വില ഒത്തുകളി കേസ്: വിപണിയില്‍ കൂപ്പുകുത്തി ഫാര്‍മ കമ്പനികള്‍
ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പടെ നിരവധി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കെതിരെ അമേരിക്കയില്‍ വിവിധ സ്റ്റേറ്റുകളുടെ നിയമനടപടി. കമ്പനികള്‍ ഒത്തുകളിച്ച്, വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ജനറിക് മരുന്നുകള്‍ക്ക് ആയിരം ശതമാനം വരെ വില വര്‍ധിപ്പിച്ചതോടെയാണ് അമേരിക്കയിലെ 40 ഓളം സ്‌റ്റേറ്റുകള്‍ കമ്പനികള്‍ക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്.
സണ്‍ ഫാര്‍മയുടെ കീഴിലുള്ള യുഎസിലെ ടാരോ, സൈഡസ്, ലൂപിന്‍, ഡോ റെഡ്ഡീസ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്കും ടെവ, ഫിസര്‍, സാന്റോസ് തുടങ്ങിയ അമേരിക്കന്‍ കമ്പനികള്‍ക്കുമെതിരെയാണ് നടപടി.
ഫാര്‍മ കമ്പനികള്‍ക്കെതിരെയുള്ള നിയമ നടപടി ഓഹരി വിപണിയിലും പ്രതിഫലിച്ചു. ബോംബെ സ്‌റ്റോക് എക്‌സേഞ്ച് നാലു മുതല്‍ ഒന്‍പത് ശതമാനം വരെ വിലത്തകര്‍ച്ചയാണ് ഫാര്‍മ കമ്പനികള്‍ നേരിട്ടത്. സണ്‍ഫാര്‍മയുടെ ഓഹരി വില പത്തു ശതമാനം ഇടിഞ്ഞ് 397 ലെത്തി.
ഫാര്‍മ കമ്പനികളുടെ മികച്ച വിപണിയായ അമേരിക്കയില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി കമ്പനികളെ വന്‍തോതില്‍ ബാധിച്ചേക്കാം. മാത്രമല്ല വന്‍ തുക പെനാല്‍റ്റി ചുമത്തപ്പെടുകയും ചെയ്യാം.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എച്ച്‌ഐവി, ഡയബറ്റിസ്, ആസ്തമ, കൊളസ്‌ട്രോള്‍, ഓറല്‍ ആന്റിബയോട്ടിക്‌സ്, കാന്‍സറിനുള്ള മരുന്ന് തുടങ്ങി 300 ലേറെ മരുന്നുകളുടെ വില മത്സരം ഒഴിവാക്കാനായി ഫാര്‍മ കമ്പനികള്‍ വിലനിര്‍ണയ കാര്യത്തില്‍ ഒത്തുകളിക്കുകയും വില വന്‍തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം