പാപ്പരായ കമ്പനിയില്‍ നിന്ന് നേട്ടത്തിന്റെ നെറുകയിലേക്ക്: ഓങ്കാര്‍ എസ്. കന്‍വര്‍
''വിജയം എന്നാല്‍ എല്ലായ്പ്പോഴും മഹത്തായ കാര്യങ്ങള്‍ ചെയ്യല്‍ മാത്രമല്ല, മറിച്ച് അത് സുസ്ഥിരതയോടെയുള്ള യാത്രയാണ്. നിരന്തരമായ കഠിനാധ്വാനം വിജയത്തിലേക്ക് നയിക്കും. മഹത്വം അതിന്റെ പിന്നാലെയെത്തും'' അപ്പോളോ ടയേഴ്സിന്റെ 50ാമത് വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ ചെയര്‍മാന്‍ ഓംങ്കാര്‍ എസ്. കന്‍വര്‍ തന്റെ പ്രസംഗം ആരംഭിച്ചതു തന്നെ ഇങ്ങനെയാണ്. 2022ല്‍ ഇതാദ്യമായി വാര്‍ഷിക വിറ്റുവരവ് 300 കോടി ഡോളര്‍ കടന്ന അപ്പോളോ ടയേഴ്സിന്റെ വിജയമന്ത്രം സുസ്ഥിരതയാണെന്ന് അടിവരയിട്ട് പറയുകയാണ് ഓങ്കാര്‍.
''ഈ കണക്കുകള്‍ കാണുമ്പോള്‍ ഞാന്‍ എവിടെ നിന്ന്, എങ്ങനെയാണ് ഈ കമ്പനിയുടെ ആരംഭമെന്ന കാര്യം ഓര്‍ത്തുപോവുകയാണ്. കേരളത്തില്‍ ഒരേ ഒരു പ്ലാന്റുമായി ഏതാണ്ട് പാപ്പരായി നില്‍ക്കുന്ന അവസ്ഥ. അവിടെ നിന്നാണ് 300 കോടി ഡോളര്‍ വിറ്റുവരവുള്ള, ഇന്ത്യയിലും യൂറോപ്പിലും പ്ലാന്റുകളുള്ള, 100ലേറെ രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയായി അപ്പോളോ ടയേഴ്സ് വളര്‍ന്നത്'' ഓങ്കാര്‍ പറയുന്നു.2022 സാമ്പത്തിക വര്‍ഷത്തില്‍ അപ്പോളോ ടയേഴ്സ് 17% വളര്‍ച്ചയാണ് കൈവരിച്ചത്. ഇന്ത്യന്‍ ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനത്തില്‍ 18 ശതമാനവും യൂറോപ്യന്‍ ഓപ്പറേഷന്‍സില്‍ നിന്നുള്ളത് 11 ശതമാനവും വളര്‍ച്ച നേടി.
അപ്പോളോ ടയേഴ്സിന്റെ വളര്‍ച്ചയുടെപിന്നിലെ സുസ്ഥിരമായ പ്രകടനം എന്ന മന്ത്രം എല്ലാ മേഖലയിലും ആവര്‍ത്തിക്കുന്നുണ്ട്. വിപണിയുടെ മൊത്തം പ്രകടനത്തിനേക്കാള്‍ ഉയര്‍ന്ന പ്രകടനമാണ് നിരന്തരം അപ്പോളോ ടയേഴ്സ് നടത്തുന്നത്. ഇത് ഓഹരിയുടമകളുടെ സമ്പത്ത് വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അപ്പോളോ ടയേഴ്സിന്റെ വിപണി മൂല്യം 64 ശതമാനമാണ് ഉയര്‍ന്നത്. ഇതോടൊപ്പം ഉയര്‍ന്ന ഡിവിഡന്റും നിരന്തരം കമ്പനി വിതരണം ചെയ്യുന്നു. ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ് രംഗത്തെ പ്രമുഖ പുരസ്‌കാരമായ ഡെമിംഗ് പ്രൈസ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടയര്‍ പ്ലാന്റുകളിലൊന്നായ അപ്പോളോയുടെ ചെന്നൈ പ്ലാന്റിന് ലഭിച്ചിരുന്നു.