Begin typing your search above and press return to search.
ഇന്ത്യക്കിഷ്ടം റഷ്യയുടെ എണ്ണ; സൗദിയിലെ അടക്കം ഒപെക്കിൽ നിന്നുള്ള ഇറക്കുമതി റെക്കോഡ് താഴ്ചയിൽ
റഷ്യ വൻതോതിൽ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തതോടെ, സൗദി അറേബ്യ അടക്കമുള്ള ഒപെക് രാഷ്ട്രങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി 2023ൽ റെക്കോഡ് താഴ്ചയിലെത്തി. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 85-90 ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയുടെ പരമ്പരാഗത സ്രോതസ്സുകൾ സൗദി അറേബ്യ, ഇറാക്ക് തുടങ്ങിയ ഗൾഫ് രാഷ്ട്രങ്ങളായിരുന്നു. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിലെ (Opec) കരുത്തരുമാണ് ഗൾഫ് രാഷ്ട്രങ്ങൾ.
റഷ്യ മുന്നോട്ട്, ഒപെക് പിന്നോട്ട്
ഇന്ത്യ 2023ൽ രണ്ട് ശതമാനം വളർച്ചയോടെ പ്രതിദിനം 4.65 ദശലക്ഷം ബാരൽ ക്രൂഡോയിലാണ് ആകെ ഇറക്കുമതി ചെയ്തത്. ഇതിൽ ഒപെക്കിന്റെ വിഹിതം 49.6 ശതമാനത്തിലേക്ക് കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിഹിതമാണിത്. മാത്രമല്ല, വിഹിതം 50 ശതമാനത്തിന് താഴെ എത്തുന്നതും ആദ്യമാണ്. 2022ൽ വിഹിതം 64.5 ശതമാനമായിരുന്നു.
2022ൽ ഇന്ത്യ പ്രതിദിനം 6.51 ലക്ഷം ബാരൽ എണ്ണയാണ് റഷ്യയിൽ നിന്ന് വാങ്ങിയിരുന്നതെങ്കിൽ 2023ൽ ഇത് 16.6 ലക്ഷം ബാരൽ വീതമായി ഉയർന്നു. 2023ൽ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ 36 ശതമാനമാണ് റഷ്യയുടെ പങ്ക്.
ബാരലിന് വിപണിവിലയേക്കാൾ 20 ഡോളറിലധികം ഡിസ്കൗണ്ട് റഷ്യ-യുക്രെയ്ൻ യുദ്ധാനന്തരം ആദ്യം റഷ്യ ഇന്ത്യക്ക് നൽകിയിരുന്നു. പിന്നീട് ഡിസ്കൗണ്ട് 5-10 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു. ഇതോടെ റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യൻ കമ്പനികൾ കുറച്ച് തുടങ്ങിയിട്ടുമുണ്ട്. ഡിസംബറിൽ വാങ്ങിയത് പ്രതിദിനം 1.34 ദശലക്ഷം ബാരൽ റഷ്യൻ എണ്ണയാണ്. നവംബറിലേതിനേക്കാൾ 16.3 ശതമാനം കുറവാണിത്.
അതേസമയം, രാജ്യങ്ങളെ വ്യക്തിഗതമായി എടുത്താൽ ഇന്ത്യയിലേക്ക് എറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പട്ടം ഇറാക്കിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി 2023ൽ റഷ്യ സ്വന്തമാക്കി. സൗദി അറേബ്യയാണ് മൂന്നാംസ്ഥാനത്ത്.
Next Story
Videos