ഉല്‍പാദനവും വിപണിയും പിന്നോട്ട്; സമ്മര്‍ദ്ദത്തില്‍ പുതുവഴികളിലൂടെ ചൈന

ഉല്‍പാദനവും വിപണിയും  പിന്നോട്ട്; സമ്മര്‍ദ്ദത്തില്‍ പുതുവഴികളിലൂടെ ചൈന
Published on

ചൈനയുടെ സമ്പദ്വ്യവസ്ഥ കൂടുതല്‍ മോശമാകുന്നതായി റിപ്പോര്‍ട്ട്. ജൂലൈയില്‍ ഫാക്ടറികളിലെ ഉല്‍പാദനം 17 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. നിക്ഷേപവും ചില്ലറ വില്‍പ്പനയും മന്ദഗതിയിലായതായും ഔദ്യാഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

അമേരിക്കയുമായുള്ള വാണിജ്യ യുദ്ധം തീവ്രമായതിനൊപ്പം ആഗോള വിപണിയിലെ മാന്ദ്യവും ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയെ കുഴപ്പത്തിലാക്കുന്നതായുള്ള നിഗമനങ്ങള്‍ ശരിവയ്ക്കുന്നുണ്ട് ഏറ്റവും പുതിയ കണക്കുകള്‍.

വ്യാവസായിക ഉല്‍പാദനം ജൂലൈയില്‍ രേഖപ്പെടുത്തിയ വര്‍ദ്ധന 4.8 ശതമാനമായിരുന്നെങ്കിലും ബ്ലൂംബര്‍ഗ് ന്യൂസ് സര്‍വേയില്‍ സാമ്പത്തിക വിദഗ്ധര്‍ 6  ശതമാനം പ്രവചിച്ചിരുന്നു. 'സങ്കീര്‍ണവും ഗുരുതരവുമായ അന്താരാഷ്ട്ര സാഹചര്യങ്ങളും ആഭ്യന്തര സമ്പദ് വ്യവസ്ഥയില്‍ ഏറിവരുന്ന സമ്മര്‍ദ്ദവും കണക്കിലെടുക്കുമ്പോള്‍, സുസ്ഥിരവും ആരോഗ്യകരവുമായ വളര്‍ച്ചയ്ക്കുള്ള അടിത്തറ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്,'- നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോയുടെ വക്താവ് ലിയു ഐഹുവ പറഞ്ഞു.

ശതകോടിക്കണക്കിനു വരുന്ന ചൈനീസ് ഉപഭോക്താക്കള്‍ കൂടുതല്‍ മിതത്വം പാലിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണെന്നു നിരീക്ഷകര്‍ പറയുന്നു. 

ദീര്‍ഘകാലമായി സമ്പദ്വ്യവസ്ഥയില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിപ്പോന്ന റീട്ടെയില്‍ വിപണിയില്‍ കഴിഞ്ഞ മാസം വളര്‍ച്ച 7.6 ശതമാനമായി. ജൂണില്‍ ഇത് 9.8 ശതമാനമായിരുന്നു.രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുവേണ്ടി, കയറ്റുമതി കുറയുമ്പോള്‍ ആഭ്യന്തര വിപണി ശക്തമാക്കാനുള്ള തന്ത്രങ്ങള്‍ ഊര്‍ജ്ജിതമാക്കിവരികയാണ് ചൈന.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com