പൊതുമേഖലാ ബാങ്കുകള്‍ക്ക് റെക്കോര്‍ഡ് ലാഭം; ₹1.98 ലക്ഷം കോടിയുടെ ചരിത്രനേട്ടം, കിട്ടാക്കടം ഏറ്റവും താഴ്ന്ന നിലയില്‍

കിട്ടാക്കടം കുറഞ്ഞതും വായ്പാ-നിക്ഷേപ വളര്‍ച്ചയും ബാങ്കിംഗ് മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി
പൊതുമേഖലാ ബാങ്കുകള്‍ക്ക് റെക്കോര്‍ഡ് ലാഭം; ₹1.98 ലക്ഷം കോടിയുടെ ചരിത്രനേട്ടം, കിട്ടാക്കടം ഏറ്റവും താഴ്ന്ന നിലയില്‍
Published on

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ (Public Sector Banks /PSBs) 2025-26 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.1 ശതമാനം വളര്‍ച്ചയോടെ 1.98 ലക്ഷം കോടി രൂപയാണ് ബാങ്കുകളുടെ ആകെ അറ്റാദായം. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് പൊതുമേഖലാ ബാങ്കുകള്‍ ലാഭക്ഷമത നിലനിര്‍ത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ബാങ്കിംഗ് മേഖലയിലെ ശക്തമായ ബിസിനസ് വളര്‍ച്ചയും ആസ്തി നിലവാരത്തിലെ പുരോഗതിയുമാണ് ഈ ചരിത്രനേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍.

ബിസിനസിലും നിക്ഷേപത്തിലും വന്‍ കുതിപ്പ്

ബാങ്കുകളുടെ ആകെ ബിസിനസ് 12.8 ശതമാനം വര്‍ധിച്ച് 283.3 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപങ്ങളുടെ കാര്യത്തിലും വലിയ മുന്നേറ്റമാണ് ഉണ്ടായത്. 10.6 ശതമാനം വളര്‍ച്ചയോടെ ആകെ നിക്ഷേപം 156.3 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. വായ്പാ വിതരണത്തില്‍ 15.7 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതോടെ ആകെ വായ്പകള്‍ 127 ലക്ഷം കോടി രൂപയായി. റീറ്റൈയ്ല്‍, കൃഷി, എംഎസ്എംഇ മേഖലകളിലെ വായ്പാ ആവശ്യങ്ങളില്‍ ഉണ്ടായ വര്‍ധന രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് കരുത്തേകിയിട്ടുണ്ട്. റീറ്റൈയ്ല്‍ വായ്പകളില്‍ 18.1 ശതമാനവും കാര്‍ഷിക വായ്പകളില്‍ 15.5 ശതമാനവും എംഎസ്എംഇ വായ്പകളില്‍ 18.2 ശതമാനവുമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.

കിട്ടാക്കടം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

ബാങ്കുകളുടെ കിട്ടാക്കടം (NPA) ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയെന്നതാണ് ശ്രദ്ധേയമായ മറ്റൊരു നേട്ടം. മൊത്തം കിട്ടാക്കടം (Gross NPA) 1.93 ശതമാനമായും അറ്റ കിട്ടാക്കടം (Net NPA) 0.39 ശതമാനമായും കുറഞ്ഞു. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനായുള്ള കാര്യക്ഷമമായ നടപടികളിലൂടെ 86,971 കോടി രൂപ വീണ്ടെടുക്കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചു. ഓരോ പൊതുമേഖലാ ബാങ്കും 90 ശതമാനത്തിന് മുകളില്‍ പ്രൊവിഷനിംഗ് കവറേജ് റേഷ്യോ നിലനിര്‍ത്തുന്നുണ്ട്. ഇത് ബാങ്കുകളുടെ ബാലന്‍സ് ഷീറ്റിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു.

മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമതയും മൂലധനവും

പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തിലും വലിയ മുന്നേറ്റമാണ് ഇക്കുറി ഉണ്ടായത്. സാങ്കേതിക വിദ്യയുടെ കടന്നുകയറ്റവും ഡിജിറ്റല്‍ പരിവര്‍ത്തനവും വഴി ബാങ്കുകളുടെ കോസ്റ്റ്-ടു-ഇന്‍കം റേഷ്യോ 49.67 ശതമാനമായി മെച്ചപ്പെട്ടു. ബാങ്കുകളുടെ മൂലധന നിലവാരവും (CRAR) മികച്ച രീതിയിലാണ് തുടരുന്നത്. നിലവില്‍ ഇത് 16.6 ശതമാനമാണ്. നിയന്ത്രണ ഏജന്‍സികള്‍ നിഷ്‌കര്‍ഷിക്കുന്ന 11.5 ശതമാനത്തേക്കാള്‍ ഏറെ മുകളിലാണിത്.

വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പ്

2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ ഈ സാമ്പത്തിക കരുത്ത് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ബാങ്കിംഗ് പരിഷ്‌കാരങ്ങളും മികച്ച ഭരണനിര്‍വഹണ രീതികളുമാണ് ബാങ്കുകളെ ഇന്ന് ലാഭകരവും സുരക്ഷിതവുമായ നിലയിലേക്ക് എത്തിച്ചിരിക്കുന്നത്.

Indian public sector banks posted a record ₹1.98 lakh crore profit in FY 2025-26 with historic low NPAs and strong growth in loans and deposits.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com