പാറ്റ്‌സ്പിന്‍ ഇന്ത്യ ലിമിറ്റഡിന് നാലാം പാദത്തില്‍ 5.79 കോടി രൂപ നഷ്ടം

കേരളം ആസ്ഥാനമായ കോട്ടണ്‍ നൂല്‍ ഉത്പാദക കമ്പനിയായ പാറ്റ്‌സ്പിന്‍ ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ(2022-23) അവസാന പാദമായ ജനുവരി- മാര്‍ച്ചില്‍ 5.79 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 5.30 കോടി രൂപയായിരുന്നു നഷ്ടം. വരുമാനം 32.82 കോടി രൂപയില്‍ നിന്ന് 22.75 കോടി രൂപയായി.

സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനവും കുറഞ്ഞു. 2021-22 ലെ 143.56 കോടി രൂപയേക്കാള്‍ 47.6 ശതമാനം കുറഞ്ഞ് 75.19 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം കമ്പനി 18.15 കോടി രൂപ വാര്‍ഷിക നഷ്ടവും രേഖപ്പെടുത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 13.37 കോടി രൂപയായിരുന്നു നഷ്ടം.

പൊന്നേരി യൂണിറ്റ് വില്‍പ്പന വരുമാനം കുറച്ചു

2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ തമിഴ്‌നാട്ടിലെ പൊന്നേരിയിലുള്ള യൂണിറ്റ് 110 കോടി രൂപയ്ക്ക് വിറ്റിരുന്നു. അതാണ് വരുമാനം ഇക്കാലയളവില്‍ കുറയാനിടയാക്കിയത്. പൊന്നേരി യൂണിറ്റിന്റെ വില്‍പ്പനയിലൂടെ കമ്പനിക്ക് 14 കോടി രൂപ ലാഭം നേടാനായി. കമ്പനിയുടെ കടം വീട്ടാനും വി.ആര്‍.എസിനു വേണ്ടിയുമാണ് ഈ തുക ചെലവഴിച്ചത്.

വായ്പകള്‍ തിരിച്ചടച്ചതോടെ കമ്പനിയുടെ കടം 2023 സാമ്പത്തിക വര്‍ഷത്തില്‍ 77 കോടി രൂപയായി കുറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 163 കോടി രൂപയായിരുന്നു കടം. ഇന്ന് പാറ്റ്‌സ്പിന്‍ ഓഹരികള്‍ 7.17 ശതമാനം ഇടിഞ്ഞ് 13.21 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it