കാലുറപ്പിക്കാനാകാതെ പാലക്കാട്ടെ വ്യവസായങ്ങള്‍; ആധുനിക റൈസ് മില്ലിനും താഴ് വീഴുന്നു; ചെറുകിട വ്യവസായങ്ങളും പ്രതിസന്ധിയില്‍

14 വര്‍ഷം മുമ്പ് പാലക്കാടിനടുത്ത് ആലത്തൂരില്‍ സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ആരംഭിച്ച മോഡേണ്‍ റൈസ് മില്‍ പ്രവര്‍ത്തനം നിര്‍ത്തി
Industry crisis
Industry crisisCanva
Published on

കേരളത്തിലെ പ്രധാന വ്യവസായ മേഖലകളിലൊന്നാണ് പാലക്കാട്. കാര്‍ഷിക മുന്നേറ്റത്തിനൊപ്പം കഞ്ചിക്കോട് വ്യവസായ പാര്‍ക്ക് ഉള്‍പ്പടെ കേരളത്തിന്റെ വ്യാവസായിക പ്രതീക്ഷകള്‍ വളര്‍ത്തിയ ഒട്ടേറെ കമ്പനികള്‍ക്ക് തുടക്കം കുറിച്ച മേഖല. എന്നാല്‍ വലിയ കമ്പനികള്‍ മുതല്‍ ചെറുകിട വ്യവസായ യൂണിറ്റുകള്‍ വരെ കടുത്ത പ്രതിസന്ധിയിലാണ്. കടം വര്‍ധിച്ചും വിപണിയിലെ മല്‍സരത്തില്‍ കാലിടിറിയും പലതും അടച്ചു പൂട്ടി. മുന്നോട്ടു പോകാനുള്ള വഴി കാണാതെ ആശങ്കയില്‍ കഴിയുന്ന വ്യവസായികള്‍ വേറെയും. ഏറ്റവുമൊടുവില്‍ കേരളത്തിലെ ആദ്യത്തെ ആധുനിക റൈസ് മില്ലിനും താഴ് വീഴുകയാണ്.

മുന്നോട്ട് പോകാനാകാതെ പൊതുമേഖലാ സ്ഥാപനം

14 വര്‍ഷം മുമ്പ് പാലക്കാടിനടുത്ത് ആലത്തൂരില്‍ സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ആരംഭിച്ച മോഡേണ്‍ റൈസ് മില്‍ പ്രവര്‍ത്തനം നിര്‍ത്തി. വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടങ്ങിയ ആധുനിക സൗകര്യങ്ങളുള്ള മില്‍ ആരംഭകാലം മുതല്‍ പ്രതിസന്ധിയിലായിരുന്നു. കര്‍ഷകരില്‍ നിന്ന് നേരിട്ട് നെല്ല് സംഭരിക്കുന്നതിനുള്ള നീക്കങ്ങളും മാര്‍ക്കറ്റിംഗും പാളിയതും മാനേജ്‌മെന്റ് പിടിപ്പ് കേടുമാണ് പ്രധാന വെല്ലുവിളികളായത്. 2008 ല്‍ ആരംഭിച്ചപ്പോള്‍ 200 ടണ്‍ അരി ഉല്‍പ്പാദിപ്പിച്ചെങ്കിലും വിപണിയില്‍ എത്തിക്കാനായില്ല. ഇതിനിടെ വിവിധ ഘട്ടങ്ങളിലായി അഞ്ചു കോടിയോളം രൂപ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിച്ചു. വരുമാനം കുറഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായി. മാനേജിംഗ് ഡയറക്ടര്‍മാരെ ഇടക്കിടെ മാറ്റി പരീക്ഷിച്ചെങ്കിലും മുന്നോട്ട് പോകാനാകുന്നില്ല. തൊഴിലാളി യൂണിയനുകളുടെ ആവശ്യങ്ങള്‍ അംഗീരിക്കാന്‍ കഴിയാതെ വന്നതോടെ കമ്പനി പ്രവര്‍ത്തനം നിലച്ചു. പാലക്കാട് മേഖലയിലെ നിരവധി റൈസ് മില്ലുകള്‍ പ്രതിസന്ധിയിലാണ്. അന്യസംസ്ഥാന കമ്പനികളില്‍ നിന്നുള്ള കിടമല്‍സരവും നികുതി കുടിശികയും പല മില്ലുകളുടെയും നിലനില്‍പ്പിനെ ബാധിക്കുന്നുണ്ട്.

കൊക്കക്കോള മുതല്‍ കൈത്തറി വരെ

പാലക്കാടിന്റെ വ്യവസായ വളര്‍ച്ചയില്‍ നാഴികകല്ലായിരുന്ന കൊക്കകോള പ്ലാന്റും, പെപ്‌സി യൂണിറ്റും അടച്ചു പൂട്ടിയത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പരിസ്ഥിതി പ്രശ്നങ്ങള്‍ ഉയര്‍ന്നതാണ് രണ്ട് കമ്പനികള്‍ക്കും വിനയായത്. പ്ലാച്ചിമടയില്‍ 2000 ല്‍ തുടങ്ങിയ കമ്പനി നാലു വര്‍ഷത്തിന് ശേഷം അടച്ചു. ഒരു വര്‍ഷം കഴിഞ്ഞ് പുനരാരംഭിച്ചെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അടച്ചു പൂട്ടി. പെപ്‌സിയുടെ പ്ലാന്റിനും അധിക കാലം നിലനില്‍ക്കാനായില്ല. ശമ്പളവര്‍ധനക്കു വേണ്ടിയുള്ള തൊഴിലാളി സമരവും പ്രതിസന്ധി രൂക്ഷമാക്കി.

ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കൈത്തറി നിര്‍മാണ യൂണിറ്റുകളും പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ്. നിലവിലുണ്ടായിരുന്ന 43 കൈത്തറി സൊസൈറ്റികളില്‍ 14 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ വേതനത്തിന് ജോലിക്കാരെ കിട്ടാത്തതും സര്‍ക്കാര്‍ പിന്തുണ കുറയുന്നതുമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കഞ്ചിക്കോട്ടെ ഇടത്തരം സിമന്റ് ഫാക്ടറികള്‍ കുത്തക കമ്പനികളോട് പിടിച്ചു നില്‍ക്കാനാകാതെ ഏത് സമയവും പ്രവര്‍ത്തനം നിലക്കുന്ന അവസ്ഥയിലാണ്.

നിലച്ചത് 1,880 ചെറുകിട യൂണിറ്റുകള്‍

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട സംരംഭങ്ങളില്‍ 1,880 എണ്ണം ഇതിനകം അടച്ചു പൂട്ടിയതായാണ് കണക്കുകള്‍. സംസ്ഥാനത്ത് തന്നെ കൂടുതല്‍ യൂണിറ്റുകള്‍ അടച്ചു പൂട്ടിയ ജില്ലകളില്‍ രണ്ടാം സ്ഥാനത്താണ് പാലക്കാട്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം. മൂലധനത്തിന്റെ കുറവ്, ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്റ് കുറവ്, കിടമല്‍സരം മൂലമുള്ള പ്രതിസന്ധി, തൊഴില്‍ പ്രശ്നങ്ങള്‍, നടത്തിപ്പിലെ അപാകതകള്‍ തുടങ്ങി വിവിധ കാരണങ്ങളാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com