പെട്രോള്‍ മുതല്‍ പച്ചക്കറി വിലക്കയറ്റം വരെ, സംസ്ഥാനത്തെ ഹോട്ടല്‍ മേഖല വറച്ചട്ടിയില്‍

ആദ്യം ഡീസല്‍-പെട്രോള്‍ വില കുതിച്ചുയര്‍ന്നു, പിന്നാലെ വാണിജ്യ വാതക വിലയും ഭക്ഷ്യഎണ്ണ വിലയും, ഇപ്പോള്‍ പച്ചക്കറി വിലയും കുതിക്കുന്നു... കോവിഡ് പ്രതിസന്ധിയില്‍നിന്നും തിരിച്ചുവരുന്നതിനിടെ സംസ്ഥാനത്തെ ഹോട്ടല്‍-റസ്‌റ്റോറന്റ് മേഖല നേരിടേണ്ടിവന്ന തിരിച്ചടികളാണിത്. ചെലവ് കുത്തനെ വര്‍ധിച്ചതോടെ ഉപഭോക്താക്കളെ വര്‍ധനവ് ബാധിക്കാത്ത രിതിയില്‍ പതിനെട്ടാമത്തെ അടവും പയറ്റിയാണ് ഈ മേഖല പിടിച്ചുനില്‍ക്കുന്നത്. പ്രത്യക്ഷത്തില്‍ പച്ചക്കറി വിലക്കയറ്റമാണ് ഈ രംഗത്തെ പ്രശ്‌നമെന്ന് തോന്നുമെങ്കിലും ഡീസല്‍-പെട്രോള്‍ വില വര്‍ധനവുണ്ടാക്കിയ ആഘാതം ചെറുതല്ലെന്ന് ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

''പച്ചക്കറി വിലവര്‍ധനവ് രൂക്ഷമാണെങ്കിലും ഇതിനെ മറികടക്കാന്‍ ഈ മേഖലയ്ക്ക് സാധിക്കും. കാരണം, പച്ചക്കറി വില വര്‍ധനവ് ആനുപാതികമാണ്, അത് എല്ലാക്കാലത്തും ഉയര്‍ന്നുനില്‍ക്കില്ല. ഇടക്ക് പച്ചക്കറികളുടെ വില കുറയുകയും ചെയ്യും. എന്നാല്‍ ഏറ്റവും കൂടുതല്‍ ഈ രംഗത്തിന് തിരിച്ചടിയായത് ഇന്ധനവില വര്‍ധനവാണ്. അതുണ്ടാക്കിയ ആഘാതം ചെറുതല്ല'' ഹോട്ടല്‍ രംഗത്തെ പ്രതിന്ധികളെ കുറിച്ച് ഗുരുവായൂരിലെ ഹോട്ടല്‍ ഉടമയും ആള്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ ബിജുലാല്‍ ധനത്തോട് പറഞ്ഞു.

പച്ചക്കറികളുടെ വില കുത്തനെ ഉയര്‍ന്നെങ്കിലും ചിലതിന്റെ വിലയില്‍ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. അതിനാല്‍ ഉപഭോക്താക്കളെ ബാധിക്കാത്ത രീതിയില്‍ വിഭവങ്ങളില്‍ മാറ്റം വരുത്തി ഈ പ്രതിസന്ധി പരിഹരിച്ചാണ് ഇപ്പോള്‍ മിക്ക ഹോട്ടലുടമകളും മുന്നോട്ടുപോകുന്നത്. ഉയര്‍ന്ന ചെലവ് വരുന്ന വിഭവങ്ങള്‍ക്ക് പകരം മറ്റുള്ളവ ഉപയോഗിച്ചുള്ള സ്വാദിഷ്ടമായ വിഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ പച്ചക്കറി വിലക്കയറ്റം ആശങ്കപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ ഡീസല്‍-പെട്രോള്‍ വില കുറയ്ക്കുന്നതിന് വേണ്ടി കേന്ദ്രം തീരുവ വെട്ടിക്കുറച്ചെങ്കിലും ഈ രംഗത്തുണ്ടാക്കിയ പ്രതിസന്ധി നീങ്ങുകയില്ല. ഡീസല്‍-പെട്രോള്‍ വില വര്‍ധിച്ചപ്പോള്‍ എല്ലാത്തിന്റെയും വിലയും വര്‍ധിപ്പിച്ചു. പ്രധാനമായും ഗതാഗതച്ചെലവ് വര്‍ധിച്ചതാണ് കാരണം. കമ്പനികളും മറ്റ് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു. ധാന്യങ്ങളുടെ വിലയും കൂട്ടി. തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവരുന്ന മുട്ട, ഇറച്ചിക്കോഴി എന്നിവയുടെ വിലയും വര്‍ധിച്ചു. അവയുടെ വില ഇപ്പോഴും അതേനിലയില്‍ തുടരുകയാണ് - ബിജുലാല്‍ പറയുന്നു.

പച്ചക്കറി വില വര്‍ധനവില്‍ ഹോട്ടല്‍ ഉടമകള്‍ക്ക് യാതൊരു ആശങ്കയുമില്ലാതെ മുന്നോട്ടുപോകാന്‍ സാധിച്ചെങ്കിലും ഡീസല്‍-പെട്രോള്‍ വില വര്‍ധനവുണ്ടാക്കിയ ആഘാതത്തിന്റെ ഫലമായി ചെറിയ തോതില്‍ ഭക്ഷണങ്ങളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ, ചായക്ക് 10 രൂപ ഈടാക്കിയിരുന്നതെങ്കില്‍ അത് 12 രൂപയായി പല കടകളും ഉയര്‍ത്തിയിട്ടുണ്ട്. ചെറുകടികളുടെ വിലയും 10 ല്‍നിന്ന് 12 ആയും 60 രൂപയുടെ മസാലദോശയുടെ വില 70 രൂപയുമായാണ് ഉയര്‍ത്തിയിരിക്കുന്നത്.

Ibrahim Badsha
Ibrahim Badsha  

Related Articles

Next Story

Videos

Share it