വാച്ചിന്റെ വില 5 ലക്ഷം മുതല്‍, പക്ഷേ സമ്പന്നര്‍ക്ക് കമ്പം 'റോളക്‌സ്'നോട്
വില ഉയരുന്നുണ്ടെങ്കിലും സ്വിസ് വാച്ചുകളുടെ ആവശ്യം ഇപ്പോഴും ശക്തമായി തുടരുകയാണെന്ന് ഒമേഗ വാച്ചുകളുടെ നിര്‍മ്മാതാക്കളായ സ്വാച്ച് ഗ്രൂപ്പ് എജിയും യു.കെയുടെ റോളക്സും പറഞ്ഞു. ചൈനയിലെയും യു.എസിലെയും ശക്തമായ ഡിമാന്‍ഡ് കാരണം വരുമാനം ഈ വര്‍ഷം റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്ന് കമ്പനി പറഞ്ഞിരുന്നു. വില വര്‍ധിപ്പിച്ചിട്ടും ഈ ആഡംബര വാച്ചുകളുടെ ഡിമാന്‍ഡ് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷം 24 ബില്യണ്‍ സ്വിസ് ഫ്രാങ്ക് (ഏകദേശം രണ്ടേകാൽ ലക്ഷം കോടി രൂപ) എന്ന റെക്കോര്‍ഡില്‍ സ്വിസ് വാച്ച് കയറ്റുമതി 2023ല്‍ വര്‍ധിച്ചിരുന്നു. ഇതില്‍ ഏറ്റവും കുറഞ്ഞ വിലയുള്ള വിഭാഗത്തിലാണ് വളര്‍ച്ച ഏറ്റവും ശക്തമായതെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്തു. സ്വിറ്റ്സര്‍ലന്‍ഡില്‍ 50% വില്‍പ്പന വര്‍ധനവ് രേഖപ്പെടുത്തി. തായ്ലന്‍ഡ്, മക്കാവു, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ വിപണികളിലും ശക്തമായ വളര്‍ച്ചയുണ്ടായി. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.
റോളക്‌സും ഒമേഗയും ഇന്ത്യയും
റോളക്‌സും ഒമേഗയും ലോകത്തിലെ ഏറ്റവും ജനപ്രിയമായ രണ്ട് ലക്ഷ്വറി വാച്ച് ബ്രാന്‍ഡുകളാണ്. അവ ഇന്ത്യയിലും വളരെ ജനപ്രിയമാണ്. പല ഇന്ത്യക്കാരും സ്റ്റാറ്റസ് സിംബലുകളായി ഈ വാച്ചുകള്‍ കാണുന്നുണ്ട്. ഇന്ത്യയില്‍ സെലിബ്രിറ്റികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമിടയില്‍ റോളക്‌സ് വാച്ച് കൂടുതല്‍ തിളങ്ങുമ്പോള്‍ ഒമേഗ വാച്ച് ഇവിടെ കൂടുതല്‍ വളരുന്നത് യുവ പ്രൊഫഷണലുകള്‍ക്കിടയിലാണ്.
ഇന്ത്യയില്‍ ഒരു റോളക്‌സ് വാച്ചിന്റെ ശരാശരി വില ആരംഭിക്കുന്നത് ഏകദേശം 5 ലക്ഷം രൂപയിലാണ്. ഇവിടെ ഒമേഗ വാച്ചിന്റെ ശരാശരി വില ആരംഭിക്കുന്നത് 2 ലക്ഷം രൂപയിലും. സബ്മറൈനര്‍, ഡേറ്റ്ജസ്റ്റ്, ജി.എം.ടി-മാസ്റ്റര്‍ എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ റോളക്‌സ് വാച്ചുകള്‍. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഒമേഗ വാച്ചുകള്‍ സ്പീഡ്മാസ്റ്റര്‍, സീമാസ്റ്റര്‍, കോണ്‍സ്റ്റലേഷന്‍ എന്നിവയാണ്.