തടസങ്ങളുണ്ടായാലും സംരംഭം ഉപേക്ഷിക്കരുത്; ഒയോ റൂംസ് മേധാവി
പുതിയ സംരംഭം ആരംഭിച്ച് തടസങ്ങള്‍ നേരിട്ടാല്‍ ഉടന്‍ ബിസിനസ് ഉപേക്ഷിക്കരുതെന്ന് ഒയോ റൂംസ് സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍. ട്വിറ്ററില്‍ പങ്കു വെച്ച ഹ്രസ്വ വീഡിയോയിലാണ് റിതേഷ് അഗര്‍വാള്‍ പുതുസംരംഭകര്‍ക്ക് ഉപദേശം നല്‍കിയിരിക്കുന്നത്. ശക്തരായ എതിരാളികള്‍ തങ്ങളുടെ പുരോഗതിക്ക് തടസം നില്‍ക്കുമെന്ന് പുതിയ സംരംഭകര്‍ ഭയക്കുന്നു. എന്നാല്‍ എന്തും നേരിടാനുള്ള പ്രതിരോധ ശേഷിയും സ്ഥിര ഉത്സാഹവും ഉണ്ടെങ്കില്‍ പുതിയ സംരംഭകര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും.
ഓയോ റൂംസ് മാതൃക
വളരെ കുറഞ്ഞ നിരക്കില്‍ ഹോട്ടല്‍ താമസവും ഹോം സ്റ്റേകളും ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചാണ് ഒയോ റൂംസ് നൂതനമായ ബിസിനസ് ആശയം പ്രാവര്‍ത്തകമാക്കിയത്. നിലവില്‍ ഒരു ഹോട്ടല്‍ പോലും സ്വന്തമായിട്ട് ഇല്ലാത്ത ഒയോ റൂംസ് കമ്പനിയുടെ വെബ്‌സൈറ്റ് വഴി 35 രാജ്യങ്ങളിലായി മൊത്തം 1,57,000 ഹോട്ടലുകളും വീടുകളും താമസത്തിനായി ബുക്ക് ചെയ്യാം.
ഐപിഒ പ്രതീക്ഷ
ഒക്ടോബറിലോ നവംബറിലോ ഒയോ റൂംസ് ഐ പി ഒ (പ്രഥമ ഓഹരി വില്‍പ്പന) പ്രതീക്ഷിക്കാമെന്ന് പ്രമുഖ ബിസിനസ് മാസികയായ ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആദ്യം ലക്ഷ്യമിട്ടതില്‍ നിന്ന് 66 ശതമാനം വലിപ്പം കുറച്ചാണ് ഐ പി ഒ വിപണിയില്‍ ഇറങ്ങുന്നത്. സെപ്റ്റംബര്‍ 2021 ല്‍ സെബിക്ക് സമര്‍പ്പിച്ച ഐ പി ഒ രേഖകള്‍ പ്രകാരം 8430 കോടി രൂപയാണ് വിപണിയില്‍ നിന്ന് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും പ്രതികൂല സാഹചര്യവും മൂലം പ്രഥമ ഓഹരി വില്‍പ്പന വൈകി.
സോഫ്റ്റ് ബാങ്ക് നിക്ഷേപം നടത്തിയിട്ടുള്ള കനിക്ക് 2022 -23 ല്‍ 5700 കോടി രൂപ വരുമാനം നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍വര്‍ഷം 4730 കോടി രൂപയായിരുന്നു വരുമാനം.