ഒഎന്‍ഡിസി കേരളത്തിലേക്ക്; ചെറുകിട സംരംഭകരെ കാത്തിരിക്കുന്നത് ഇ-കൊമേഴ്‌സിന്റെ വമ്പന്‍ സാധ്യതകള്‍

പണം കൈമാറ്റത്തിന് യുപിഐ പോലെ ഇ-കൊമേഴ്സ് രംഗത്ത് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഒന്‍ഡിസി നെറ്റ്വര്‍ക്ക് (open network for digital commerce-ONDC) കേരളത്തിലേക്കും എത്തുന്നു. മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ കച്ചവടക്കാര്‍ക്ക് ഒഎന്‍ഡിസിയുടെ ഭാഗമാവാന്‍ സാധിച്ചേക്കും. ഇതിനായി സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് ഒഎന്‍ഡിസിയുടെ എംഡിയും സിഇഒയുമായ ടി കോശി ധനം ഓണ്‍ലൈനോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുമായും മറ്റ് സ്ഥാപനങ്ങളുമായും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുക. കേരളത്തിലെ ചെറുകിട സംരംഭകരെ ഒഎന്‍ഡിസി പരിചയപ്പെടുത്താനായി പ്രത്യേക പ്രചാരണ പദ്ധതികള്‍ നടത്തുമെന്ന് ടി കോശി അറിയിച്ചു. ഈ മാസം അവസാനം കേരളത്തിലെ തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ക്കായി ഒഎന്‍ഡിസി ഒരു വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഒഎന്‍ഡിസി കോംപാറ്റബിള്‍ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കാന്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. ഇതിനായി ഒഎന്‍ഡിസി ഹാക്കത്തോണ്‍ സംഘടിപ്പിക്കും.

നബാര്‍ഡുമായി ചേര്‍ന്ന് ഒഎന്‍ഡിസി കഴിഞ്ഞ ദിവസം കാര്‍ഷിക മേഖലയ്ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിച്ചിരുന്നു. റീട്ടെയില്‍-റെസ്റ്റോറന്റ് മേഖലയെ ഒഎന്‍ഡിസി നെറ്റ്‌വര്‍ക്കിലേക്ക് എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന. കച്ചവടക്കാര്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാവാന്‍ തയ്യാറാവുന്ന മുറയ്ക്ക് ഒഎന്‍ഡിസി സേവനങ്ങള്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ എത്തിത്തുടങ്ങും. ഇതിന് 3-6 മാസം വരെ സമയമെടുക്കുമെന്ന് ടി കോശി വ്യക്തമാക്കി.

ഫ്ലിപ്കാര്‍ട്ടും ആമസോണും എത്തിയേക്കും; ഒഎന്‍ഡിസിയുടെ സാധ്യതകള്‍

പേയ്ടിഎമ്മിന് പിന്നാലെ രാജ്യത്തെ രണ്ട് പ്രമുഖ ഇ-കൊമേഴ് പ്ലാറ്റ്‌ഫോമുകള്‍ ഒഎന്‍ഡിസി നെറ്റ്‌വര്‍ക്കിന്റെ ഭാഗമാവും. എന്നാല്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ ഏതാണെന്ന് വെളിപ്പെടുത്താന്‍ ഒഎന്‍ഡിസി തയ്യാറായില്ല. ഫ്ലിപ്കാര്‍ട്ടും ആമസോണുമാണ് ഈ പ്ലാറ്റ്‌ഫോമുകളെന്നാണ് വിവരം. നിലവില്‍ രാജ്യത്തെ ആറു നഗരങ്ങളിലാണ് ഒഎന്‍ഡിസി സേവനം പരീക്ഷണാര്‍ത്ഥം നടപ്പാക്കുന്നത്.

വിവിധ ആപ്ലിക്കേഷനുകള്‍ ( buyer applications ) ഒഎന്‍ഡിസി നെറ്റ്വര്‍ക്കിന്റെ ഭാഗമാവും. നിലവില്‍ ഫോണ്‍പേയിലും ഗൂഗിള്‍ പേയിലും തുടങ്ങി ബാങ്ക് ആപ്ലിക്കേഷനുകളില്‍ വരെ ലഭ്യമാകുന്ന യുപിഐ സേവനം പോലെ ഒഎന്‍ഡിസി നെറ്റ്വര്‍ക്കിന്റെ സേവനങ്ങളും ഇത്തരം പ്ലാറ്റ്ഫോമുകളില്‍ ലഭിക്കും. ആപ്ലിക്കേഷന്‍ ഏതായാലും ഉപഭോക്താക്കള്‍ക്ക് ഒഎന്‍ഡിസി നെറ്റ്വര്‍ക്കിലെ വില്‍പ്പനക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം.

ഒരു ഇ-കൊമേഴ്സ് (eCommerce Company) കമ്പനികളുടെയും സഹായമില്ലാതെ തന്നെ് ഒഎന്‍ഡിസിയിലൂടെ വലിയ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാകാമെന്നതാണ് ചെറുകിട സംരംഭകരെ സംബന്ധിച്ചുള്ള നേട്ടം. കൂടുതല്‍ സേവനങ്ങള്‍ വിവിധ വില നിലവാരത്തില്‍ ലഭിക്കുമെന്നതാണ് ഒന്‍ഡിസി പ്ലാറ്റ്‌ഫോം കൊണ്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണം. പ്രാദേശിക തലത്തില്‍ ചെറുകിട കച്ചവടക്കാര്‍ ഒഎന്‍ഡിസിയുടെ ഭാഗമാവുമ്പോള്‍ കൂടുതല്‍ വേഗത്തില്‍ ഡെലിവറിയും സാധ്യമാവും. ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ നിന്ന് വമ്പന്‍ ബ്രാന്‍ഡുകള്‍ ഉയര്‍ത്തുന്ന മത്സരം നേരിടാന്‍ ചെറുകിട കച്ചവടക്കാരെ പ്ലാറ്റ്ഫോം പ്രാപ്തരാക്കും എന്നാണ് വിലയിരുത്തല്‍.


Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it