ഓണവിപണി: '5ജി' ചിറകില്‍ സ്മാര്‍ട്ട്‌ഫോണ്‍; വില്‍പന ₹2,000 കോടി കടന്നേക്കും

ഓണമിങ്ങെത്തിയതോടെ, കച്ചവടവും ഉഷാര്‍. ഇക്കുറി ഓണസീസണ്‍ താരതമ്യേന ചെറുതാണെന്ന പരിഭവം മാത്രമേ കച്ചവടക്കാര്‍ക്കുള്ളൂ. സാധാരണ ഓഗസ്റ്റില്‍ തുടങ്ങി സെപ്തംബറിലും ഓണത്തിന്റെ ആരവമുണ്ടാകും. ഇത്തവണ പക്ഷേ, ഓഗസ്റ്റില്‍ തന്നെയാണ് ആഘോഷ മേളങ്ങള്‍.

ഓഫറുകളും വിവിധ ഫിനാന്‍സ് സ്‌കീമുകളും സമ്മാനങ്ങളും എക്‌സ്റ്റന്‍ഡഡ് വാറന്റി അടക്കമുള്ള ആകര്‍ഷക ആനുകൂല്യങ്ങളും ഓണവിപണിക്ക് ഇത്തവണ കരുത്താകുമെന്നാണ് പ്രതീക്ഷയെന്ന് പ്രമുഖ ഗൃഹോപകരണ റീട്ടെയില്‍ ശൃംഖലയായ അജ്മല്‍ ബിസ്മിയുടെ സാരഥി വി.എ. അജ്മല്‍ 'ധനംഓണ്‍ലൈന്‍.കോമിനോട്' പറഞ്ഞു. കൊവിഡും പ്രളയവും മറ്റ് സാമ്പത്തിക ഞെരുക്കവും അലട്ടിയ കഴിഞ്ഞ വര്‍ഷങ്ങളിലെ ഓണത്തെ അപേക്ഷിച്ച് ഇക്കുറി വന്‍ തിരിച്ചുകയറ്റമാണ് വിപണി പ്രതീക്ഷിക്കുന്നത്.
₹2,000 കോടി കടക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍
കഴിഞ്ഞ മാസങ്ങളിലെ കണക്കെടുത്താല്‍ ശരാശരി 600-650 കോടി രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പന കേരളത്തിൽ നടക്കുന്നുണ്ട്. കൊവിഡിന് മുമ്പ് 2019ലെ ഓണക്കാലത്ത് 800-1,000 കോടി രൂപയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഓണം സീസണില്‍ മലയാളികള്‍ വാങ്ങിയിരുന്നു.
കൊവിഡ്, ലോക്ക്ഡൗണ്‍, പ്രളയം, മറ്റ് സാമ്പത്തികഞെരുക്കം തുടങ്ങിയവ മൂലം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിപണി തിരിച്ചടി നേരിട്ടു. 2022ലെ ഓണക്കാലത്ത് പ്രതിസന്ധി അയഞ്ഞതോടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പന 1,600-1,665 കോടി രൂപയിലെത്തിയെന്നാണ് വിതരണക്കാരില്‍ നിന്നുള്ള കണക്ക്.
ഇത്തവണത്തേത് 5ജി സാങ്കേതികവിദ്യ എത്തിയ ശേഷമുള്ള ആദ്യ ഓണമാണ്. ഇതിന് പുറമേ ഫോണുകളില്‍ എ.ഐ അടക്കം നിരവധി പുത്തന്‍ ആകര്‍ഷണങ്ങളും ഇടംപിടിച്ചിരിക്കുന്നു. ഈ കരുത്തിൽ ഇക്കുറി വില്‍പനമൂല്യം 2,000 കോടി രൂപ കവിയുമെന്നാണ് വിതരണക്കാരുടെ പ്രതീക്ഷ.
ടിവിയില്‍ പുതിയ ട്രെന്‍ഡ് 43 ഇഞ്ച്
ഓണക്കാലത്ത് മലയാളികള്‍ ശരാശരി ഒരുലക്ഷം പുതിയ ടിവി വാങ്ങാറുണ്ട് എന്നാണ് വിപണിയുടെ വിലയിരുത്തല്‍. ഇതില്‍ 35,000-40,000 എണ്ണമാണ് ബ്രാന്‍ഡഡ് ശ്രേണിയില്‍ പ്രതീക്ഷിക്കുന്നത്. നേരത്തേ 32 ഇഞ്ചായിരുന്നു ഉപയോക്താക്കള്‍ താത്പര്യപ്പെടുന്ന അടിസ്ഥാന ടിവി പതിപ്പെങ്കില്‍ ഇക്കുറി പ്രിയം 43 ഇഞ്ചിനാണെന്ന് പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ മൈജിയുടെ അധികൃതര്‍ പറഞ്ഞു. സ്മാര്‍ട്ട് ടിവി, ആന്‍ഡ്രോയിഡ് ടിവി എന്നിവയ്ക്ക് വലിയ സ്വീകാര്യതയുണ്ട്. 55 ഇഞ്ച് സ്ക്രീനിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവരും ഏറെ. കേരളത്തിന്റെ മൊത്തം പ്രതിവര്‍ഷ ടിവി വില്‍പനയുടെ 35-40 ശതമാനം നടക്കുന്നത് ഓണക്കാലത്താണ്.
കമ്പ്യൂട്ടറും റഫ്രിജറേറ്ററും വാഷിംഗ് മെഷീനും
പുതിയ ലാപ്‌ടോപ്പ്, ഡെസ്‌ക്‌ടോപ്പ്, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മിക്‌സി, ഓവന്‍, എ.സി തുടങ്ങിയവ വാങ്ങാനും മലയാളികള്‍ തിരഞ്ഞെടുക്കുന്ന സീസണ്‍ കൂടിയാണ് ഓണം. ലാപ്‌ടോപ്പ് അടക്കം ഏകദേശം 1,500 കോടി രൂപയുടെ കമ്പ്യൂട്ടര്‍ വില്‍പന കേരളത്തില്‍ ഒരുവര്‍ഷം നടക്കാറുണ്ട്. ഇതില്‍ 350-400 കോടി രൂപയുടേതാണ് ഓണക്കാല വില്‍പന. ഇക്കുറി ഓണവില്‍പന 500 കോടി രൂപ കടക്കുമെന്നാണ് വിലയിരുത്തല്‍.
റഫ്രിജറേറ്റര്‍, മിക്‌സി, വാഷിംഗ് മെഷീന്‍ എന്നിവയുടെ വാര്‍ഷിക വില്‍പന 4,000-4,500 കോടി രൂപയുടേതാണ്. ഇതില്‍ പാതിയും നടക്കുന്നത് ഓണക്കാലത്തും. ഇക്കുറിയും സമാന ട്രെന്‍ഡ് പ്രതീക്ഷിക്കുന്നു. കമ്പനികളും ഡീലര്‍മാരും നല്‍കുന്ന പ്രത്യേക ഓഫറുകള്‍, ഡിസ്‌കൗണ്ട്, സമ്മാനങ്ങള്‍ തുടങ്ങിയവയാണ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്. ഫിനാന്‍സ് സ്‌കീം വഴിയുള്ള കച്ചവടവും കൂടുതലാണ്.
കര്‍ക്കടകത്തോടെ പണിയൊക്കെ പൂര്‍ത്തിയാക്കി പുത്തന്‍ വീടിന്റെ ഗൃഹപ്രവേശം ചിങ്ങത്തില്‍ നടത്തുന്ന മലയാളികള്‍ ഏറെയാണ്. റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ എന്നിവയുടെ വില്‍പനയ്ക്ക് ഇത് വലിയൊരു ഘടകമാണ്. എ.സിയുടെ സീസണ്‍ സാധാരണ വേനല്‍ക്കാലമാണ്. എന്നാല്‍, പുതിയ വീടുകളിലേക്ക് ചുവടുവയ്ക്കുന്നവരില്‍ ഒരുവിഭാഗം എ.സിയോടും താത്പര്യം കാട്ടാറുള്ളതിനാല്‍ ഓണക്കാലത്തും ഭേദപ്പെട്ട വില്‍പന നടക്കാറുണ്ട്.
ഓണക്കോടിക്കും തിളക്കം
ഓണക്കോടി ഇല്ലാതെന്ത് ഓണം! ഓണക്കാലത്തെ പ്രധാന കച്ചവടം തന്നെ സംഘടിത, അസംഘടിത മേഖലകളിലായി നടക്കുന്ന വസ്ത്ര വില്‍പനയാണ്. ഓഫറുകളും ആനുകൂല്യങ്ങളും പുത്തന്‍ സ്‌റ്റോക്കുകളുമൊക്കെയാണ് വിതരണക്കാര്‍ കളംനിറഞ്ഞ് കഴിഞ്ഞു. കേരളത്തിന്റെ വാര്‍ഷിക വസ്ത്ര വില്‍പനയുടെ 30-40 ശതമാനം നടക്കുന്നത് ഓണം സീസണിലാണ്. ഇക്കുറി ഓണക്കാലത്ത് ഏകദേശം 8,000 കോടി രൂപയുടെ വസ്ത്ര വില്‍പന നടക്കുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
പൊന്നിനും പ്രിയം
ചിങ്ങമാസം വന്നുചേര്‍ന്നാല്‍ കല്യാണങ്ങളുടെയും മേളമാണ്. അക്ഷയതൃതീയ കഴിഞ്ഞാല്‍ ഏറ്റവുമധികം സ്വര്‍ണാഭരണ വില്‍പന നടക്കുന്ന സീസണുമാണിത്. സാധാരണ ഒരുദിവസം കേരളത്തില്‍ 250-300 കോടി രൂപയുടെ സ്വര്‍ണം വിറ്റുപോകാറുണ്ട്. ഓണക്കാലത്ത് ശരാശരി ഇത് 400-500 കോടി രൂപയിലെത്തും. കഴിഞ്ഞ മേയില്‍ 45,000 രൂപ കടന്ന പവന്‍വില ഇപ്പോഴുള്ളത് 43,700 രൂപനിരക്കിലാണ്. ഈ വിലക്കുറവും ആഭരണപ്രേമികളെ ആകര്‍ഷിക്കുന്നുണ്ട്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it