

കേരളത്തിലെ പാക്കേജ്ഡ് ഫുഡ് വ്യവസായം നിശബ്ദ വിപ്ലവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ അതിവേഗം മാറുന്നു. ഇ-കൊമേഴ്സിന്റെ വളര്‍ച്ചയും വേഗത്തിലാണ്. ഇതെല്ലാം ഈ മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. സംരംഭങ്ങളുടെ ഏറ്റെടുക്കലുകള്‍ക്കും ഇത് വഴിയൊരുക്കുന്നു. സുഗന്ധവ്യഞ്ജനങ്ങളും കറിപ്പൊടികളും മുതല്‍ ലഘുഭക്ഷണങ്ങളും പ്രഭാതഭക്ഷണ ചേരുവകളും ഉള്‍പ്പെടുന്ന മേഖലയില്‍ ചെറുകിട, ഇടത്തരം സംരംഭകര്‍ പിടിച്ചു നില്‍ക്കാന്‍ പാടു പെടുകയാണ്. സാമ്പത്തിക പരിമിതികളും കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനുള്ള നവീകരണവും ഇവര്‍ക്ക് വെല്ലുവിളികളാണ്.
കോവിഡ് മഹാമാരിയുടെ കാലത്താണ് ഈ മാറ്റം വേഗത്തിലായത്. ലോക്ക്ഡൗണും റിമോട്ട് ജോലികളും നീണ്ടു പോയത് പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്കുള്ള ഡിമാന്റില്‍ വലിയ വര്‍ധനയുണ്ടാക്കി. ഏറെ സൗകര്യപ്രദമായ റെഡി ടു കുക്ക്, റെഡി ടു ഈറ്റ് ഉല്‍പ്പന്നങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടിയത്. ആദ്യഘട്ടത്തിലെ കുതിപ്പ് പിന്നീ്ട് കുറഞ്ഞെങ്കിലും ലോക്കല്‍ ബ്രാന്റുകള്‍, ഉപഭോക്താക്കളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞുള്ള ഉല്‍പ്പന്നങ്ങളുമായി വിപണിയിലെ പ്രധാന സാന്നിധ്യമായി.
കോവിഡ് കാലം ഉപഭോക്താക്കളുടെ അഭിരുചികളില്‍ വലിയ മാറ്റമുണ്ടാക്കിതായി ഡബിള്‍ ഹോഴ്‌സ് ബ്രാന്റിന്റെ ഉല്‍പ്പാദകരായ മഞ്ഞിലാസ് ഫുഡ് ടെക് അസോസിയേറ്റ് ഡയറക്ടര്‍ ആനി വിനോദ് മഞ്ഞില പറയുന്നു. '' എളുപ്പത്തിലും വേഗത്തിലും ഭക്ഷണമൊരുക്കാമെന്നതാണ് ഇത്തരം ഉല്‍പ്പന്നങ്ങളിലേക്ക് ഉപഭോക്താവിനെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഉല്‍പ്പന്നങ്ങളുടെ ഡിമാന്റ് വര്‍ധിച്ചു വരികയാണ്. വൃത്തിയുള്ളതും ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കുന്നതുമായ ഭക്ഷ്യ വസ്തുക്കള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. ഇ-കൊമേഴ്‌സ്, ക്വിക്ക് കൊമേഴ്‌സ്, ഡി2സി സൗകര്യങ്ങള്‍ വര്‍ധിക്കുന്നതും വിപണിയുടെ വളര്‍ച്ചക്ക് കാരണമാകുന്നു. ആനി വിനോദ് മഞ്ഞില പറയുന്നു.
അസംഘടിത സംരംഭകരാണ് ഈ വിപണിയെ നയിച്ചിരുന്നതെങ്കിലും ഇ-കൊമേഴ്‌സും ഫുഡ് ഡെലിവെറി സംവിധാനവും ശക്തമായത് വിപണിക്ക് സംഘടിത സ്വഭാവം നല്‍കി തുടങ്ങിയിട്ടുണ്ട്. ഇത് ദേശീയ, അന്തര്‍ദേശീയ ബ്രാന്റുകളുടെ കടന്നു വരവിന് വഴിയൊരുക്കുന്നു. വളരുന്ന വിപണിയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഈ കമ്പനികള്‍. തദ്ദേശീയ സംരംഭങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ അതോ സാമ്പത്തിക ശേഷി കൂടിയ വന്‍കിടക്കാര്‍ വിപണിയെ മാറ്റി മറിക്കുമോ എന്നതാണ് പാക്കേജ്ഡ് ഫുഡ് വ്യവസായത്തില്‍ ഉയരുന്ന ചോദ്യം.
കേരളത്തിലെ പ്രമുഖ ബ്രാന്റായ മേളത്തെ, ചെന്നൈയിലെ എവിജി ഗ്രൂപ്പ് പത്തു വര്‍ഷം മുമ്പ് ഏറ്റെടുത്തതോടെയാണ് പുതിയ ട്രെന്റിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഈസ്റ്റേണിനെ നോര്‍വെ കമ്പനിയായ ഒര്‍ക്ക്‌ല ഏറ്റെടുത്തു. നിറപറ, ബ്രാഹ്‌മിണ്‍സ് തുടങ്ങിയ പ്രമുഖ ബ്രാന്റുകളെ ഐടി രംഗത്തെ പ്രമുഖരായ വിപ്രോയും സ്വന്തമാക്കി. ഇത്തരത്തിലുള്ള ഏറ്റെടുക്കലുകള്‍ക്ക് വിപണി ഇനിയും സാക്ഷ്യം വഹിക്കാം. യുവാക്കള്‍ക്കിടയില്‍ പാക്കേജ്ഡ് ഫുഡുകള്‍ക്ക് ഡിമാന്റ് കുത്തനെ വര്‍ധിക്കുന്നതാണ് വന്‍കിട കമ്പനികളുടെ ശ്രദ്ധ ഈ മേഖലയിലേക്ക് തിരിക്കുന്നത്. ഈ മേഖലയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന് കൂടുതല്‍ നിക്ഷേപം ആവശ്യമാണ്. ചെറിയ കമ്പനികള്‍ക്ക് ഇതിന് കഴിയില്ല.
ഇടത്തരം സംരംഭങ്ങള്‍ ഏറ്റെടുക്കാന്‍ വന്‍കിട കമ്പനികള്‍ തയ്യാറെടുക്കുന്നുണ്ടെന്ന് കിച്ചന്‍ ട്രഷര്‍ ബ്രാന്റ് നിര്‍മാതാക്കളായ ഇന്റര്‍ഗ്രോ ഫുഡ്‌സ് ആന്റ് ബിവറേജസിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശോക് മണി പറയുന്നു. 50 മുതല്‍ 100 കോടി വരെ വിറ്റുവരവുള്ള കമ്പനികളെ ഏറ്റടുക്കാന്‍ വലിയ കമ്പനികള്‍ ശ്രമിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
''സാമ്പത്തിക ഭദ്രതയില്ലാത്ത ചെറുസംരംഭങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത രീതിയിലാണ് വിപണി വളരുന്നത്. ഭക്ഷ്യ വസ്തുക്കളുടെ സംസ്‌കരണം, പാക്കിംഗ്, സൂക്ഷിക്കല്‍ എന്നിവക്ക് ചിലവേറിയ സാങ്കേതിക സംവിധാനങ്ങള്‍ ആവശ്യമായി വരികയാണ്. പാക്കേജ്ഡ് ഫുഡ് വ്യവസായം കോവിഡിന് ശേഷം കൂടുതല്‍ സംഘടിതമായി മാറിയിരിക്കുന്നു. കൂടുതല്‍ വന്‍കിട കമ്പനികള്‍ ഈ രംഗത്തേക്ക് കടന്നു വരും. ചെറുകിടക്കാര്‍ക്ക് പിടിച്ചു നില്‍ക്കല്‍ ബുദ്ധിമുട്ടാകും.''' വിപ്രോ ഏറ്റെടുത്ത ബ്രാഹ്‌മിണ്‍സ് ബ്രാന്റിന്റെ നിര്‍മാതാക്കളായ വിഷ്ണു നമ്പൂതിരി ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ ശ്രീനാഥ് വിഷ്ണു പറഞ്ഞു.
വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ കോണ്‍ട്രാക്ട് മാനുഫാക്ചറിംഗിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ടെന്നും ശ്രീനാഥ് വിഷ്ണു ചൂണ്ടിക്കാട്ടുന്നു. വന്‍കിട കമ്പനികള്‍ ഓണ്‍ലൈനിലൂടെ ദേശീയ തലത്തിലേക്ക് വിപണിയെ വളര്‍ത്തുമ്പോള്‍ കോണ്‍ട്രാക്ട് മാനുഫാക്ചറിംഗും ലേബലിംഗ് ബിസിനസും പുതിയ തലങ്ങളിലേക്ക് വളരും. ഉള്‍നാടുകളില്‍ പോലും ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ കഴിയുന്നുണ്ട്. ഇത് ഉല്‍പ്പാദനം കൂട്ടാന്‍ കാരണമാക്കും -വിഷ്ണു ചൂണ്ടിക്കാട്ടുന്നു.
പരമ്പരാഗതമായ കറി പൗഡറുകളുടെ സ്ഥാനത്ത് പുത്തന്‍ ഉല്‍പ്പന്നങ്ങളാണ് ഈ മേഖലയില്‍ ലാഭസാധ്യത വര്‍ധിപ്പിക്കുന്നതെന്ന് മേളം ബ്രാന്റിനെ ഏറ്റെടുത്ത എവിജി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ എ.വി അനൂപ് പറയുന്നു.'' ഇന്‍സ്റ്റന്റ് ചിക്കന്‍, ഫിഷ് മസാല പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി സാധ്യത കൂടുതലാണ്. ഇതു വഴി കൂടുതല്‍ ലാഭം ലഭിക്കും കേരളത്തിലും പാക്ക് ചെയ്ത ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഡിമാന്റ് വര്‍ധിക്കുകയാണ്. '' അനൂപ് പറയുന്നു.
കായ വറുത്തത്, കപ്പ വറുത്തത് എന്നിവയിലൂടെ വിപണിയില്‍ പ്രശസ്തി നേടിയ ടിയാറ ഫുഡ്‌സ് ഇന്ത്യ ലിമിറ്റഡ്, ഇ-കൊമേഴ്‌സിലൂടെ നേട്ടം കൊയ്ത കമ്പനിയാണ്. അലക്‌സ് തോമസിന്റെ നേതൃത്വത്തില്‍ 15 വര്‍ഷം മുമ്പ് ആരംഭിച്ച കമ്പനി ഇടക്കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിരുന്നു. എന്നാല്‍ കോവിഡിന് ശേഷം ഇ-കൊമേഴ്‌സിലൂടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനും വരുമാനം കൂട്ടാനും കമ്പനിക്ക് കഴിഞ്ഞു. മറ്റു ബ്രാന്റുകള്‍ക്ക് വേണ്ടി കോണ്‍ട്രാക്ട് മാനുഫാക്ചറിംഗിലൂടെയും ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്.
പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ ജീവിതശൈലീ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന ആരോഗ്യമേഖലയിലെ ആശങ്കകള്‍ക്ക് പരിഹാരം കാണാനും കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാതെ വൃത്തിയോടെ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുകയാണ് പോംവഴിയെന്ന് ശ്രീനാഥ് വിഷ്ണു പറയുന്നു. കോവിഡിന് ശേഷം ജനങ്ങള്‍ കൂടുതല്‍ വൃത്തിയുള്ള ഭക്ഷണമാണ് തേടുന്നതെന്ന് അലക്‌സ് തോമസും പറയുന്നു.
വിപണി സാന്നിധ്യം ശക്തിപ്പെടുത്താനുള്ള പുതിയ ഏറ്റെടുക്കലുകള്‍ പാക്കേജ്ഡ് ഫുഡ് വ്യവസായത്തെ ശക്തിപ്പെടുത്തുമെന്ന് ആനി വിനോദ് മഞ്ഞില അഭിപ്രായപ്പെട്ടു. മെച്ചപ്പെട്ട വിതരണ ശൃംഖലകള്‍, ഗവേഷണത്തിനായി നിക്ഷേപം കൂട്ടല്‍, വിപണിയുടെ വ്യാപ്തി വിശാലമാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരാം. പ്രാദേശികമായും ദേശീയ തലത്തിലും ബ്രാന്റുകളുടെ സാന്നിധ്യം ശക്തിപ്പെടും -ആനി വിനോദ് മഞ്ഞില ചൂണ്ടിക്കാട്ടി.
Read DhanamOnline in English
Subscribe to Dhanam Magazine