പേപ്പര്‍, പേപ്പര്‍ ബോര്‍ഡ് കയറ്റുമതിയില്‍ 80% വളര്‍ച്ച, റെക്കോര്‍ഡ് നേട്ടം

2021-22 ല്‍ പേപ്പര്‍, പേപ്പര്‍ ബോര്‍ഡ് എന്നീ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യക്ക് സര്‍വകാല റെക്കോര്‍ഡ് കൈവരിക്കാന്‍ സാധിച്ചു. മൊത്തം കയറ്റുമതി 80 % ഉയര്‍ന്ന് 13,963 കോടി രൂപ നേടി. കോട്ടഡ് പേപ്പര്‍, പേപ്പര്‍ ബോര്‍ഡ് എന്നിവയില്‍ 100 % കയറ്റുമതി വര്‍ധനവാണ് ഉണ്ടായത്. കോട്ട് ചെയ്യാത്ത എഴുതുന്നതിനുള്ള പേപ്പര്‍ (98 %), ടിഷ്യു പേപ്പര്‍ (75 %),ക്രാഫ്റ്റ് പേപ്പര്‍ (37 %) എന്നിങ്ങനെയാണ് വര്‍ധനവ് ഉണ്ടായത് .

കഴിഞ്ഞ 5 വര്‍ഷമായി പേപ്പര്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതായി ഇന്ത്യ പേപ്പര്‍ മാനുഫാക്ക് ചെറേഴ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

യു എ ഇ, ചൈന, സൗദി അറേബ്യ, ബംഗ്ലാദേശ് , വിയറ്റ്‌നാം, ശ്രീ ലങ്ക എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇന്ത്യന്‍ പേപ്പര്‍ ഇറക്കുമതി ചെയ്യുന്നത്. 2016 -17 ല്‍ മൊത്തം കയറ്റുമതിയുടെ അളവ് 0.66 ദശലക്ഷം ടണ്ണായിരുന്നത് 2021-22 ല്‍ 2.85 ദശലക്ഷം ടണ്ണായി ഉയര്‍ന്നു.

ഇന്ത്യന്‍ പേപ്പര്‍ കമ്പനികള്‍ ഉല്‍പാദന ശേഷി വര്‍ധിപ്പിച്ചതും, സാങ്കേതിക നവീകരണത്തിന് മൂലധന നിക്ഷേപം നടത്തിയതും മികച്ച പേപ്പര്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ സഹായകരമായി. അതിലൂടെ ആഗോള വിപണിയില്‍ സ്വീകാര്യത വര്‍ധിച്ചു കഴിഞ്ഞ 7 വര്‍ഷത്തില്‍ 25000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് പേപ്പര്‍ വ്യവസായം നടത്തിയത്.

കേന്ദ്ര വാണിജ്യ മന്ത്രാലയം വിവിധ തരം പേപ്പറുകളുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ന്യുസ് പ്രിന്റ്, കൈ കൊണ്ട് നിര്‍മിച്ച പേപ്പര്‍, വാള്‍ പേപ്പര്‍, കോട്ടഡ് പേപ്പര്‍, ടോയ്ലറ്റ് പേപ്പര്‍, ടിഷ്യു പേപ്പര്‍, കാര്‍ട്ടന്‍ പേപ്പര്‍, എന്‍വലപ്പ്, കാര്‍ബണ്‍ പേപ്പര്‍ തുടങ്ങിയവ ഇതില്‍ പെടും. കുറഞ്ഞ നിരക്കില്‍ വ്യാപകമായി പേപ്പര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് തടയാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Related Articles
Next Story
Videos
Share it