പൈനാപ്പിളും റബറും കൃഷി ചെയ്ത ടോമി പറയുന്നു, അടയ്ക്കയാണ് ആദായകരം

കാഞ്ഞിരപ്പള്ളിയില്‍ എലിക്കുളം പഞ്ചായത്തില്‍ 1500 കിലോ ആര്‍ക്കും വേണ്ടാത്ത പൈനാപ്പിള്‍ സൗജന്യമായി കൊടുത്ത് ടോമി മറ്റപ്പള്ളി.
പൈനാപ്പിളും റബറും കൃഷി ചെയ്ത ടോമി പറയുന്നു, അടയ്ക്കയാണ് ആദായകരം
Published on: 

വിപണിയില്‍ വില്‍ക്കാന്‍ കൊണ്ട് പോയ 1500 കിലോയിലധികം പൈനാപ്പിള്‍ (Pineapple farming) ആരും വാങ്ങാത്തതിനാല്‍ സൗജന്യമായി നാട്ടുകാര്‍ക്ക് കൊടുത്തു സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത സൃഷ്ടിച്ചിരിക്കുകാണ് കാഞ്ഞിരപ്പള്ളിയില്‍ എലിക്കുളം പഞ്ചായത്തിലെ ചെറുകിട കര്‍ഷകനായ ടോമി മറ്റപ്പള്ളി.

പഴുത്ത കൈതച്ചക്കക്ക് ജ്യൂസ് കടയിലും ബേക്കറികളിലും കുഴിമന്തി വില്‍ക്കുന്ന ഹോട്ടലുകളിലും വന്‍ ഡിമാന്‍ഡായിരുന്നു. എന്നാല്‍ മേയ് മാസം തുടര്‍ച്ചയായ മഴ വന്നതോടെ കൈതചക്കക്ക് ആവശ്യക്കാര്‍ കുറഞ്ഞു. നേരത്തെ 50 കിലോ എടുത്തിരുന്ന ജ്യുസ് കടക്കാര്‍ ഇപ്പോള്‍ 5 -10 കിലോ യില്‍ കൂടുതല്‍ എടുക്കുന്നില്ലന്ന് ടോമി വിലപിക്കുന്നു.

ഡല്‍ഹിയിലും മറ്റ് ഉത്തര ഇന്ത്യന്‍ വിപണികളിലും പഴുത്ത കൈതച്ചക്കയ്ക്ക് 80 രൂപ വരെ കിലോയ്ക്ക് ലഭിക്കുന്ന സാഹചര്യത്തിലാണ് ടോമി സൗജ്യന്യമായി വിളവ് നല്‍കേണ്ട ഗതി കേടില്‍ എത്തിയിരിക്കുന്നത്. വാഴക്കുളത്തെ സര്‍ക്കാര്‍ കമ്പനിയായ വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി യിലൂടെ കര്‍ഷകന് യാതൊരു മെച്ചവും കിട്ടിയിട്ടില്ലെന്ന് ടോമി പറയുന്നു. സര്‍ക്കാര്‍ അനുവദിക്കുന്ന ശമ്പളവും വൈദ്യതി ചെലവിന് ഉപയോഗപ്പെടുത്തുകയാണ്. കേവലം 50 ടണ്‍ മാത്രമാണ് അവിടെ സംസ്‌കരിക്കുന്നത്.

2019 ല്‍ റബര്‍ വെട്ടി മാറ്റിയ ശേഷം പൈനാപ്പിള്‍ കൃഷി ആരംഭിച്ച ടോമിക്ക് ആദ്യ പ്രതിസന്ധി കോവിഡിന്റെ രൂപത്തിലാണ് എത്തി യത്. ആദ്യ വിളവെടുപ്പില്‍ 2000 കിലോ ലഭിച്ചത് കോട്ടയം കലക്ടറുടെ അനുമതിയോടെ 2020 ല്‍ ലോക് ഡൗണ്‍ കാലത്ത് വണ്ടിയില്‍ കൊണ്ട് വെച്ച് കളക്റ്ററേറ്റിലെ ജീവനക്കാര്‍ക്ക് 5 കിലോ 100 രൂപക്ക് വില്‍ക്കുകയാണ് ചെയ്തത്. നാല് ഏക്കര്‍ സ്വന്തമായി കാഞ്ഞിരപ്പള്ളിയിലും 19 ഏക്കര്‍ പാട്ടത്തിന് എടുത്ത് വിവിധ സ്ഥലങ്ങളിലായിട്ടാണ് കൃഷി.

ടോമി സൗജന്യമായി കൈതച്ചക്ക നല്‍കുന്ന വിവരം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര്‍ പിന്തുണച്ചും സഹതപിച്ചും അദ്ദേഹത്തെ വിളിക്കുകയും പ്രകീര്‍ത്തിച്ച് പോസ്റ്റ് ഇടുകയും ചെയ്തെങ്കിലും ടോമി പറയുന്നു, പൈനാപ്പിള്‍ കൃഷി അത്ര ആദായകരമല്ല.

പഴുത്ത പഴത്തിന് ഉത്തര ഇന്ത്യയില്‍ ഡിമാന്‍ഡ് ഉണ്ടെങ്കിലും വിമാന മാര്‍ഗം എത്തിക്കാന്‍ കഴിഞ്ഞാലേ അവിടെ വില്‍ക്കാന്‍ സാധിക്കു. അല്ലെങ്കില്‍ കേരളത്തില്‍ സംസ്‌കരണ ശേഷി വര്‍ധിപ്പിക്കണം. ഓര്‍ഗാനിക്ക് കൃഷി രീതി പിന്തുടരുന്ന ടോമിയുടെ കണക്കില്‍ ഒരു കിലോ ഉല്‍പാദിപ്പിക്കാന്‍ 30 രൂപ ചെലവുണ്ട്. വളങ്ങളുടെ വിലയും തൊഴിലാളികളുടെ വേതന വര്‍ധനവ്, ഡീസല്‍ വില വര്‍ധിച്ചതും മൊത്തം ചെലവ് ഉയര്‍ത്തുന്നു. 120 ദിവസമാകുമ്പോളാണ് പച്ച കൈതച്ചക്ക പറിക്കുന്ന എന്നാല്‍ 140 ദിവസമാകാതെ പൂര്‍ണ വളര്‍ച്ച എത്തുകയില്ല.

ഇപ്പോള്‍ ടോമി അടയ്ക്കയിലാണ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്- കര്‍ണാടകത്തില്‍ നിന്നുള്ള ഇന്റര്‍ മംഗള, മോഹിത് നൂര്‍ എന്ന രണ്ടു കവുങ്ങ് ഇനങ്ങള്‍ 500 തൈകള്‍ വീതം നട്ട് അടുത്ത വര്‍ഷം വിളവെടുപ്പിന് തയ്യാറാവുകയാണ് ടോമി. അടയ്ക്കക്ക് കിലോക്ക് 400 രൂപ വരെ ലഭിക്കും, ഉല്‍പ്പാദന ചെലവും കുറവ്. പുതിയ ഇനങ്ങള്‍ അധികം ഉയരത്തില്‍ വളരാത്തതിനാല്‍ തോട്ടി കൊണ്ട് അടക്ക പറിക്കാന്‍ സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com