ഒഎന്‍ഡിസി സേവനം ഇനി സ്‌നാപ്ഡീലിലും, നഗരങ്ങളുടെ എണ്ണം 15 ആയി ഉയര്‍ത്തി
ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഡിജിറ്റല്‍ കൊമേഴ്‌സ് (ഓഎന്‍ഡിസി -ONDC) പരീക്ഷണാര്‍ത്ഥം സേവനങ്ങള്‍ നല്‍കുന്ന നഗരങ്ങളുടെ എണ്ണം 15 ആയി ഉയര്‍ത്തി. അടുത്ത മാസം ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് നഗരങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാം സ്‌നാപ്ഡീലും ഒഎന്‍ഡിസി നെറ്റ്‌വര്‍ക്കിന്റെ ഭാഗമാവും.
അടുത്ത മാസം മുതലാണ് സ്‌നാപ്ഡീലില്‍ ഒഎന്‍ഡിസി സേവനങ്ങള്‍ ലഭ്യമാവുക. ഇന്ത്യ ഓട്ടോകെ സേവനം ലഭ്യമാകുന്ന തരത്തിലായിരിക്കും സ്‌നാപ്ഡീല്‍ സേവനം അവതരിപ്പിക്കുന്നത്. ഫാഷന്‍, ഹോം ആന്‍ഡ് ബ്യൂട്ടി, പേഴ്‌സണല്‍ കെയര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിരിക്കും സ്‌നാപ്ഡീലില്‍ ഒഎന്‍ഡിസി സേവനങ്ങള്‍ ലിസ്റ്റ് ചെയ്യുക.
പേയ്ടിഎമ്മിന് പിന്നാലെ ഒഎന്‍ഡിസിയുമായി കരാറിലെത്തുന്ന രണ്ടാമത്തെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫാണ് സ്‌നാപ്ഡീല്‍. കഴിഞ്ഞ ഏപ്രില്‍ 29ന് ആണ് ഒഎന്‍ഡിസി നെറ്റ്‌വര്‍ക്ക് പരീക്ഷണാര്‍ത്ഥം അവതരിപ്പിച്ചത്. നൂറോളം കച്ചവടക്കാര്‍ ഇതുവരെ ഒഎന്‍ഡിസിയുടെ ഭാഗമായിട്ടുണ്ട്. നിലവില്‍ ഫണ്ട് സമാഹരണത്തിനുള്ള നീക്കവും ഒഎന്‍ഡിസി നടത്തുന്നുണ്ട്. ഇതുവരെ 157 കോടി രൂപയാണ് ഒഎന്‍ഡിസി സമാഹരിച്ചത്.
എന്താണ് ഒഎന്‍ഡിസി
യുപിഐ സേവനങ്ങള്‍ ഉപയോഗിക്കും പോലെ ഏതൊരു പ്ലാറ്റ്‌ഫോമില്‍ നിന്നും ഉപയോഗിക്കാനാവുന്ന ഇ-കൊമേഴ്‌സ് നെറ്റ്‌വര്‍ക്ക് ആണ് ഒഎന്‍ഡിസി. ഫ്‌ലിപ്കാര്‍ട്ട് ഉള്‍പ്പടെയുള്ള വിവിധ ആപ്ലിക്കേഷനുകള്‍ ( buyer applications ) ഒഎന്‍ഡിസി നെറ്റ്‌വര്‍ക്കിന്റെ ഭാഗമായേക്കും. ആപ്ലിക്കേഷന്‍ ഏതായാലും ഉപഭോക്താക്കള്‍ക്ക് ഒഎന്‍ഡിസി നെറ്റ്വര്‍ക്കിലെ വില്‍പ്പനക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. ഒരു ഇ-കൊമേഴ്സ് (E- Commerce Company) കമ്പനികളുടെയും സഹായമില്ലാതെ തന്നെ ഒഎന്‍ഡിസിയിലൂടെ വലിയ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാകാമെന്നതാണ് ചെറുകിട സംരംഭകരെ സംബന്ധിച്ചുള്ള നേട്ടം.
കൂടുതല്‍ സേവനങ്ങള്‍ വിവിധ വില നിലവാരത്തില്‍ ലഭിക്കുമെന്നതാണ് ഒന്‍ഡിസി പ്ലാറ്റ്‌ഫോം കൊണ്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണം. പ്രാദേശിക തലത്തില്‍ ചെറുകിട കച്ചവടക്കാര്‍ ഒഎന്‍ഡിസിയുടെ ഭാഗമാവുമ്പോള്‍ കൂടുതല്‍ വേഗത്തില്‍ ഡെലിവറിയും സാധ്യമാവും. ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ നിന്ന് വമ്പന്‍ ബ്രാന്‍ഡുകള്‍ ഉയര്‍ത്തുന്ന മത്സരം നേരിടാന്‍ ചെറുകിട കച്ചവടക്കാരെ പ്ലാറ്റ്ഫോം പ്രാപ്തരാക്കും എന്നാണ് വിലയിരുത്തല്‍.