

അമേരിക്കന്‍ കമ്പനിയായ പെപ്‌സികോ ഇന്ത്യയില്‍ വീണ്ടും നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്നു. തമിഴ്‌നാട്ടിലെ മണപ്പറൈയില്‍ ഇതിനായി 28 ഏക്കര്‍ ഭൂമി അനുവദിച്ചതായി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട്. പൊട്ടറ്റോ ചിപ്‌സ് പോലുള്ള സ്‌നാക്കുകളാണ് ഇവിടെ ഉത്പാദിപ്പിക്കുക.
തമിഴ്‌നാട്ടില്‍ നാല് ഭക്ഷ്യ പാര്‍ക്കുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് പെപ്‌സികോയ്ക്ക് സ്ഥലം അനുവദിച്ചത്. മണപ്പാറൈ കൂടാതെ തേനി, നാഗപട്ടണം, തിണ്ടിവനം എന്നിവിടങ്ങളിലാണ് പാര്‍ക്കുകള്‍ തുറക്കുക. സംസ്‌കരിച്ച കാര്‍ഷികോല്‍പന്നങ്ങളുടെ കയറ്റുമതിയും ഉത്പാദനവും കൂട്ടാനാണ് നിര്‍ദിഷ്ട പാര്‍ക്കുകള്‍ വഴി തമിഴ്‌നാട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
2023ലെ കണക്കനുസരിച്ച് ഇന്ത്യയുടെ സ്‌നാക്‌സ് ആന്‍ഡ് ബിവറേജസ് വിപണി 42,694.9 കോടി രൂപയുടേതായിരുന്നു. 2030 ഓടെ ഇത് 95,521.8 കോടിയാകുമെന്നാണ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് അനാലിസിസ് റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ (IMARC) പഠനം വ്യക്തമാക്കുന്നത്. അതായത് അഞ്ച് വര്‍ഷത്തിനുള്ളില്‍ വിപണി ഇരട്ടിയാകും. ഇതു ലക്ഷ്യമിട്ടാണ് പെപ്‌സികോ പോലുള്ള കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ വിപുലീകരണത്തിന് ഒരുങ്ങുന്നത്.
രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിര്‍മാണ കേന്ദ്രം തുറക്കാനുള്ള തയാറെടുപ്പിലാണ് പെപ്‌സികോ. തമിഴ്‌നാട് കൂടാതെ മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലും സാന്നിധ്യം വിപുലപ്പെടുത്തുന്നതായി കഴിഞ്ഞ വര്‍ഷം പെപ്‌സികോ പ്രഖ്യാപിച്ചിരുന്നു. 2023ലാണ് ആസാമിലെ നാല്‍ബരിയില്‍ ആദ്യ ഭക്ഷ്യ നിര്‍മാണ കേന്ദ്രം പെപ്‌സികോ ആരംഭിച്ചത്.
ഇന്ത്യയിലെ വ്യത്യസ്തവും പരമ്പാരാഗതവുമായ രുചിവൈവിധ്യങ്ങളും പാചക രീതിയുമൊക്കെ കണക്കിലെടുത്ത് രുചിപ്രിയരെ തൃപ്തിപ്പെടുത്താന്‍ ഗണ്യമായ നിക്ഷേപം നടത്തുമെന്ന് കുര്‍ക്കുറെ നിര്‍മാതാക്കളായ പെപ്‌സികോ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine