വണ്‍, ടൂ, ത്രീ... PAY! ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും വേണ്ട, യു.പി.ഐ പണമിടപാട് ഇനി ഫീച്ചര്‍ ഫോണുകളിലും

റിസർവ് ബാങ്കിന്റെ '123PAY' സംവിധാനത്തിലൂടെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയോ സ്മാർട്ട്ഫോണോ ഇല്ലാതെ സാധാരണ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവർക്കും ഇനി യു.പി.ഐ വഴി വേഗത്തിൽ പണം ഇടപാട് നടത്താം
വണ്‍, ടൂ, ത്രീ... PAY! ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും വേണ്ട, യു.പി.ഐ പണമിടപാട് ഇനി ഫീച്ചര്‍ ഫോണുകളിലും
Published on

ഇന്റർനെറ്റ് കണക്ഷനോ സ്മാർട്ട്‌ഫോണോ ഇല്ലാതെ തന്നെ സാധാരണ കീപാഡ് ഫോണുകൾ (ഫീച്ചർ ഫോണുകൾ) ഉപയോഗിക്കുന്നവർക്കും ഇനി ഫോൺപേ വഴി ഡിജിറ്റൽ ഇടപാടുകൾ നടത്താം. ഇന്ത്യയിലെ 20 കോടിയിലധികം വരുന്ന ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി ഫോൺപേ 'യു.പി.ഐ 123പേ' (UPI 123Pay) സേവനം ആരംഭിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (RBI) എൻ.പി.സി.ഐയും (NPCI) സംയുക്തമായി അവതരിപ്പിച്ച '123PAY' സേവനമാണ് ഫോൺപേ പ്ലാറ്റ്ഫോമിൽ സംയോജിപ്പിച്ചത്.

ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് യു.പി.ഐ സേവനങ്ങൾ ലഭ്യമാക്കുന്ന ആദ്യ പ്രമുഖ തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡറാണ് (TPAP) ഫോൺപേ. ഇതോടെ ഡിജിറ്റൽ സേവനങ്ങൾ പരിമിതമായ ഗ്രാമീണ മേഖലകളിലെ ഉപഭോക്താക്കൾക്കും ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കും ഡിജിറ്റൽ ഇടപാടുകൾ നടത്താൻ വഴിതുറക്കുകയാണ്. ഇന്ത്യയിലെ 20 കോടിയിലധികം വരുന്ന ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായാണ് ഫോണ്‍പേ ഈ സേവനം ആരംഭിച്ചിരിക്കുന്നത്.

നോക്കിയ, എച്ച്.എം.ഡി (HMD), ലാവ (Lava), ഐറ്റൽ (Itel) തുടങ്ങിയ ബ്രാൻഡുകളുടെ പുതിയ ഫീച്ചർ ഫോണുകളിൽ ഈ സേവനം മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത് (Pre-bundled) ലഭ്യമാക്കും. വരും മാസങ്ങളിൽ കൂടുതൽ ഹാൻഡ്‌സെറ്റ് നിർമാതാക്കളുമായി ഫോൺപേ കരാറിലെത്തും. 2ജി കണക്റ്റിവിറ്റി മാത്രമുള്ള പ്രദേശങ്ങളിലും തടസ്സമില്ലാതെ ഇടപാടുകൾ നടത്താൻ കഴിയുന്ന സുശക്തമായ എസ്.എം.എസ് (SMS) അടിസ്ഥാനമാക്കിയുള്ള ആർക്കിടെക്ചറിലാണ് ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്.

എങ്ങനെ പ്രവർത്തിക്കും 123PAY?

മൊബൈൽ നമ്പർ അല്ലെങ്കിൽ യു.പി.ഐ ഐഡി ഉപയോഗിച്ച് വ്യക്തികൾ തമ്മിലുള്ള (P2P) പണമിടപാടുകളും വ്യാപാരികൾക്കുള്ള (P2M) പേയ്‌മെന്റുകളും ക്യു.ആർ കോഡ് സ്‌കാനിംഗ് വഴിയും പൂർത്തിയാക്കാം. പണമിടപാടുകൾക്ക് പുറമെ ബാങ്ക് ബാലൻസ് പരിശോധിക്കാനും ട്രാൻസാക്ഷൻ ഹിസ്റ്ററി കാണാനും അക്കൗണ്ടുകൾ മാനേജ് ചെയ്യാനും ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ഇതിലൂടെ സാധിക്കും.

ഇന്റർനെറ്റ് ഡാറ്റയോ ആപ്പുകളോ ഇല്ലാതെ തന്നെ ഫോൺ കോളുകൾ വഴിയോ IVR (Interactive Voice Response) അധിഷ്ഠിതമായ സംവിധാനത്തിലൂടെയോ പണം കൈമാറാൻ 123PAY സഹായിക്കും. ഐ.വി.ആർ നമ്പറിലേക്ക് വിളിച്ച് നൽകുന്ന ശബ്ദ നിർദേശങ്ങൾ അനുസരിച്ച് ഇടപാടുകൾ നടത്താം. ഫീച്ചർ ഫോണുകളിലെ മിസ്ഡ് കോൾ സംവിധാനം ഉപയോഗിച്ചും ഇടപാടുകൾ പൂർത്തിയാക്കാം. പ്രോക്സിമിറ്റി സൗണ്ട് അധിഷ്ഠിത പെയ്മെന്റുകളും ഒ.ടി.പി (OTP) അധിഷ്ഠിത ഇടപാടുകളും ഇതിൽ സാധ്യമാണ്.

ഒരു ബാങ്ക് അക്കൗണ്ടും അതിലേക്ക് ലിങ്ക് ചെയ്ത മൊബൈൽ നമ്പറും മാത്രമാണ് ഇതിനായി ഉപഭോക്താക്കൾക്ക് ആവശ്യമുള്ളത്.

UPI 123Pay രജിസ്റ്റര്‍ ചെയ്യാം

* ഫീച്ചര്‍ ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോണ്‍പേ ആപ്പ് തുറക്കുക.

* ഓട്ടോമേറ്റഡ് ഡിവൈസ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി നിബന്ധനകളും വ്യവസ്ഥകളും (Terms & Conditions) വായിച്ച് അംഗീകരിക്കുക.

* നല്‍കിയിരിക്കുന്ന ഓപ്ഷനുകളുടെ പട്ടികയില്‍ നിന്ന് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക.

* ഡെബിറ്റ് കാര്‍ഡിന്റെ അവസാന 6 അക്കങ്ങളും കാര്‍ഡിന്റെ കാലാവധി അവസാനിക്കുന്ന തീയതിയും (Expiry Date) നല്‍കുക.

* UPI PIN സെറ്റ് ചെയ്യുക.

* ഇതോടെ UPI ID സജീവമാവുകയും, ഫോണ്‍പേ UPI 123Pay ഉപയോഗിച്ച് ഉടനടി പണമിടപാടുകള്‍ നടത്താന്‍ സാധിക്കുകയും ചെയ്യും.

കേരളത്തിനും വലിയ മുന്നേറ്റം

ഡിജിറ്റൽ സാക്ഷരതയിൽ ഏറെ മുന്നിലാണെങ്കിലും കേരളത്തിലെ മുതിർന്ന പൗരന്മാർക്കിടയിലും ഗ്രാമീണ മേഖലകളിലും ഇപ്പോഴും ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന വലിയൊരു വിഭാഗമുണ്ട്. ഇന്റർനെറ്റ് തടസ്സങ്ങൾ കാരണം ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും തോട്ടം മേഖലകളിലും ഉണ്ടാകുന്ന പണമിടപാട് പ്രയാസങ്ങൾക്ക് ഈ സംവിധാനം വലിയൊരു പരിഹാരമാകും.

സാധാരണ ഫോൺ ഉപയോക്താക്കൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ആക്റ്റിവേറ്റ് ചെയ്യുന്നതിനായി വോയ്‌സ് അസിസ്റ്റന്റും എ.ഐ പിന്തുണയുള്ള ഹെൽപ്പ്‌ലൈനും ഫോൺപേ ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത ഐ.വി.ആർ (IVR) മെനുകൾക്ക് പകരം ഇംഗ്ലീഷും മലയാളം ഉൾപ്പെടെ 12 ഇന്ത്യൻ ഭാഷകളും സംസാരിക്കുന്ന സംഭാഷണ രൂപത്തിലുള്ള വോയ്‌സ് അസിസ്റ്റന്റാണ് മാർഗനിർദേശങ്ങൾ നൽകുന്നത്. ഇനി വരുന്ന അപ്ഡേറ്റുകളിലൂടെ ബില്‍ പേയ്മെന്റുകള്‍, റീച്ചാര്‍ജ് സൗകര്യം, ആധാര്‍ അടിസ്ഥാനമാക്കിയുള്ള യു.പി.ഐ ഓണ്‍ബോര്‍ഡിംഗ് എന്നിവയും ഫീച്ചര്‍ ഫോണുകളില്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

PhonePe introduces RBI's 123PAY functionality, enabling seamless UPI transactions for feature phone users without an internet connection.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com