

കേരളം ഇന്നുവരെ കണ്ടതിൽ വച്ചേറ്റവും വലിയ നിക്ഷേപ പദ്ധതികളിലൊന്നായ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാൻഷൻ പ്രൊജക്റ്റിന്റെ (IREP) ഉദ്‌ഘാടനം ജനുവരി 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ നിർവഹിക്കും.
ഐആർഇപി യാഥാർഥ്യമാകുന്നതോടെ പ്രതിവര്‍ഷ ക്രൂഡ് ഓയ്ല്‍ സംസ്‌കരണ ശേഷി 95 ലക്ഷം ടണ്ണില്‍ നിന്ന് 15.5 ലക്ഷം ടണ്ണായി വര്‍ധിക്കും. ഇതോടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സംസ്‌കരണ ശേഷിയുള്ള പൊതുമേഖലാ സ്ഥാപനമായി കൊച്ചി റിഫൈനറി മാറും. 16504 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണ തുക.
റിഫൈനറിയിലെ അനുബന്ധ പദ്ധതികൾക്കും കൂടി 20,000 കോടി രൂപയാണ് ആകെ ചെലവ്.
ഞായറാഴ്ച കൊച്ചി റിഫൈനറിയില്‍ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ചടങ്ങില്‍ ഐആർഇപി പദ്ധതിക്ക് പുറമെ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ മൗണ്ടഡ് ബുള്ളറ്റ് സ്റ്റോറേജും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും. ഇതിന് പുറമെ ബി.പി.സി.എൽ – പെട്രോകെമിക്കൽ കോംപ്ളക്‌സ്, ഏറ്റുമാനൂരിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെന്റ് ക്യാമ്പസ് എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.
പെട്രോക്കെമിക്കല്‍ റിഫൈനറി സമുച്ചയത്തിന്റെ നിര്‍മാണം 2022 ഓടെ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐആര്‍ഇപിയുടെ പൂര്‍ത്തീകരണത്തോടെ 5,00,000 മെട്രിക് ടണ്‍ പ്രൊപ്പലീനാണ് കൊച്ചി റിഫൈനറിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. പെട്രോകെമിക്കല്‍ വ്യവസായത്തിന് ആവശ്യമായ മുഖ്യ ഘടകമാണിത്. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്കു കീഴില്‍ തങ്ങളുടെ പുതിയ സംരംഭമായ പ്രൊപ്പലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പദ്ധതി (പിഡിപിപി) അവതരിപ്പിച്ചിരിക്കുകയാണ് ബിപിസിഎല്‍ കൊച്ചി റിഫൈനറി. ഐആര്‍ഇപി പദ്ധതിയുടെ ഭാഗമായി ലഭ്യമാകുന്ന 2,50,000 മെട്രിക് ടണ്‍ പ്രൊപ്പലീന്‍ ഇതുവഴി പ്രയോജനപ്പെടുത്താനാകുമെന്നാണ് കണക്കാക്കുന്നത്.
മൂന്ന് മൗണ്ടഡ് സ്റ്റോറേജ് ബുള്ളറ്റുകൾ പ്രവർത്തനമാരംഭിക്കുന്നതോടെ എൽപിജി ബോട്ടിലിംഗ് പ്ലാന്റിന്റെ സംഭരണ ശേഷി 4350 മെട്രിക് ടണ്ണായി ഉയരും. ഏഴ് ജില്ലകളിലായി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഗുണകരമാകുന്നതാണ് ഈ പദ്ധതിയെന്ന് ബിപിസിഎൽ അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine