യൂസ്ഡ് കാറുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നു, വളര്‍ച്ച അതിവേഗമെന്ന് OLX
രാജ്യത്തെ പഴയ കാറുകളുടെ (Pre-Owned) വിപണി പുതിയവയെക്കാള്‍ വേഗം വളരുകയാണെന്ന് റിപ്പോര്‍ട്ട്. ഒഎല്‍എക്‌സും (OLX) അനലിറ്റിക്കല്‍ സ്ഥാപനമായ ക്രിസിലും (Crisil) ചേര്‍ന്നാണ് പഠനം നടത്തിയത്. ഇന്ത്യന്‍ നിരത്തുകളില്‍ 3.4 കോടിയോളം കാറുകള്‍ ഉണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. 2022-27 കാലയളവില്‍ പഴയ കാറുകളുടെ വിപണി പ്രതിവര്‍ഷം 16 ശതമാനം നിരക്കില്‍ വളരും.
അതേ സമയം പുതിയ കാര്‍ വിപണിയുടെ വളര്‍ച്ച ഇക്കാലയളവില്‍ 10 ശതമാനം ആയിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2026-27 സാമ്പത്തിക വര്‍ഷം സെക്കര്‍ഡ് ഹാന്‍ഡ് കാര്‍ വിപണി 8.2 ദശലക്ഷം യൂണീറ്റ് കടക്കുമെന്നും മൂല്യം 4.4 ട്രില്യണ്‍ രൂപയായി ഉയരുമെന്നും ഒഎല്‍എക്‌സ് ഇന്ത്യ സിഇഒ അമിത് കുമാര്‍ ചൂണ്ടിക്കാണിച്ചു. 2026-27ഓടെ രാജ്യത്തെ യൂസ്ഡ് കാര്‍ വിപണി പുതിയവയുടേതിനേക്കാള്‍ 1.7 ശതമാനം വലുപ്പമുള്ളതായി മാറും എന്നാണ് കണക്കുകൂട്ടല്‍.
ചെറിയ മോഡലുകള്‍ക്കാണ് യൂസ്ഡ് കാര്‍ വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍. മാരുതിയുടെ കാറുകള്‍ക്കാണ് ഇവിടെയും മേധാവിത്വം. എന്നല്‍ അഞ്ച് വര്‍ഷം കൊണ്ട് ചെറിയ കാറുകളുടെ ഡിമാന്‍ഡ് രണ്ട് ശതമാനമായി കുറയും എന്നാണ് വിലയിരുത്തല്‍. അതേ സമയം യൂറ്റിലിറ്റി വിഭാഗത്തില്‍ 32 ശതമാനം വളര്‍ച്ചയുണ്ടാവും.
ഹ്യൂണ്ടായി ക്രെറ്റ, മാരുതി സുസുക്കി ബ്രസ, എര്‍ട്ടിഗ, മഹീന്ദ്ര എക്‌സ്‌യുവി 500 തുടങ്ങിയ യുട്ടിലിറ്റി വാഹനങ്ങള്‍ക്കാണ് ഒഎല്‍എക്‌സില്‍ ആവശ്യക്കാര്‍ കൂടുതല്‍. സെഡാന്‍ മോഡലുകളുടെ ഡിമാന്‍ഡും ഒഎല്‍എക്‌സില്‍ ഇടിയുകയാണ്. നിലവില്‍ 350 ബില്യണ്‍ രൂപയുടേതാണ് രാജ്യത്തെ യൂസ്ഡ് കാറുകളുടെ വായ്പ വിപണി. അഞ്ച് വര്‍ഷം കൊണ്ട് ഈ വായ്പാ മേഖല 25 ശതമാനം നിരക്കില്‍ വളരുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 2025ഓടെ രാജ്യത്ത് നഗകരങ്ങളില്‍ താമസിക്കുന്നവരുടെ എണ്ണം ആകെ ജനസംഖ്യയുടെ 37 ശതമാനമായി ഉയരും. ഇതും യൂസ്ഡ് കാര്‍ വിപണിക്ക് ഗുണം ചെയ്യും.