പേടിഎമ്മിന്റെ അറ്റനഷ്ടം ഉയര്‍ന്നു

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ അറ്റനഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ 380.2 കോടിയില്‍നിന്ന് 644.4 കോടി രൂപയായി ഉയര്‍ന്നു. എന്നിരുന്നാലും, ജൂണ്‍ പാദത്തിലെ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമിന്റെ വരുമാനം 88.5 ശതമാനം ഉയര്‍ന്ന് 1,679.6 കോടി രൂപയായി.

പേയ്മെന്റുകളിലെ ശക്തമായ മോണിറ്റൈസേഷന്‍, ഡെവിസ് സബ്സ്‌ക്രിപ്ഷനുകള്‍, വായ്പ പോലുള്ള ഉയര്‍ന്ന മാര്‍ജിന്‍ ബിസിനസുകള്‍ എന്നിവ ത്വരിതപ്പെടുത്തിയതാണ് വരുമാന വളര്‍ച്ചയ്ക്ക് കാരണമായതെന്ന് പേടിഎം പറഞ്ഞു. ഇക്കാലയളവിലെ എബിറ്റ്ഡ (earnings before interest, taxes, depreciation, and amortization) 275 കോടി രൂപയായി കുറഞ്ഞു.

അതേസമയം വായ്പ ബിസിനസില്‍, ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 492 ശതമാനം വളര്‍ച്ചയോടെ മൊത്തം 8.5 ദശലക്ഷം വായ്പ വിതരണം ചെയ്തതായി കമ്പനി അറിയിച്ചു. ഈ പാദത്തില്‍ വിതരണം ചെയ്ത വായ്പകളുടെ മൂല്യം 779 ശതമാനം വര്‍ധിച്ച് 5,554 കോടി രൂപയായി.

പേടിഎം പോസ്റ്റ്പെയ്ഡ് ലോണുകളുടെ വിതരണം മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 486 ശതമാനം വര്‍ധിച്ചു. വിതരണം ചെയ്ത പേടിഎം പോസ്റ്റ്പെയ്ഡ് ലോണുകളുടെ മൂല്യം കഴിഞ്ഞ വര്‍ഷത്തെ 447 കോടി രൂപയില്‍ നിന്ന് 656 ശതമാനം വര്‍ധിച്ച് 3,383 കോടി രൂപയായി.

നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തോടെ പ്രവര്‍ത്തന ലാഭം കൈവരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പേടിഎം. വെള്ളിയാഴ്ച ഓഹരി വിപണിയില്‍ 3.84 ശതമാനം ഇടിഞ്ഞ പേടിഎം ഓഹരി 778.00 രൂപ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related Articles
Next Story
Videos
Share it