ഐപിഎല്‍ ടീമുകളേക്കാള്‍ വരുമാനം നേടി ക്രിക്കറ്റ് ഗെയ്മിംഗ് സ്റ്റാര്‍ട്ടപ്പ്

വന്‍തുക ചെലവിട്ടാണ് ഓരോ ഐപില്‍എല്‍ ടീമും കളിക്കളത്തിലിറങ്ങുന്നത്. എന്നാല്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഇവരെയെല്ലാം തോല്‍പ്പിക്കുകയാണ് സ്‌പോര്‍ട്‌സ് ഫാന്റസി ഗെയിം മേഖലയിലെ ഒരു സ്റ്റാര്‍ട്ടപ്പ്. ഐപിഎല്ലിലെ യഥാര്‍ത്ഥ ക്രിക്കറ്റ ്കളിക്കാരുടെ പേരില്‍ ഡ്രിം 11 ഉണ്ടാക്കി റിവാര്‍ഡുകള്‍ നേടാന്‍ സഹായിക്കുന്ന ഡ്രീം11 എന്ന സ്റ്റാര്‍ട്ടപ്പാണ് വരുമാനത്തിന്റെ കാര്യത്തില്‍ ശ്രദ്ധേയരാകുന്നത്. മൂന്നു തവണ ഐപിഎല്‍ കിരീടം നേടുകയും 5 തവണ ഫസ്റ്റ് റണ്ണറപ്പുമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ 2019-20 സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം 356.5 കോടി രൂപയായിരുന്നു. എന്നാല്‍ ഡ്രീം11 നേടിയതാകട്ടെ 2070 കോടി രൂപയും!

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ 2020-21 ലെ വരുമാനം 253.69 കോടി രൂപയാണ്. അതേസമയം ഡ്രീം11 ന്റെ വരുമാനം പുറത്തുവിട്ടിട്ടില്ല.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി യുഎസില്‍ ഐപിഒയ്ക്കും തയാറെടുക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കമ്പനിക്ക് 110 ദശലക്ഷം യൂസേഴ്‌സ് ആയിട്ടുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.
രണ്ടു ടീമുകള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ യൂസേഴ്‌സിന് അവരുടെ ഇഷ്ട കളിക്കാരെ വെച്ച് ടീം സൃഷ്ടിക്കാം. യഥാര്‍ത്ഥ കളിയില്‍ അവര്‍ നടത്തുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യുസേഴ്‌സിന് പോയ്ന്റുകള്‍ നേടാം. കാഷ് റിവാര്‍ഡുകള്‍ അടക്കം ഇതിന് പ്രതിഫലമായി ലഭിക്കും.
ക്രിക്കറ്റിന് പുറമേ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ഹോക്കി, കബഡി തുടങ്ങിയ മത്സരങ്ങളുമായി ബന്ധപ്പെട്ടും ഡ്രീം 11 ഗെയിം ലഭ്യമാക്കുന്നു. 13 വര്‍ഷം മുമ്പാണ് ഹര്‍ഷ് ജെയ്ന്‍, ഭവിത് ഷേത്ത് എന്നിവര്‍ ചേര്‍ന്ന് ഡ്രീം11 സ്ഥാപിച്ചത്.
അതേസമയം കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാനങ്ങളും ഫാന്റസി ഗെയിം മേഖലയ്ക്ക് വലിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കി വരികയാണ്. ഇത്തരത്തിലുള്ള റിയല്‍ മണി ഗെയിമുകള്‍ക്ക് തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആസാം, ഒഡിഷ, തെലങ്കാന, നാഗാലാന്‍ഡ്, സിക്കിം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it