Begin typing your search above and press return to search.
ഐപിഓയ്ക്ക് മുന്നോടിയായി മൈക്രോസോഫ്റ്റില്‍ നിന്ന് നിക്ഷേപം സ്വന്തമാക്കാനൊരുങ്ങി ഒയോ
ഓഹരി വിപണിയിലെ സ്റ്റാര്‍ട്ടപ്പ് അരങ്ങേറ്റങ്ങളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അടുത്തിടെ ഒയോ റൂംസ് എന്ന റിതേഷ് അഗര്‍വാളിന്റെ കമ്പനിയും സജീവമായിരുന്നു. മുമ്പ് പുറത്തിറങ്ങിയ സൂചനകള്‍ കൊണ്ട് തന്നെയാണിത്. വാര്‍ത്തകള്‍ ശരിയെങ്കില്‍ ഒയോ റൂംസ് ഐപിഓ ഈ വര്‍ഷം അവസാനമുണ്ടാകുമെന്നാണ് കരുതുന്നത്.
ഒരു ഹോട്ടല്‍ പോലും സ്വന്തമായില്ലാതെ ഏറ്റവും വലിയ റൂം റെന്റ് ശൃംഖല സ്വന്തമാക്കി വച്ചിരുന്ന ഒയോ കോവിഡ് പ്രതിസന്ധിയോടെ ക്ഷീണത്തിലായെങ്കിലും തിരിച്ചുവരവിന്റെ പാതയിലാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ടെക് ഭീമനമായ മൈക്രോസോഫ്റ്റ് നടത്തുന്ന കമ്പനിയിലെ പുതിയ നിക്ഷേപവും. ഇപ്പോഴുള്ള 9 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയത്തില്‍ നിന്നുകൊണ്ട് മൈക്രോസോഫ്റ്റില്‍ നിന്നുള്ള സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റിന് തയ്യാറെടുക്കുകയാണ് ഒയോ എന്ന് ദേശീയ റിപ്പോര്‍ട്ടുകള്‍.
ചൈനീസ് റൈഡ്-ഹെയ്ലിംഗ് ഭീമനായ ദിദി ചക്‌സിംഗ്, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ റൈഡ്-ഹെയ്ലിംഗ് കമ്പനിയായ ഗ്രാബ്, യുഎസ് ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി കമ്പനിയായ എയര്‍ബണ്‍ബി എന്നിവ ഇപ്പോള്‍ തന്നെ സ്ട്രാറ്റജിക് നിക്ഷേപകരാണ് ഓയോയില്‍. പുതിയ ഇടപാടോടെ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഓയോയ്ക്ക് ഉപയോഗിക്കാനാകുമെന്നാണ് കരുതുന്നത്.
സോഫ്റ്റ്ബാങ്ക് കോര്‍പ്പിന് 46 ശതമാനം ഓഹരികളുള്ള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പില്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം ജീവനക്കാരെ പിരിച്ചു വിട്ടതുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഫിഡിലിറ്റി ഇന്‍വെസ്റ്റ്മെന്റ്‌സ്, സിറ്റാഡല്‍ ക്യാപിറ്റല്‍ മാനേജ്മെന്റ്, വര്‍ഡെ പാര്‍ട്‌ണേഴ്‌സ് തുടങ്ങിയ ആഗോള ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സുമായുള്ള 660 മില്യണ്‍ ഡോളറിന്റെ കടബാധ്യത അവസാനിപ്പിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ നീക്കങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വരുന്നത്. അതിനാല്‍ തന്നെ തിരിച്ചുവരവിന്റെ പാതയിലാണ് കമ്പനിയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Next Story
Videos