Begin typing your search above and press return to search.
എക്‌സില്‍ ലോകനേതാക്കളെ കടത്തിവെട്ടി മോദി
സാമൂഹ്യമാധ്യമമായ എക്‌സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 10 കോടി കടന്നു. ഇതോടെ അധികാരത്തിലുള്ള ലോകനേതാക്കളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന നേതാവായി മോദി മാറി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം മൂന്ന് കോടിയോളമാണ് വര്‍ധിച്ചത്.
പിന്തുടരുന്നവരുടെ എണ്ണം 10 കോടി കടന്നത് മോദി എക്‌സിലൂടെ തന്നെ പങ്കുവച്ചിട്ടുണ്ട്. ഊര്‍ജസ്വലമായ ഈ മാധ്യമത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും ഇതില്‍ നടക്കുന്ന ചര്‍ച്ചകളും വാഗ്‌വാദങ്ങളും ഉള്‍ക്കാഴ്കളും ആളുകളുടെ അംഗീകാരവും ക്രിയാത്മകമായ വിമര്‍ശനങ്ങളുമൊക്കെ വിലമതിക്കുന്നുവെന്നും മോദി കുറിച്ചു.
ആഭ്യന്തര മന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ മോദിക്ക് ആശംസ അറിയിച്ചു. ലോകം ഉറ്റുനോക്കുന്ന ലോകനേതാക്കളിലൊരാളാണ് മോദിയെന്നും ഇന്ത്യയിലെ അദ്ദേഹത്തിന്റെ പ്രസിദ്ധി മാത്രമല്ല ആഗോള തലത്തിലുള്ള സ്വീകാര്യതയാണ് ഇതു സൂചിപ്പിക്കുന്നതെന്നും അമിത്ഷാ പറയുന്നു.
പ്രതിപക്ഷ നേതാക്കളേക്കാള്‍ ബഹുദൂരം മുന്നില്‍
പ്രതിപക്ഷനേതാവായ രാഹുല്‍ ഗാന്ധിയെ ബഹുദൂരം പിന്നിലാക്കിയാണ് മോദിയുടെ മുന്നേറ്റം. രാഹുല്‍ ഗാന്ധിക്ക് 2.6 കോടി ഫോളോവേഴ്‌സാണ് എക്‌സിലുള്ളത്. അതേസമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് 2.7 കോടി ഫോളോവേഴ്‌സുണ്ട്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് 1.97 കോടി ഫോളോവേഴ്‌സും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് 74 ലക്ഷം ഫോളോവേഴ്‌സുമാണുള്ളത്. പ്രതിപക്ഷത്തുള്ള പ്രമുഖ നേതാക്കളുടെയെല്ലാം ഫോളോവര്‍മാരുടെ എണ്ണം കൂട്ടിച്ചേര്‍ത്താലും മോദി തന്നെയാണ് മുന്നില്‍.
ലോകനേതാക്കളിലും മുന്നില്‍
യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കളും മോദിക്ക് ഏറെ പിന്നിലാണ്. 3.8 കോടിയാണ് ബൈഡന്റെ ഫോളോവേഴ്‌സിന്റെ എണ്ണം. ദുബൈ ഭരണാധികാരി ഷെയ്ക് മുഹമ്മദിന് 1.12 ലക്ഷവും പോപ്പ് ഫ്രാന്‍സിസിന് 1.8 ലക്ഷവും ഫോളോവേഴ്‌സാണുള്ളത്. മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒമാമ മാത്രമാണ് 1.17 കോടി ഡോളറുമായി ലോക നേതാക്കളില്‍ മോദിക്ക് മുന്നിലുള്ളത്.
മോദിക്ക് മുന്നിൽ ഇവർ
എക്‌സില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളത് ഉടമയായ ഇലോണ്‍ മസ്‌കിന് തന്നെയാണ്. 18.87 കോടി പേരാണ് മസ്‌കിനെ ഫോളോ ചെയ്യുന്നത്. ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പോപ്പ് ഗായകന്‍, ജസ്റ്റിന്‍ ബീബര്‍, ഗായികയും നടിയുമായ റിഹാന്ന, ഗായിക കേറ്റി പെറി എന്നിവരാണ് മോദിക്ക് മുന്നിലുള്ളത്.
2009ല്‍ എക്‌സില്‍ ജോയിന്‍ ചെയ്തതു മുതല്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഇതുവഴി മോദി നടത്തുന്നുണ്ട്. മറ്റ് സാമൂഹ്യ മാധ്യമങ്ങളായ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും മോദിക്ക് വലിയ ഫാന്‍ ബേസാണുള്ളത്. ഏകദേശം 2.5 കോടി പേര്‍ യൂട്യൂബിലും 9.1 കോടി പേര്‍ ഇന്‍സ്റ്റഗ്രാമിലും മോദിയെ ഫോളോ ചെയ്യുന്നു.
Next Story
Videos