സ്മാര്‍ട്ടാവാന്‍ പുതുശേരി; സ്വപ്‌ന പദ്ധതിയില്‍ പ്രതീക്ഷ; കാത്തിരിക്കണം ആറു വര്‍ഷം

പശ്ചിമഘട്ടം കടന്ന് വാളയാര്‍ ചുരം വഴി തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന കാറ്റിന് പണ്ട് മുതല്‍ക്കേ വ്യവസായങ്ങളുടെ മണമുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ സിമന്റ്, ബിവറേജ് ഫാക്ടറികളില്‍ നിന്നുള്ള ഗന്ധം പരക്കുന്ന ഇടങ്ങളാണ് പാലക്കാടിനും കോയമ്പത്തൂരിനും ഇടയിലുള്ള വനഭാഗങ്ങള്‍. ഇതിന് ചുവടുപിടിച്ച് ഈ മേഖലയിലെ കഞ്ചിക്കോട് പ്രദേശത്ത് കേരളം ഏറെ വ്യവസായ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അവയില്‍ ചെറുകിട സ്ഥാപനങ്ങളെല്ലാം അടച്ചു പൂട്ടി. കേരളം വ്യവസായ സൗഹൃദമല്ലെന്ന മുറവിളി കഞ്ചിക്കോട് മേഖലയില്‍ നിന്ന് ഉയര്‍ന്നു തുടങ്ങി. വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ സാധ്യതകള്‍ തേടി കഞ്ചിക്കോട് പ്രദേശത്തേക്ക് വമ്പനൊരു വ്യവസായ പദ്ധതി എത്തുന്നു. പാലക്കാട് ജില്ലയിലെ മലമ്പുഴ ബ്ലോക്കില്‍ കഞ്ചിക്കോട് വ്യവസായ മേഖല കൂടി ഉള്‍പ്പെടുന്ന പുതുശേരി പഞ്ചായത്തിലേക്ക് 3,815 കോടി രൂപയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയാണ് വരുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഈ സംയുക്ത പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് പാലക്കാട് ജില്ലയിലുള്ളവരും കേരളത്തിന്റെ വ്യവസായ സമൂഹവും കാണുന്നത്. കോയമ്പത്തൂര്‍, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളിലേക്കുള്ള കണക്ടിവിറ്റിയും കൊച്ചി-ബംഗളൂരു ഹൈവേയുടെ സാധ്യതകളും സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് പ്രയോജനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആറു വര്‍ഷം കാത്തിരിക്കണം

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് 12 സ്മാര്‍ട്ട് സിറ്റികളാണ്. പാലക്കാട് ജില്ലയിലെ പുതുശേരിക്ക് പുറമെ ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രാജ്പുര, മഹാരാഷ്ട്രയിലെ ദിഗി, ഉത്തര്‍പ്രദേശിലെ ആഗ്ര, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാദ്, മധ്യപ്രദേശിലെ കൊപ്പാര്‍ത്തി, രാജസ്ഥാനിലെ ജോദ്പൂര്‍ പാലി തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റു വ്യവസായ പാര്‍ക്കുകള്‍ വരുന്നത്. കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായി പുതുശേരിയില്‍ ഉയരുന്ന സ്മാര്‍ട്ട് സിറ്റി ആറ് വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 3,815 കോടി രൂപയുടെ പദ്ധതി പാലക്കാട് ജില്ലയുടെ തന്നെ മുഖച്ഛായ മാറ്റാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാന വ്യവസായ വകുപ്പുമന്ത്രി പി. രാജീവ് പ്രത്യേക താല്‍പര്യമെടുത്ത് പദ്ധതി പ്രവര്‍ത്തനങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. സ്ഥലമേറ്റെടുപ്പ് 80 ശതമാനം പൂര്‍ത്തിയായി. പുതുശേരി പഞ്ചായത്തിലെ മൂന്നു വില്ലേജുകളിലായി രണ്ടായിരം ഏക്കറിനടുത്ത് ഭൂമിയിലാണ് ബൃഹത്തായ പദ്ധതി വരുന്നത്. ഇതിനകം 1,790 കോടി രൂപ ചിലവില്‍ 1,710 ഏക്കര്‍ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞതായി സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവ് വ്യക്തമാക്കിയിരുന്നു.

അടിസ്ഥാന സൗകര്യങ്ങളൊരുങ്ങും, കമ്പനികള്‍ എത്തും

രണ്ടായിരം ഏക്കറോളം വരുന്ന സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. പുതുശേരി പഞ്ചായത്തില്‍ പ്രധാന റെയില്‍വെ ട്രാക്കിന് ഇരുവശത്തുമായി കിടക്കുന്ന സ്ഥലങ്ങളാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. പുതുശേരി സെന്‍ട്രല്‍, പുതിശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നീ വില്ലേജുകളിലായി കിടക്കുന്ന സ്ഥലങ്ങളെ പുതിയ റോഡുകളും റെയില്‍ ഓവര്‍ ബ്രിഡ്ജുകളും നിര്‍മിച്ച് ബന്ധിപ്പിക്കും. ടൗണ്‍ഷിപ്, വ്യവസായ നിര്‍മാണ യൂണിറ്റുകള്‍, റോഡ്, ജലസംഭരണി, മലിനജല പുനരുപയോഗ സംവിധാനം, വൈദ്യുതി ശൃംഖല, ഖരമാലന്യ സംസ്‌കരണ സംവിധാനം, രണ്ട് പുതിയ തടയണകള്‍, റെയില്‍ ഓവര്‍ ബ്രിഡ്ജുകള്‍, 100 മെഗാവാട്ട് വിന്റ് ആന്റ് സോളാര്‍ വൈദ്യുതി പദ്ധതി തുടങ്ങിയവയാണ് പുതുശേരിയില്‍ ഒരുങ്ങുക. തുടര്‍ന്ന് ഇന്ത്യന്‍, വിദേശ കമ്പനികള്‍ക്ക് ഇവിടെ വ്യവസായം തുടങ്ങുന്നതിന് അനുവാദം നല്‍കും. ഇന്ത്യയില്‍ നിര്‍മിക്കുന്ന പുതിയ സ്മാര്‍ട്ട് സിറ്റികളില്‍ നിക്ഷേപം നടത്താന്‍ തായ്‌വാന്‍, ജപ്പാന്‍, സ്വിറ്റ്‌സര്‍ലാന്റ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ താല്‍പര്യമറിയിച്ചിട്ടുണ്ട്. പുതുശേരിയിലെ സ്മാര്‍ട്ട് സിറ്റിയിലും വിദേശ കമ്പനികളുടെ നേരിട്ടും അല്ലാതെയുമുള്ള നിക്ഷേപമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അര ലക്ഷം പേര്‍ക്ക് നേരിട്ടുള്ള നിയമനങ്ങള്‍ക്ക് സാധ്യതയുണ്ട്. അത്രയും പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പുതിയ കമ്പനി രൂപീകരിച്ചിട്ടുണ്ട്. കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്കാണ് ചുമതല. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്‌മെന്റ് ആൻ്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റുമായി ചേര്‍ന്നാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് സിറ്റിക്കായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി കിന്‍ഫ്രയാണ് പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കിയത്. രണ്ട് മാസം മുമ്പാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി വകുപ്പിന്റെ അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. 1762 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വിഹിതം. ഇത് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാകും ഉപയോഗിക്കുന്നത്.

ഫാര്‍മസ്യൂട്ടിക്കലിന് പ്രാമുഖ്യം

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ വിജയം നേടിയ സംരംഭങ്ങളാണ് മരുന്നുകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും നിര്‍മാണ യൂണിറ്റുകൾ. ഈ അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് സ്മാര്‍ട്ട് സിറ്റിയിലും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. പുതുശേരി സെന്‍ട്രല്‍ വില്ലേജിലെ 420 ഏക്കര്‍ സ്ഥലത്താണ് വിവിധ ഫാര്‍മസ്യൂട്ടിക്കല്‍ യൂണിറ്റുകള്‍ ആരംഭിക്കുക. ഹൈടെക്‌ മേഖലക്ക് 96 ഏക്കറും നോണ്‍ മെറ്റാലിക് ജനറല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 44 ഏക്കറും വിനിയോഗിക്കും. ടെക്‌സ്റ്റൈല്‍ (54 ഏക്കര്‍), റീസൈക്കിളിംഗ് യുണിറ്റികള്‍ (59 ഏക്കര്‍) എന്നിങ്ങനെ മാറ്റിവെക്കും. പുതുശേരി വെസ്റ്റ് വില്ലേജിലെ 130 ഏക്കറില്‍ ഫുഡ് ആന്റ് ബിവറേജസ് യൂണിറ്റുകള്‍ക്കും ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉല്‍പ്പന്ന യൂണിറ്റുകള്‍ക്കുമാണ് സ്ഥലം കണ്ടെത്തുന്നത്. പ്രകൃതി സൗഹൃദ ഫാക്ടറികള്‍ക്കാണ് അനുമതിയുള്ളത്.

പ്രാദേശിക വികസനത്തിന്റെ സാധ്യതകള്‍

സ്മാര്‍ട്ട് സിറ്റി പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് പദ്ധതി പ്രദേശത്തുള്ളവര്‍ കാണുന്നത്. തൊഴിലവസരങ്ങളുടെ വാതില്‍ തുറക്കുന്നതോടൊപ്പം യുവാക്കള്‍ക്ക് പുതിയ നിക്ഷേപ സാധ്യതകളും തുറക്കപ്പെടുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു. "പാലക്കാടിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ വ്യവസായ വികസനത്തിന് സഹായമാകുന്ന പദ്ധതിയായാണ് ഇതിനെ കാണേണ്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി പുതുശേരി ഗ്രാമത്തെ ബന്ധിപ്പിക്കാന്‍ ഈ പദ്ധതി സഹായിച്ചേക്കും. സ്ഥലമേറ്റെടുക്കുന്ന ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഫണ്ട് വരുന്നതിനനുസരിച്ച് ബാക്കി സ്ഥലം കൂടി ഏറ്റെടുക്കും" -പുതുശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അജീഷ് പറയുന്നു.

പദ്ധതി വരുന്നതറിഞ്ഞതോടെ ഈ മേഖലയില്‍ വസ്തു വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നത് തന്നെ വിപണി വിലയേക്കാള്‍ ഉയര്‍ന്ന വിലക്കാണ്. നേരത്തെ സെന്റിന് 40,000 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥലങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വരെ വില സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പുതുശേരി പഞ്ചായത്തിലും പരിസരങ്ങളിലും വസ്തു വില ഉയരാന്‍ ഇത് കാരണമായിട്ടുണ്ടെന്ന് കഞ്ചിക്കോട് വ്യവസായ എസ്‌റ്റേറ്റിലെ വ്യാപാരി പറയുന്നു. പദ്ധതിയോടനുബന്ധിച്ച് ജീവനക്കാര്‍ക്കുള്ള താമസ സ്ഥലങ്ങള്‍ക്ക് ആവശ്യകത വര്‍ധിക്കാന്‍ ഇടയുണ്ടെന്നാണ് കരുതുന്നത്. ഇത് പുതിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് ഇടയാക്കും. പുതിയ കച്ചവട സ്ഥാപനങ്ങള്‍, സേവന സ്ഥാപനങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ക്കുള്ള സാധ്യതയും വളരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Subair VM
Subair VM - Special Correspondent  
Related Articles
Next Story
Videos
Share it