സ്വര്‍ണത്തിന് പൊന്നോണം! മലയാളികൾ വാങ്ങിയത് ₹5,000 കോടിയുടെ ആഭരണങ്ങള്‍

സംസ്ഥാനത്ത് ഇക്കുറി ഓണക്കാലത്ത് കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താല്‍ കേരളീയര്‍ വാങ്ങിക്കൂട്ടിയത് 5,000 കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍. കഴിഞ്ഞ വര്‍ഷം ഓണക്കാലത്തേക്കാള്‍ 20-25 ശതമാനം അധികമാണിത്. കഴിഞ്ഞ ഓണത്തിന് 4,000-4,200 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്.

കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള വിലക്കുറവ്, വിവാഹ സീസണ്‍, ഓണം ഓഫറുകള്‍ എന്നിവയും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉപയോക്തൃ സാമ്പത്തികശേഷി മെച്ചപ്പെട്ടതും ഇത്തവണ വില്‍പന കൂടാന്‍ സഹായിച്ചുവെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍
ധനം ഓണ്‍ലൈന്‍.കോമിനോട്
പറഞ്ഞു.
കൂടുന്ന വില്‍പന
സാധാരണ ഒരുദിവസം കേരളത്തില്‍ 250-300 കോടി രൂപയുടെ കച്ചവടമാണ് നടക്കാറുള്ളത്. അക്ഷയതൃതീയ, ഓണം വേളകളില്‍ ഇത് വന്‍തോതില്‍ കൂടാറുണ്ട്. ഇക്കുറി ഓണക്കാലത്ത് കഴിഞ്ഞ 10 ദിവസങ്ങളിലായി ശരാശരി 500 കോടി രൂപയുടെ പ്രതിദിന വില്‍പന നടന്നുവെന്നാണ് വിലയിരുത്തലെന്ന് എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. സാധാരണ ദിവസങ്ങളില്‍ മലയാളികള്‍ ശരാശരി 600 കിലോഗ്രാം സ്വര്‍ണം വാങ്ങാറുണ്ടെങ്കില്‍ ഇത്തവണ ഓണനാളുകളില്‍ അത് 800 കിലോയ്ക്കും മേലെയാണ്.
രണ്ട് ഗ്രാം മുതല്‍ 4 ഗ്രാം വരെയുള്ള ചെറിയ പര്‍ച്ചേസുകളാണ് ഇക്കുറി കൂടുതലും നടന്നത്. കഴിഞ്ഞ അക്ഷയതൃതീയയില്‍ പാതിയിലേറെയും എക്‌സ്‌ചേഞ്ച് പര്‍ച്ചേസുകളായിരുന്നു. എന്നാല്‍, ഈ ഓണത്തിന് എക്‌സ്‌ചേഞ്ചുകള്‍ പാതിയിലും താഴെയാണെന്ന് അദ്ദേഹം പറഞ്ഞു.
വിലക്കുറവ് നേട്ടമായി
കഴിഞ്ഞ മേയ് അഞ്ചിന് 45,760 രൂപയായിരുന്നു ഒരു പവന്‍ വില; ഗ്രാമിന് 5,720 രൂപയും. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു അത്. എന്നാല്‍, ഓണമായപ്പോഴേക്കും വില പവന് 43,600 രൂപയും ഗ്രാമിന് 5,430 രൂപയുമാണ്. അതായത് പവന് 2,160 രൂപയും ഗ്രാമിന് 290 രൂപയും കുറഞ്ഞു.
ഇക്കഴിഞ്ഞ മേയില്‍ ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങാന്‍ മൂന്ന് ശതമാനം ജി.എസ്.ടി., 53.10 രൂപ എച്ച്.യു.ഐ.ഡി ഫീസ് (45 രൂപയും 18 ശതമാനം ജി.എസ്.ടിയും), കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ചേര്‍ത്ത് ഏകദേശം 6,200 രൂപ കൊടുക്കണമായിരുന്നു. ഒരു പവന്‍ ആഭരണത്തിന് വേണ്ടിയിരുന്നത് 49,600 രൂപയും.
എന്നാല്‍, ഇപ്പോള്‍ വില കുറഞ്ഞതോടെ ഒരു ഗ്രാം ആഭരണത്തിന് ഏറ്റവും കുറഞ്ഞത് 5,900 രൂപയും ഒരു പവന്‍ ആഭരണത്തിന് 47,200 രൂപയും മതി. അതായത്, മേയ് മാസത്തെ അപേക്ഷിച്ച് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയും കുറവ്. ഇത്, ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ടെന്ന് വിതരണക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഓഫറുകളും തുണച്ചു
സംസ്ഥാനത്തെ എല്ലാ സ്വര്‍ണാഭരണ വിതരണക്കാരെയും ഉള്‍ക്കൊള്ളിച്ച് എ.കെ.ജി.എസ്.എം.എ സംഘടിപ്പിച്ച 'ഓണം സ്വര്‍ണോത്സവം' ക്യാമ്പയിനും വില്‍പന വര്‍ദ്ധനയ്ക്ക് സഹായിച്ചുവെന്നാണ് വിലയിരുത്തല്‍. ഡിന്നര്‍ സെറ്റ് മുതല്‍ സ്‌കൂട്ടറുകളും കാറും സ്വര്‍ണനാണയവും ആഭരണങ്ങളും വരെയാണ് ക്യാമ്പയിനിലൂടെ ഉപയോക്താക്കള്‍ക്ക് ഓണസമ്മാനമായി ലഭ്യമാക്കിയത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it