ഏഷ്യയും കടന്ന് യൂറോപ്പിലേക്ക്, കയറ്റുമതിക്കൊരുങ്ങി ഒല
രാജ്യത്തെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ (e-scooter) നിര്‍മാതാക്കളായ ഒല (Ola Electric) കയറ്റുമതിക്ക് ഒരുങ്ങുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അടുത്ത പാദത്തോടെ അന്താരാഷട്ര വിപണിയിലേക്ക് എത്തുമെന്ന് ഒല അറിയിച്ചു. ഒലയുടെ എസ്1, എസ്1 പ്രൊ സ്‌കൂട്ടറുകള്‍ ആദ്യം കയറ്റി അയക്കുക നേപ്പാളിലേക്ക് ആയിരിക്കും. പിന്നീട് ലാറ്റിന്‍ അമേരിക്കന്‍, ആസിയാന്‍ വിപണികളിലേക്കും ഒല പ്രവേശിക്കും.
ഈ വിപണികളില്‍ സാന്നിധ്യം ഉറപ്പിച്ച ശേഷമായിരിക്കും യൂറോപ്പില്‍ ഒല സ്‌കൂട്ടറുകളുടെ വില്‍പ്പന ആരംഭിക്കുക. നേപ്പാളില്‍ വില്‍പ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക വിതരണക്കാരായ സിജി മോട്ടോഴ്‌സുമായി ഒല ധാരൃണപത്രം ഒപ്പിട്ടിട്ടുണ്ട്. ഒല അന്താരാഷ്ട്ര വിപണിയിലേക്ക് എത്തുന്നത്, ഇവി വിപ്ലവത്തെ ഇന്ത്യ നയിക്കുന്നു എന്നതിന് തെളിവാണെന്ന് ഒല സ്ഥാപനും സിഇഒയുമായ ഭവീഷ് അഗര്‍വാള്‍ (Bhavish Aggarwal) പറഞ്ഞു.
രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഏഴാമതാണ് ഓല. കഴിഞ്ഞ ഓഗസ്റ്റില്‍ 3,421 സ്‌കൂട്ടറുകളാണ് കമ്പനി വിറ്റത്. ഒന്നാം സ്ഥാനത്തുള്ള ഹീറോ ഇലക്ട്രിക് വിറ്റത് 10,476 സ്‌കൂട്ടറുകളാണ്. 2024ഓടെ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഒല.