ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്ക് കൂടുതൽ ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതിക്ക് സാധ്യത തെളിയുന്നു

കോവിഡ് ഉയർത്തിയ ഭീഷണിയൊന്നും ഇന്ത്യാ - യു എ ഇ വ്യാപാര മേഖലയെ ബാധിച്ചിട്ടില്ല എന്ന് തെളിയിക്കും വിധം ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്ക് കൂടുതൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് സാധ്യത തെളിയുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ നടന്ന യു എ ഇ - ഇന്ത്യാ ഫുഡ് സെക്യൂരിറ്റി ഉച്ചകോടി യു എ ഇയിൽ നിന്നുള്ള കൂടുതൽ ഇന്ത്യൻ സംരംഭകർ നാട്ടിൽ മുതൽ മുടക്കുന്നതിലേക്ക് നയിക്കുമെന്ന് ഉറപ്പായി.

ഇന്ത്യയിൽ രണ്ടു ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്ന, 20 ലക്ഷം കർഷകർക്ക് ഏറെ ഗുണം ചെയ്യുന്ന ഇന്ത്യാ - യു എ ഇ ഭക്ഷ്യ ഇടനാഴി രൂപപ്പെടുന്നു എന്നതാണ് വലിയൊരു നേട്ടം. ഈ ഇടനാഴി വഴി രാജ്യത്തേക്ക് 7 ബില്യൺ ഡോളറിന്റെ നിക്ഷേപം കൊണ്ടുവരുമെന്ന് കണക്കാക്കപ്പെടുന്നു.
ലുലു ഗ്രൂപ്പ് ജമ്മു കാശ്മീരിൽ ഫുഡ് പ്രോസസിംഗ്‌ രംഗത്ത് മുതൽമുടക്കും എന്ന് ചെയർമാൻ യൂസുഫ്‌ അലി പറഞ്ഞിട്ടുണ്ട്. ഒരു ഫുഡ് പ്രോസസിംഗ്‌ ആൻഡ് ലോജിസ്‌റ്റിക്‌സ് സെന്റർ ജമ്മു കാശ്മീരിൽ തുടങ്ങിയാൽ ഈ സംസ്ഥാനത്തു നിന്നുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ അത് ഏറെ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. നേരത്തെ തന്നെ കാശ്മീരിൽ നിന്നുള്ള ആപ്പിൾ ലുലു ഇറക്കുമതി ചെയ്യുന്നുണ്ട്. ലുലുവിന്റെ മിഡിൽ ഈസ്റ്റിലും ഫാർ ഈസ്റ്റിലുമുള്ള 190 ഹൈപ്പർ മാർക്കറ്റുകളിലൂടെ കാശ്മീർ ആപ്പിൾ വിൽപ്പന നടക്കുന്നുണ്ട്.
ദുബായ് ഇന്ത്യൻ കോൺസുലേറ്റും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും ചേർന്ന് സംഘടിപ്പിച്ച ഭക്ഷ്യ ഉച്ചകോടിക്കെത്തിയ ജമ്മു കാശ്മീർ സർക്കാർ പ്രതിനിധികൾ ദുബായ് ചേംബർ ഓർ കോമേഴ്‌സുമായും ലുലു, ചോയിത്റാം തുടങ്ങിയ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പുകളുമായും ചർച്ചകൾ നടത്തിയിരുന്നു. കാശ്മീരിൽ നിന്നുള്ള പഴവർഗ്ഗങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും യു എ ഇ യിൽ കൂടുതൽ ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. ദക്ഷിണേഷ്യക്കാരുടെ വലിയ തോതിലുള്ള സാന്നിദ്ധ്യം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യു എ ഇ യിൽ വൻതോതിൽ കച്ചവടം ലഭിക്കാൻ കാരണമാകുമെന്നും മണിക്കൂറുകൾക്കകം ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങൾ കടകളിൽ എത്തിക്കാനുള്ള ലോജിസ്റ്റിക് സൗകര്യങ്ങൾ യു എ ഇ ക്ക് ഉണ്ടെന്നും ഇന്ത്യൻ ഉദ്യോഗസ്‌ഥർ പറയുന്നു.
യു എ ഇ യിലെ മറ്റൊരു വലിയ ബിസിനസ് ഗ്രൂപ്പായ ഷറഫ് ഗ്രൂപ്പ് അവരുടെ ഇന്ത്യയിലെ നിക്ഷേപം 250 മില്യൺ ഡോളർ കൂടി വർദ്ധിപ്പിച്ച് ഒരു ബില്യൺ ഡോളറിൽ എത്തിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ കൂടുതൽ ലോജിസ്റ്റിക്സ്, ഇൻഫ്രാസ്ട്രക്ച്ചർ സൗകര്യങ്ങൾ നിർമ്മിക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതി.
ഇന്ത്യയിൽ എട്ട് ഫുഡ് പാർക്കുകൾ ആണ് ഇന്ത്യാ - യു എ ഇ ഭക്ഷ്യ ഇടനാഴി ലക്ഷ്യമിടുന്നത് എന്ന് ഉച്ചകോടിയിൽ സംസാരിച്ച യു എ ഇ സാമ്പത്തിക മന്ത്രാലയത്തിലെ ഇന്റർനാഷണൽ ട്രേഡ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ജുമാ അൽ കൈത്ത് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്കുള്ള ഭക്ഷ്യോൽപ്പന്ന കയറ്റുമതിയിൽ കോവിഡ് മഹാമാരിയുടെ ആദ്യ മൂന്ന് മാസങ്ങളിൽ തന്നെ 23 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ടെന്ന് യു എ ഇ ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷത്തെ 2.8 ബില്യൺ ഡോളറിന്റെ കയറ്റുമതിയുടെ സ്ഥാനത്ത് ഈ വര്‍ഷം മാർച്ച് മുതൽ മെയ് വരെ 3.42 ബില്യൺ ഡോളറിന്റെ കയറ്റുമതി ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


Ismail Meladi
Ismail Meladi  

Related Articles

Next Story

Videos

Share it