സ്വകാര്യ ആശുപത്രി ചികിത്സാച്ചെലവിന് കടിഞ്ഞാൺ? മുറിവാടകയ്ക്കും ശസ്ത്രക്രിയകൾക്കും നിരക്ക് നിശ്ചയിക്കാൻ ശുപാർശ; ഓഹരികള്‍ ഇടിവില്‍

പൊതുജനാരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ സാധാരണക്കാരുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ സാധിക്കൂവെന്ന് പാർലമെന്ററി സമിതി
hospital bed
Image courtesy: Canva
Published on

ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും സാധാരണക്കാർക്ക് പ്രാപ്യമാക്കുന്നതിനും ലക്ഷ്യമിട്ട് സുപ്രധാനമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സമിതി. വൻനഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിലെ മുറി വാടക ആ പ്രദേശത്തെ ത്രീ സ്റ്റാർ ഹോട്ടലുകളിലെ ശരാശരി നിരക്കിന് തുല്യമായി പരിമിതപ്പെടുത്തണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ.

ആശുപത്രികൾ ഒരേ പ്രദേശത്ത് തന്നെ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടിയെന്ന് സിഎന്‍ബിസി ടിവി 18 റിപ്പോര്‍ട്ട് ചെയ്യുന്നു. അടിസ്ഥാന വാടകയ്‌ക്കൊപ്പം ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം, മരുന്നുകൾ, ഭക്ഷണം, വസ്ത്രങ്ങള്‍ തുടങ്ങിയ ചെലവുകള്‍ കൂടി ചേർത്ത് മൊത്തം തുക കണക്കാക്കാമെന്നും സമിതി നിർദ്ദേശിക്കുന്നു.

നിരക്കില്‍ വലിയ അന്തരം

സ്വകാര്യ ആശുപത്രികളും ഹോട്ടലുകളും തമ്മിലുള്ള നിരക്കിലെ വലിയ വ്യത്യാസം സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉദാഹരണത്തിന്, ഡൽഹിയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രതിദിനം 7,000 മുതൽ 11,500 രൂപ വരെ മുറി വാടക ഈടാക്കുമ്പോൾ സമീപത്തെ ത്രീ സ്റ്റാർ ഹോട്ടലുകളിൽ ഇത് 2,100 മുതൽ 3,500 രൂപ വരെ മാത്രമാണ്. സർക്കാർ ആശുപത്രികളിൽ ശരാശരി ചികിത്സാ ചെലവ് 6,631 രൂപയായിരിക്കെ സ്വകാര്യ മേഖലയിൽ ഇത് 50,508 രൂപയാണെന്ന എൻ.എസ്.എസ് (NSS) കണക്കുകളും റിപ്പോർട്ടിലുണ്ട്. പ്രസവ ചികിത്സയ്ക്ക് സ്വകാര്യ മേഖലയിൽ ശരാശരി 37,630 രൂപ ചെലവാകുമ്പോൾ സർക്കാർ ആശുപത്രികളിൽ ഇത് വെറും 2,299 രൂപ മാത്രമാണ്.

ഏകീകൃത നിരക്കുകൾ

മുറി വാടകയ്ക്ക് പുറമെ ശസ്ത്രക്രിയകൾക്കും മറ്റ് ചികിത്സാ നടപടികൾക്കും ഏകീകൃത പാക്കേജ് നിരക്കുകൾ ഏർപ്പെടുത്തണമെന്നും സമിതി ശുപാർശ ചെയ്തു. ഇതിൽ ശസ്ത്രക്രിയാ വിദഗ്ധന്റെ ഫീസ്, പരിശോധനകൾ, മരുന്നുകൾ എന്നിവ ഉൾപ്പെടണം. സങ്കീർണമായ ചികിത്സകൾക്ക് മുൻകൂട്ടി നിയമപരമായ സാധുതയുള്ള ഏകദേശ ചെലവ് രോഗിക്ക് നൽകണം. ചികിത്സാരംഗത്തെ അമിതമായ കോർപ്പറേറ്റ് വൽക്കരണവും വിദേശ നിക്ഷേപവും (FDI) സാധാരണക്കാർക്ക് ചികിത്സ അപ്രാപ്യമാക്കുന്നതിൽ ആശങ്കയുണ്ടെന്നും, ഇത് നിയന്ത്രിക്കണമെന്നും സമിതി നിരീക്ഷിച്ചു. പൊതുജനാരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ സാധാരണക്കാരുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ സാധിക്കൂ എന്നും സമിതി കൂട്ടിച്ചേർത്തു.

ഈ നിര്‍ദേശത്തെ തുടര്‍ന്ന് അപ്പോളോ ഹോസ്പിറ്റൽസ്, മാക്സ് ഹെൽത്ത്കെയർ ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. ഇരു ഓഹരികളും രാവിലത്തെ സെഷനില്‍ രണ്ട് ശതമാനത്തിലധികം നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com