Begin typing your search above and press return to search.
കേന്ദ്രത്തിന്റെ സൂര്യഘര്‍ പുരപ്പുറ സോളാര്‍ സബ്‌സിഡി പദ്ധതിക്ക് ഈടില്ലാതെ വായ്പയും നേടാം
രാജ്യത്തെ ഒരുകോടി വീടുകള്‍ക്ക് സോളാര്‍ശോഭയുടെ വെളിച്ചമേകുന്നത് ലക്ഷ്യമിട്ട് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് പി.എം - സൂര്യഘര്‍ മുഫ്ത് ബിജ്‌ലി യോജന. പദ്ധതിയില്‍ അംഗമാകുന്ന വീടുകള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി ലഭ്യമാക്കുകയാണ് ഉദ്ദേശ്യം.
പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കേണ്ട സോളാര്‍ പാനല്‍ അടക്കമുള്ള സംവിധാനത്തിന് സബ്‌സിഡി നല്‍കുകയും ചെയ്യും. പരമാവധി 3 കിലോവാട്ട് വരെശേഷിയുള്ള സോളാര്‍ സിസ്റ്റത്തിനാണ് സബ്‌സിഡി ലഭിക്കുക.
രണ്ട് കിലോവാട്ട് വരെ ശേഷിയുള്ളവയ്ക്ക് 60 ശതമാനം, രണ്ട് കിലോവാട്ടിന് മുകളില്‍ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ളവയ്ക്ക് 40 ശതമാനവുമാണ് സബ്‌സിഡി ലഭിക്കുക. ഇതുപ്രകാരം 30,000 മുതല്‍ 78,000 രൂപവരെ സബ്‌സിഡി ലഭിക്കും.
പദ്ധതിയിലേക്കായി ഇതിനകം ഒരുകോടിയിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസം, ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ മാത്രം 5 ലക്ഷത്തിലധികം വീതം കടന്നു. മൊത്തം 75,000 കോടി രൂപ കേന്ദ്രത്തിന് ചെലവ് വരുന്ന പദ്ധതിയാണിത്.
നേടാം ഈടുരഹിത വായ്പയും
പദ്ധതിക്കായി ഈടുരഹിത വായ്പയും നിരവധി ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ റിപ്പോനിരക്കായ 6.50 ശതമാനത്തേക്കാള്‍ 0.5 ശതമാനത്തോളം അധികമായിരിക്കും പലിശ; അതായത് 7 ശതമാനം. രണ്ടുലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപവരെ വായ്പ നേടാന്‍ അവസരമുണ്ട്. പത്തുവര്‍ഷമാണ് ശരാശരി തിരിച്ചടവ് കാലാവധി.
Next Story
Videos