യു.പി.ഐക്ക് പിന്നാലെ കാർഡ് പേയ്‌മെന്റിനും സൗണ്ട്ബോക്സുമായി പേയ്റ്റീഎം
കടകളിലും മറ്റും കാർഡ് പേയ്‌മെന്റുകൾക്ക് പുറമെ അവയുടെ സ്ഥിരീകരണവും ഉറപ്പാക്കുന്ന കാര്‍ഡ് സൗണ്ട്ബോക്സ് അവതരിപ്പിച്ച് പേയ്റ്റീഎം. വീസ, മാസ്റ്റര്‍കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ്, റുപേ എന്നിവയുള്‍പ്പെടെ മൊബൈല്‍, കാര്‍ഡ് പേയ്മെന്റുകള്‍ സൗണ്ട്ബോക്സ് വഴി നടത്താന്‍ വ്യാപാരികളെ സഹായിക്കുന്ന ഒരു ഉപകരണമാണിത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി 'ടാപ്പ് ആന്‍ഡ് പേ' ഓപ്ഷനിലൂടെ ഇതില്‍ പണമിടപാട് നടത്താനാകും.
സവിശേഷതകള്‍ ഏറെ
സൗണ്ട്ബോക്സ് ഉപയോഗിച്ച് ഓഡിയോ വഴിയുള്ള സ്ഥിരീകരണവും ഇത് നല്‍കുന്നു. കൂടാതെ എല്‍.സി.ഡി ഡിസ്പ്ലേ വഴി വിഷ്വല്‍ പേയ്മെന്റ് സ്ഥിരീകരണവും ഇതിലുണ്ട്.അതായത് ഒരു ഉപകരണത്തില്‍ തന്നെ പണമടയ്ക്കാനും സ്ഥിരികരണം ശബ്ദ സന്ദേശമായി കേള്‍ക്കാനും സാധിക്കുന്നു. 11 ഭാഷകൾ ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട്. വ്യാപാരികളുടെ സൗകര്യമനുസരിച്ച് ഇതിൽ ഏത് ഭാഷ വേണമെങ്കിലും അലേര്‍ട്ടുകള്‍ക്കായി തെരഞ്ഞെടുക്കാം. ഇതില്‍ 5,000 രൂപ വരെയുള്ള കാര്‍ഡ് പേയ്മെന്റുകള്‍ക്ക് 'ടാപ്പ് ആന്‍ഡ് പേ' ഓപ്ഷന്‍ ഉപയോഗിക്കാനാകും.
വേഗത്തിലുള്ള പേയ്മെന്റ് അലേര്‍ട്ടുകള്‍ക്കായി 4ജി നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി ഇതിലുണ്ട്. ഇടപാടിന്റെ വ്യക്തമായ ശബ്ദ അലേര്‍ട്ടുകള്‍ക്കായി 4W സ്പീക്കറാണ് ഇതിലുള്ളത്. പേയ്റ്റീഎം കാര്‍ഡ് സൗണ്ട്ബോക്സിന് അഞ്ച് ദിവസം വരെ നീണ്ട ബാറ്ററി ലൈഫുണ്ടെന്ന് കമ്പനി പറയുന്നു. പേയ്റ്റീഎം പോക്കറ്റ് സൗണ്ട്ബോക്സ്, പേയ്റ്റീഎം മ്യൂസിക് സൗണ്ട്ബോക്സ് എന്നിവയ്ക്ക് പിന്നാലെയാണ് കമ്പനിയുടെ കാര്‍ഡ് സൗണ്ട്ബോക്സിന്റെ വരവ്.