വിദേശ ടൂറിസ്റ്റുകള്‍ക്ക് അനുമതി ഉടന്‍, പ്രതീക്ഷയോടെ കേരളവും

കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിദേശ ടൂറിസ്റ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കേന്ദ്രം ഉടന്‍ പിന്‍വലിച്ചേക്കും. ഒന്നര വര്‍ഷത്തിന് ശേഷമാണ് വിദേശ ടൂറിസ്റ്റുകള്‍ക്കുള്ള വാതില്‍ തുറക്കാന്‍ കേന്ദ്രമൊരുങ്ങുന്നത്. വിദേശ വിനോദ സഞ്ചാരികളെ ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത 10 ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മഹാമാരി കാരണം രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ട മേഖലയാണ് ടൂറിസം. വിദേശ ടൂറിസ്റ്റുകള്‍ക്കുള്ള അനുമതി നല്‍കുന്നതോടെ ഈ മേഖലയില്‍ തിരിച്ചുവരവ് വേഗത്തില്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. അതേസമയം, കോവിഡ് കാരണം പ്രതിസന്ധിയിലായ ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാന മേഖലകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആദ്യത്തെ അഞ്ച് ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ക്ക് സൗജന്യമായി വിസ നല്‍കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. സൗജന്യ വിസ നല്‍കാനുള്ള നീക്കം ഇന്ത്യ സന്ദര്‍ശിക്കുന്ന ഹ്രസ്വകാല വിനോദ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ ടൂറിസ്റ്റുകള്‍ക്കുള്ള അനുമതി ലഭ്യമാക്കുമെങ്കിലും മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും. വാക്‌സിനേഷന്‍ ചെയ്തവര്‍, കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം തുടങ്ങിയവ പോലുള്ള നിബന്ധനകളെ കുറിച്ച് ആലോചിക്കുന്നതായും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
രാജ്യത്ത് വിദേശ ടൂറിസ്റ്റുകള്‍ക്കുള്ള അനുമതി ലഭ്യമാക്കിയാല്‍ കേരളത്തിനും പ്രതീക്ഷകളേറെയാണ്. സമീപദിവസങ്ങളിലായി സംസ്ഥാനത്തെ കോവിഡ് ആശങ്ക നീങ്ങുന്നതിനാല്‍ തന്നെ ഈ നീക്കം ആലപ്പുഴ അടക്കമുള്ള വിദേശികളുടെ സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് ഉണര്‍വേകും. എന്നാല്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് അനുമതി നല്‍കിയാലും സന്ദര്‍ശകര്‍ വന്നുതുടങ്ങാന്‍ രണ്ട് മാസത്തോളം വേണ്ടി വരുമെന്നാണ് ഹൗസ് ബോട്ട് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ആലപ്പുഴയിലെ റോയല്‍ റിവേഴ്‌സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ രാഹുല്‍ രമേശ് പറയുന്നത്.
വിദേശ ടൂറിസ്റ്റുകളെ സ്വീകരിക്കുന്നതിന് ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. പ്രീമിയം സൗകര്യങ്ങള്‍ ഒരുക്കാന്‍ ഹൗസ്‌ബോട്ടുകളിലടക്കം ഫര്‍ണീച്ചര്‍ വര്‍ക്കുകളും മറ്റ് ചെയ്യാനുണ്ട്. ഇതിന് ഏറെ സമയം വേണ്ടിവരും. കൂടാതെ, ഇന്ത്യയിലെ കോവിഡ് കേസുകളില്‍ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് ആശങ്കയുള്ളതിനാല്‍ തന്നെ എത്രത്തോളം ആളുകള്‍ വിനോദത്തിനായി ഇന്ത്യയിലെത്തുമെന്നതില്‍ സംശയമുണ്ടെന്നും അദ്ദേഹം പറയുന്നു.


Related Articles
Next Story
Videos
Share it