

കടുത്ത മത്സരമുള്ള സ്വര്‍ണപ്പണയ (Gold Loan) വിപണിയില്‍ പൊതുമേഖലാ ബാങ്കുകളുടെ ആധിപത്യം നഷ്ടമാകുന്നതായി റിപ്പോര്‍ട്ട്. മികച്ച വിതരണ ശൃംഖല, വേഗത്തിലുള്ള വായ്പാ വിതരണം, ഉപഭോക്താക്കളുടെ മാറിയ മുന്‍ഗണനകള്‍ എന്നിവയുടെ പിന്‍ബലത്തില്‍ സ്വകാര്യ ബാങ്കുകളും എന്‍.ബി.എഫ്.സികളും (NBFCs) വിപണിയില്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. 'ഗോള്‍ഡ് ലോണ്‍സ് ഇന്‍ ട്രാന്‍സിഷന്‍: മാര്‍ക്കറ്റ് ഇവല്യൂഷന്‍ & കണ്‍സ്യൂമര്‍ പാറ്റേണ്‍സ്' എന്ന പേരില്‍ പ്രമുഖ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ എക്‌സ്പീരിയന്‍ (Experian) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
റിപ്പോര്‍ട്ട് പ്രകാരം പുതിയ വായ്പകളുടെ മൂല്യത്തിന്റെ (Sourcing Value) അടിസ്ഥാനത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ വിപണി വിഹിതം വലിയ തോതിലാണ് കുറഞ്ഞിരിക്കുന്നത്. 2026 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ (Q4FY26) പൊതുമേഖലാ ബാങ്കുകളുടെ വിപണി വിഹിതം 37 ശതമാനമായി കുറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (Q2FY26) ഇത് 53 ശതമാനമായിരുന്നു. അവിടെ നിന്നാണ് നാലാം പാദത്തില്‍ 37 ശതമാനത്തിലേക്ക് വിപണി വിഹിതം ഇടിഞ്ഞത്. മുന്‍വര്‍ഷം നാലാം പാദത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 45 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു.
പൊതുമേഖലാ ബാങ്കുകള്‍ക്ക് വിപണി നഷ്ടപ്പെടുമ്പോള്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് എന്‍.ബി.എഫ്.സികളാണ്. കഴിഞ്ഞ ഏതാനും പാദങ്ങളായി സ്ഥിരതയാര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തുന്ന എന്‍.ബി.എഫ്.സികള്‍, 2026 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തോടെ പുതിയ വായ്പകള്‍ നല്‍കുന്നതില്‍ പൊതുമേഖലാ ബാങ്കുകളെ മറികടന്ന് ഏറ്റവും വലിയ വായ്പാ വിഭാഗമായി മാറി.
നാലാം പാദത്തില്‍ എന്‍.ബി.എഫ്.സികളുടെ വിപണി വിഹിതം 44 ശതമാനമായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ (Q4FY25 ഇത് 33 ശതമാനം മാത്രമായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വെറും 22 ശതമാനമായിരുന്ന സ്ഥാനത്തു നിന്നാണ് എന്‍.ബി.എഫ്.സികളുടെ വിഹിതം 44 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നത്.
സ്വര്‍ണപ്പണയ വിപണിയിലെ ഈ മാറ്റം കേരളം ആസ്ഥാനമായുള്ള പ്രമുഖ എന്‍.ബി.എഫ്.സികള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കും വലിയ ബിസിനസ് സാധ്യതകളാണ് തുറന്നുനല്‍കുന്നത്. വായ്പ നല്‍കുന്നതിലെ വേഗതയും സുതാര്യതയും കൊണ്ട് ശ്രദ്ധേയമായ കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ദേശീയതലത്തില്‍ വിപണി വിഹിതം ഇനിയും ഉയര്‍ത്താന്‍ ഈ ട്രെന്‍ഡ് സഹായകരമാകും. കുറഞ്ഞ റിസ്‌കും ഉയര്‍ന്ന ആദായവുമുള്ള റീറ്റെയ്ല്‍ അസറ്റ് എന്ന നിലയിലാണ് ഇപ്പോള്‍ സ്വകാര്യ ബാങ്കുകളും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും സ്വര്‍ണപ്പണയ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വിപണി വിഹിതം കുറയുന്നുണ്ടെങ്കിലും പ്രയോറിറ്റി സെക്ടര്‍ ഗോള്‍ഡ് ലോണ്‍ (PSGL) അഥവാ മുന്‍ഗണനാ വിഭാഗത്തിലുള്ള സ്വര്‍ണപ്പണയ വിപണിയില്‍ ഇപ്പോഴും പൊതുമേഖലാ ബാങ്കുകള്‍ തന്നെയാണ് മുന്നില്‍. ഗ്രാമീണ മേഖലകളിലെ ശക്തമായ സാന്നിധ്യവും വിപുലമായ ബ്രാഞ്ച് ശൃംഖലയും ഇതിന് ബാങ്കുകളെ സഹായിക്കുന്നു.
2026 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ മുന്‍ഗണനാ വായ്പാ വിപണിയുടെ 88 ശതമാനവും പൊതുമേഖലാ ബാങ്കുകളുടെ പക്കലാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ 2 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്ന ആകെ സ്വര്‍ണപ്പണയ വായ്പകളുടെ 42 ശതമാനവും ഈ വിഭാഗത്തില്‍ പെടുന്നവയാണ്.
വായ്പകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയേക്കാള്‍, ഓരോ വായ്പയുടെയും തുകയിലുണ്ടാകുന്ന (Ticket Size) വര്‍ധനയാണ് നിലവില്‍ സ്വര്‍ണപ്പണയ വിപണിയുടെ മൂല്യം ഉയര്‍ത്തുന്നതെന്നും എക്‌സ്പീരിയന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Public sector banks are consistently ceding ground to private banks and NBFCs in the gold loan market due to faster turnaround times and wider distribution reach.
Read DhanamOnline in English
Subscribe to Dhanam Magazine