

ആഗോള സോഫ്റ്റ്‌വെയർ ഭീമനായ ഒറാക്കിൾ വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഈ വർഷത്തെ മൂന്നാമത്തെ ലേഓഫ് തരംഗത്തിനാണ് കമ്പനി തുടക്കമിട്ടിരിക്കുന്നത്. പുലർച്ചെ 6 മണിക്ക് അയച്ച ഒറ്റ ഇമെയിലിലൂടെയാണ് നൂറുകണക്കിന് ജീവനക്കാരോട് ജോലിയിൽ നിന്ന് മാറാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്.
"കമ്പനിയുടെ ബിസിനസ് പുനഃസംഘടനയുടെ ഭാഗമായി നിങ്ങളുടെ തസ്തിക റദ്ദാക്കിയിരിക്കുന്നു. അതിനാൽ ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം," - ഔദ്യോഗിക ഇമെയിലിൽ ഒറാക്കിൾ വ്യക്തമാക്കുന്നു.
ഇമെയിൽ ലഭിക്കുന്നതിന് മുൻപ്, പുലർച്ചെ 4 മണിയോടെ തന്നെ ജീവനക്കാരുടെ സിസ്റ്റം ലോഗിനുകളും ഒഫീഷ്യൽ ഇമെയിൽ അക്കൗണ്ടുകളും റദ്ദാക്കപ്പെട്ടിരുന്നു. കമ്പനിയുടെ സ്ലാക്ക് ഗ്രൂപ്പിൽ നിന്ന് രാവിലെയോടെ ആയിരത്തോളം അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെട്ടതായി ജീവനക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ കുറിച്ചു.
മൾട്ടി-ബില്യൺ ഡോളറിന്റെ കടബാധ്യത നേരിടുന്ന ഒറാക്കിൾ, നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി കോടികളുടെ നിക്ഷേപമാണ് നടത്തുന്നത്. AI മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പശ്ചാത്തലത്തിൽ, പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പിരിച്ചുവിടപ്പെടുന്നവർക്ക് നാല് ആഴ്ചത്തെ അടിസ്ഥാന ശമ്പളവും, കമ്പനിയിൽ സേവനം അനുഷ്ഠിച്ച ഓരോ വർഷത്തിനും ഒരു ആഴ്ചത്തെ വേതനവും അടങ്ങുന്ന ആനുകൂല്യങ്ങൾ നൽകാമെന്ന് ഒറാക്കിൾ അറിയിച്ചിട്ടുണ്ട്.
ഈ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിലായി ഇന്ത്യയിലെ 12,000 പേരടക്കം ആഗോളതലത്തിൽ 30,000 ജീവനക്കാരെ ഒറാക്കിൾ പിരിച്ചുവിട്ടിരുന്നു. തുടർന്ന് സെപ്റ്റംബർ തുടക്കത്തിലും ഇന്ത്യയിൽ 3,000ത്തോളം തസ്തികകൾ വെട്ടിക്കുറച്ചു. മേയിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ഒറാക്കിളിന്റെ ആകെയുള്ള ജീവനക്കാരുടെ എണ്ണം 1,62,000-ൽ നിന്ന് 1,41,000 ആയി കുറഞ്ഞിട്ടുണ്ട്.
Tech giant Oracle initiates another round of job cuts to lower payroll costs and boost AI infrastructure investments.
Read DhanamOnline in English
Subscribe to Dhanam Magazine