പുരപ്പുറ സോളാര്‍ പദ്ധതി വളര്‍ത്താനോ തളര്‍ത്താനോ ശ്രമം? റഗുലേറ്ററി കമീഷന്റെ കരട് നയത്തിനെതിരെ പ്രോസ്യൂമേഴ്‌സ് കമ്യൂണിറ്റി; വെളുക്കാന്‍ തേച്ചിട്ട് ഒടുവില്‍...

ഇടത്തരം കുടുംബങ്ങളെയും സ്ഥാപനങ്ങളെയും സോളാർ പദ്ധതികൾ ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുന്നതാണ് നയം
rooftop solar
Image courtesy: Canva
Published on

റെഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ച 2025 ലെ പുതുക്കിയ പുനരുപയോഗ ഊർജ കരട് ചട്ടങ്ങൾ കേരളത്തിന്റെ പുനരുപയോഗ ഊർജ പുരോഗതിയെ പിന്നോട്ടടിക്കുന്നതാണെന്ന് കേരള ഡൊമസ്റ്റിക് സോളാർ പ്രോസ്യൂമേഴ്സ് കമ്മ്യൂണിറ്റി (KDSPC). പുരപ്പുറ സോളാര്‍ സ്ഥാപിച്ചവരും അതിന് ആഗ്രഹിക്കുന്നവരുമായ ലക്ഷക്കണക്കിന് ആളുകളെ ആശങ്കയിലാക്കുന്നതാണ് ചട്ടങ്ങള്‍. ഇടത്തരം കുടുംബങ്ങളെയും സ്ഥാപനങ്ങളെയും സോളാർ പദ്ധതികൾ ഉപേക്ഷിക്കാൻ ഇത് നിർബന്ധിതരാക്കുമെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു.

ഗ്രിഡ് സ്ഥിരത

പുതിയ കരട് ചട്ടം നെറ്റ് മീറ്ററിംഗ് 3KW (കിലോവാട്ട്) ആയി പരിമിതപ്പെടുത്തുന്നു. ഈ പരിധിക്ക് മുകളിൽ സോളാർ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ഒഴിവാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നെറ്റ് മീറ്ററിംഗിന് പകരം നെറ്റ് ബില്ലിംഗ്, ഗ്രോസ് മീറ്ററിംഗ് ഓപ്ഷനുകൾ പ്രോത്സാഹിപ്പിക്കുന്നത് സോളാര്‍ ഉപയോക്താക്കളുടെ ആനുകൂല്യങ്ങൾ കുറയ്ക്കുന്നതാണ്. ഗ്രിഡ് അസ്ഥിരതയ്ക്ക് കാരണക്കാരായി പ്രോസ്യൂമർമാരെ (സോളാര്‍ സിസ്റ്റം വീടുകളില്‍ സ്ഥാപിച്ച് വൈദ്യുതി കെ.എസ്.ഇ.ബി ക്ക് നല്‍കുന്നവരെ) ചിത്രീകരിക്കുകയാണ്. ദേശീയ ഗ്രിഡ് പരിപാലനത്തിനായി കേന്ദ്രത്തില്‍ നിന്ന് നല്‍കുന്ന ഫണ്ടുകള്‍ സംസ്ഥാനം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നില്ല. സോളാറില്‍ നിന്ന് ഗ്രിഡിലേക്കുള്ള വൈദ്യുതിയുടെ പ്രവാഹം യഥാവിധി ക്രമീകരിക്കാൻ നിലവിൽ സാധിക്കാത്തത് കെ.എസ്.ഇ.ബി യുടെ സാങ്കേതികവും നയപരവുമായ വൈകല്യങ്ങൾ വ്യക്തമാക്കുന്നതാണ്.

സ്മാർട്ട് മീറ്റർ

സ്മാർട്ട് മീറ്റർ ഉൾപ്പെട്ട നവീന മീറ്ററിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കണം. റെഗുലേറ്ററി കമ്മീഷന്റെ കരട് ചട്ടങ്ങൾ നിയമമാക്കപ്പെട്ടാൽ സോളാർ വ്യവസായ മേഖല അപ്പാടെ തകരും. പ്രോസ്യൂമർമാർ പകൽ സമയങ്ങളിൽ സോളാർ വൈദ്യുതി നൽകുകയും പീക്ക് സമയങ്ങളിൽ ഗ്രിഡ് വൈദ്യുതി എടുക്കുകയും ചെയ്യുന്നത് സിസ്റ്റത്തിന് ഭാരമാകുമെന്നും താരിഫ് വർദ്ധിപ്പിക്കുമെന്നുമുളള കെ.എസ്.ഇ.ബി യുടെ ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണ്. പ്രോസ്യൂമർമാർ നൽകുന്ന സോളാർ വൈദ്യുതി അതേ സമയങ്ങളിൽ അടുത്തുള്ള ഉപഭോക്താക്കൾ ഉപയോഗിക്കുന്നുണ്ട്. ഇലക്ട്രിസിറ്റി ബോര്‍ഡിന് ട്രാൻസ്മിഷൻ നഷ്ടം ഒഴിവാക്കുന്നതാണ് ഇത്. പ്രാദേശികമായി ട്രാന്‍സ്ഫോമറുകള്‍ക്ക് സമീപം ഊര്‍ജ സംഭരണ സംവിധാനങ്ങള്‍ സ്ഥാപിച്ചും ഈ പ്രതിസന്ധി ഒഴിവാക്കാന്‍ സാധിക്കും.

കേരളത്തിൽ സോളാർ മേഖലയിൽ ഏകദേശം രണ്ടു ലക്ഷത്തോളം ചെറുപ്പക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് തൊഴിൽ നഷ്ടവും വരുമാന നഷ്ടവും സൃഷ്ടിക്കുന്നതാണ് നിര്‍ദേശങ്ങള്‍. 2070 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായി കുറച്ച് നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാനുളള പ്രയത്നത്തിലാണ് ഇന്ത്യ. പുരപ്പുറ സിസ്റ്റങ്ങള്‍ അടക്കമുളള സോളാര്‍ പദ്ധതികള്‍ക്ക് തിരിച്ചടിയുണ്ടാക്കുന്നതാണ് റെഗുലേറ്ററി കമ്മീഷന്റെ കരട് നയങ്ങളെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു.

ഒരു കാലത്ത് കമ്പ്യൂട്ടറൈസേഷനെതിരെ ശക്തമായി എതിര്‍പ്പ് ഉന്നയിച്ചതു പോലെയാണ് ഭാവിയില്‍ അനിവാര്യമായ പുരപ്പുറ സോളാര്‍ പോലുളള ഊര്‍ജ പദ്ധതിക്കെതിരെയുളള നീക്കം. സംസ്ഥാനത്തെ 3,000 ത്തിലധികം ഗാർഹിക പുരപ്പുറ സോളാർ പ്രോസ്യൂമർമാര്‍ കമ്മ്യൂണിറ്റിയില്‍ അംഗങ്ങളാണ്. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോര്‍ കമ്മിറ്റി അംഗങ്ങളായ സി.പി ജോര്‍ജ്, ജേക്കബ് മാത്യു, ഡോ. സി.പി ജീവന്‍, കോര്‍ഡിനേറ്റര്‍ ജെയിംസ്കുട്ടി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Prosumers oppose Kerala Regulatory Commission’s draft solar policy, citing setbacks to rooftop solar and renewable energy progress.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com