

പ്രമുഖ ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്റെ ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തിലെ നഷ്ടം 778.5 കോടി രൂപ. സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 481.70 കോടി രൂപയും കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 535 കോടി രൂപയുമാണ് നഷ്ടം രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍ വരുമാനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 1456 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസത്തില്‍ കമ്പനിയുടെ ആകെ വരുമാനം. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഉണ്ടായിരുന്ന 772 കോടി രൂപയേക്കാള്‍ 89 ശതമാനം അധികമാണിത്.
പേടിഎം വാലറ്റ പേടിഎം ബാങ്ക് എക്കൗണ്ട്, മറ്റു ബാങ്കുകളുടെ നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടെ ഉപയോഗിച്ചുള്ള മര്‍ച്ചന്റ് പേമെന്റുകളുടെ എണ്ണം വര്‍ധിച്ചതും വരുമാനം കൂടാന്‍ കാരണമായതായി ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയുള്ള വായ്പകള്‍ കൂടുതല്‍ അനുവദിച്ചതും കോവിഡിനു ശേഷം ഇ കൊമേഴ്‌സ് മേഖല മെച്ചപ്പെട്ടതും പേടിഎമ്മിന്റെ വരുമാനം കൂടാന്‍ കാരണമായി.
350 ദശലക്ഷം യൂസര്‍മാരാണ് പേടിഎം പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതെന്ന് കമ്പനി പറയുന്നു. 24.9 ദശലക്ഷം വ്യാപാരികളും പേടിഎമ്മിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine