വന്‍ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണം കര്‍ശനമാക്കി ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലായം.

ഫെബ്രുവരിയില്‍ 25,000 വാഹനങ്ങള്‍ വില്‍പ്പന നടത്തിയെന്നായിരുന്നു ഓല ഇലക്ട്രിക്കിന്റെ അവകാശവാദം. അതേസമയം വാഹന്‍ പോര്‍ട്ടലിലെ കണക്കുകളനുസരിച്ച് 8,600 വാഹനങ്ങള്‍ മാത്രമാണ് വിറ്റത്.

സ്‌കൂട്ടറുകള്‍ പിടിച്ചെടുത്തു

അന്വേഷണത്തിന്റെ ഭാഗമായി മഹാരാഷ്ട്ര ആര്‍.ടി.ഒ അതോറിറ്റി ഓലയുടെ സംസ്ഥാനത്തെ വിവിധ ഷോറൂമുകളില്‍ പരിശോധന നടത്തിയതായി സി.എന്‍.ബി.സി-ടി.വി18 റിപ്പോര്‍ട്ട് ചെയ്തു.

വാഹനങ്ങളുടെ രേഖകള്‍ കൃത്യമാണോയെന്നും സാധുവായ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്നുമാണ് പരിശോധിച്ചത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈയിലും പൂനെയിലുമായി 36 സ്‌കൂട്ടറുകള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ട് പറയുന്നു.

ഓല ഇലക്ട്രിക്കിനെതിരായ അന്വേഷണ നടപടികള്‍ മഹാരാഷ്ട്രയ്ക്ക് പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ്. പഞ്ചാബില്‍, ഒന്നിലധികം ഓല ഇലക്ട്രിക് സ്റ്റോറുകള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ടുണ്ട്, അതേസമയം ജബല്‍പൂരില്‍, സാധുവായ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വില്‍ക്കുന്ന രജിസ്റ്റര്‍ ചെയ്യാത്ത സ്‌കൂട്ടറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍ടിഒ അധികൃതര്‍ കമ്പനിക്ക് നോട്ടീസ് നല്‍കിയതായും അറിയുന്നു. അതേസമയം, അന്വേഷണത്തെ കുറിച്ച് ഓല ഇലക്ട്രിക് ഔദ്യോഗികമായ പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.

ഓഹരികളില്‍ ഇടിവ്

വാഹന വില്‍പ്പന കണക്കുകളിലെ പൊരുത്തക്കേടുകള്‍ പുറത്തു വന്നതോടെ ഓല ഇലക്ട്രിക് ഓഹരികള്‍ ഇന്ന് നാല് ശതമാനത്തിലധികം ഇടിഞ്ഞു. കഴിഞ്ഞ ഒരു മാസമായി വില്‍പ്പന സമ്മര്‍ദ്ദത്തിലായ ഓഹരി 14 ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഓഹരിയുടെ വീഴ്ച 54 ശതമാനമാണ്. ഈ വര്‍ഷം ഇതുവരെയുള്ള ഇടിവ് 40 ശതമാനവും. ലിസ്റ്റിംഗ് പ്രൈസിനേക്കാള്‍ വലിയ ഇടിവിലാണ് ഓഹരി ഇപ്പോള്‍. 2024 ഓഗസ്റ്റിലാണ് ഓല ഇലക്ട്രിക് മൊബിലിറ്റി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. എന്‍.എസ്.ഇയില്‍ 76 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഓഹരിയുടെ വില പിന്നീട് 157.53 രൂപ വരെ എത്തി. എന്നാല്‍ മാര്‍ച്ച് 18ന് വില 46.32 രൂപയെന്ന 52 ആഴ്ചയിലെ താഴ്ന്ന വിലയും രേഖപ്പെടുത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com