Begin typing your search above and press return to search.
മെഡിക്കല്‍ ഉപകരണങ്ങളുടെ വില നിയന്ത്രണം തിരിച്ചടിയാകുമോ
കോവിഡ് വ്യാപകമായതോടെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് കമ്പനികള്‍ തോന്നിയ വില ഈടാക്കിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വില നിയന്ത്രണം തിരിച്ചടിക്കുമോ എന്ന ആശങ്ക ഉയരുകയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനാവില്ലെന്നാണ് മെഡിക്കല്‍ ഉപകരണ ഉല്‍പ്പാദകരടക്കം ചൂണ്ടിക്കാട്ടുന്നത്. ഗുണമേന്മ കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരിലും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലും രോഗം പടരുന്നത് തടയാന്‍ പരാജയപ്പെടുമെന്നാണ് ആശങ്ക. കേരളം ഗുണമേന്മയെക്കാളേറെ വിലയ്ക്ക് പ്രാധാന്യം നല്‍കുന്ന വിപണിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതുകൊണ്ടു തന്നെ വ്യാപാരികള്‍ക്കും കൂടുതല്‍ വിറ്റഴിയുന്ന വില കുറഞ്ഞ ഉല്‍പ്പന്നങ്ങളോട് താല്‍പ്പര്യമുണ്ടാകും.
മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സംരംഭങ്ങള്‍ കേരളത്തില്‍ വളരെ കുറവാണെന്നതിനാല്‍ സംസ്ഥാനത്തിന് ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങളില്‍ ഭൂരിഭാഗവും മലേഷ്യ, തായ്‌വാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്. കൂടാതെ വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വടക്കേയിന്ത്യയിലെ ഗല്ലികളില്‍ നിന്നും എത്തുന്നുണ്ട്.
മലേഷ്യയില്‍ നിന്ന് ഒരു ഗ്ലൗസിന് 4.67 രൂപ നല്‍കിയാണ് സംരംഭകര്‍ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഗ്ലൗസിന് നിശ്ചയിച്ച വില നികുതി കൂടാതെ 5.50 രൂപയാണ്. ഇത് ഒരിക്കലും ലാഭകരമല്ല എന്നതു കൊണ്ട് മലേഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിലച്ച മട്ടാണ്. ഇതിന് പകരമായി വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള വില കുറഞ്ഞവ വിപണിയിലെത്തി തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവയുടെ ലഭ്യതക്കുറവും സംസ്ഥാനത്ത് ഇനിയുണ്ടായേക്കാം.
മികച്ച ഗുണനിലവാരമുള്ള പിപിഇ കിറ്റിന് 600 രൂപയെങ്കിലും എംആര്‍പി ലഭിച്ചിരിക്കണമെന്നാണ് ഉല്‍പ്പാദകരുടെ വാദം. എന്നാല്‍ 273 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില. പിപിഇ കിറ്റ് നിര്‍മിക്കുന്നതിനുള്ള റിലയന്‍സ്, ആല്‍ഫാ ഫോംസ്, ജിന്‍ഡാല്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഗുണമേന്മയുള്ള ഫാബ്രികിന് കിലോയ്ക്ക് 280 രൂപയാണ്. ഇത് ഉല്‍പ്പന്നമാക്കി വിപണിയിലെത്തുമ്പോള്‍ നിര്‍മാണ ചെലവ് മാത്രം 300-360 രൂപയോളം വരുമെന്ന് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മെഡിക്കല്‍ ഡിവൈസ് മാനുഫാക്‌ചേഴ്‌സ് സംസ്ഥാന സെക്രട്ടറി ഹരി കെ എസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം റി യൂസ്ഡ് നോണ്‍ വോവന്‍ മെറ്റീരിയല്‍ ഉപയോഗിച്ചുള്ള ഗുണനിലവാരമില്ലാത്ത പിപിഇ കിറ്റിനുള്ള തുണി തമിഴ്‌നാട്ടില്‍ നിന്ന് വരുന്നുണ്ട്. ഇതുപയോഗിച്ച് നിര്‍മിക്കുന്ന പിപിഇ കിറ്റ് ചര്‍മ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ആരോപണമുണ്ട്. മാത്രമല്ല അപകടകാരിയായ കൊറോണ വൈറസിനെ കടത്തി വിടുകയും ചെയ്യും.
കൊറോണ വൈറസിന്റെ വലിപ്പം 0.15 മൈക്രോണ്‍ ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഗുണമേന്മയുള്ള പിപിഇ കിറ്റുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഫാബ്രികില്‍ 0.13 മൈക്രോണ്‍ വരെ വലിപ്പമുള്ള സുഷിരങ്ങളേ ഉണ്ടാകൂ. അതു കൊണ്ട് ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്ന പിപിഇ കിറ്റുകളിലൂടെ വൈറസിന് അകത്തു കടക്കാനാകില്ല. എന്നാല്‍ ഗുണമേന്മയില്ലാത്ത റി യൂസ്ഡ് നോണ്‍ വോവന്‍ മെറ്റീരിയലുകളില്‍ 1.20 മൈക്രോണില്‍ കൂടുതല്‍ വലിപ്പമുള്ള സുഷിരങ്ങളുണ്ടാകും. ഇത് രോഗവ്യാപനത്തിന് ഇടയാക്കും. ഇതില്‍ രോഗം തടയാനുള്ള സാധ്യത 40 ശതമാനം മാത്രമാണ്.
നിലവില്‍ സംസ്ഥാനത്ത് മെഡിക്കല്‍ ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനമില്ല. അതുകൊണ്ടു തന്നെ ആര്‍ക്കും എന്തും വില്‍ക്കാവുന്ന സാഹചര്യമാണ്. കോവിഡിന്റെ സാഹചര്യത്തില്‍ എളുപ്പത്തില്‍ വിറ്റുപോകുകയും ചെയ്യും.
സംസ്ഥാനത്ത് കോവിഡ് വ്യാപകമായതിനു ശേഷം കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 400-500 കോടി രൂപയുടെ പിപിഇ കിറ്റ് വിറ്റുപോയിട്ടുണ്ടെന്നാണ് ഹരി കെ എസ് പറയുന്നത്.
Next Story
Videos