ഒരു വര്‍ഷത്തിനുള്ളില്‍ ഒ.എന്‍.ഡി.സിയുടെ ഭാഗമായത് 31,000 വ്യാപാരികള്‍
മാര്‍ക്കറ്റ് പങ്കാളികളുടെ ശൃംഖലയായ ഓപ്പണ്‍ നെറ്റ്‌വർക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ONDC) പ്രവര്‍ത്തനക്ഷമമായി ഒരു വര്‍ഷത്തിനുള്ളില്‍ 31,000 വ്യാപാരികള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തതായി ഒ.എന്‍.ഡി.സി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ തമ്പി കോശി പറഞ്ഞു. ഈ സംവിധാനത്തിലൂടെ ഇക്കാലയളവില്‍ 37 ലക്ഷം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലരും ശൃംഖലയുടെ ഭാഗമായി
ഒല, ഊബര്‍ തുടങ്ങിയ ഓട്ടോ, ക്യാബ് അഗ്രഗേറ്റര്‍മാര്‍ ബെംഗളൂരുവിലും കൊച്ചിയിലുമായി 56,000 ല്‍ അധികം വാഹനങ്ങള്‍ ഈ ശൃംഖലയുടെ ഭാഗമാക്കി. കൂടാതെ ഡെല്‍ഹിവെരി, ഡണ്‍സോ, ഇ-സമുദായ്, പേയ്റ്റിഎം, സ്നാപ്ഡീല്‍ എന്നിവ ഉള്‍പ്പടെ 46 നെറ്റ്‌വർക്ക് പങ്കാളികള്‍ ഒ.എന്‍.ഡി.സിയില്‍ ഈയടുത്ത് ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ഉല്‍പ്പന്നങ്ങളും ഉടനെത്തും
പലചരക്ക് സാധനങ്ങളും ഭക്ഷണവും ഉപയോഗിച്ച് ചെറിയ രീതിയില്‍ ആരംഭിച്ച ഒ.എന്‍.ഡി.സി ഇന്ന് ഫാഷനും ഇലക്ട്രോണിക്സുമെല്ലാം കൈകാര്യം ചെയ്യുന്നുണ്ട്. വൈകാതെ സാമ്പത്തിക ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുമെന്നും തമ്പി കോശി പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി) ഒ.എന്‍.ഡി.സിയുമായി സഹകരിച്ച് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണം കൈമാറ്റത്തിന് യു.പി.ഐ പോലെ ഇ-കൊമേഴ്സ് രംഗത്ത് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച ഓന്നാണ് ഒ.എന്‍.ഡി.സി നെറ്റ്‌വർക്ക്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് പോലും വന്‍കിട കമ്പനികള്‍ക്കൊപ്പം പരിഗണന ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.