

രാജ്യത്തെ 12 പൊതുമേഖല ബാങ്കുകള്‍ ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസക്കാലയളവില്‍ കാഴ്ചവച്ചത് ഗംഭീര പ്രകടനം. ലാഭം 31.3 ശതമാനം വളര്‍ച്ചയോടെ 1.29 ലക്ഷം കടന്നതായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബാങ്കുകളുടെ പ്രവര്‍ത്തന ലാഭം ഇക്കാലയളവില്‍ 2.20 ലക്ഷം കോടി രൂപയായും ഉയര്‍ന്നു.
ലാഭക്ഷമതയില്‍ മാത്രമല്ല ആസ്തി നിലവാരത്തിലും വായ്പാ വിതരണത്തിലും നിക്ഷേപ സമാഹരണത്തിലും മികച്ച പ്രകടനമാണ് പൊതുമേഖല ബാങ്കുകള്‍ കാഴ്ചവച്ചത്. അറ്റ നിഷ്‌ക്രിയ ആസ്തി (NPA) മൊത്തം വായ്പയുടെ 0.59 ശതമാനമായി കുറഞ്ഞു. 61,252 കോടി രൂപയാണ് ബാങ്കുകളുടെ മൊത്തം എന്‍.പി.എ.
പൊതുമേഖല ബാങ്കുകളുടെ മൊത്തം ബിസിനസ് 11 ശതമാനം വര്‍ധനയോടെ 242.27 ലക്ഷം കോടി രൂപയായി. നിക്ഷേപങ്ങളില്‍ 9.8 ശതമാനമാണ് വര്‍ധന. വായ്പാ വളര്‍ച്ചയും 12.4 ശതമാനമായി ഉയര്‍ന്നു. റീറ്റെയ്ല്‍ വായ്പകള്‍ 16.6 ശതമാനവും കാര്‍ഷിക വായ്പകള്‍ 12.9 ശതമാനവും എം.എസ്.എം.ഇ വായ്പകള്‍ 12.5 ശതമാനവും അവലോകന കാലയളവില്‍ ഉയര്‍ന്നു.
കേന്ദ്ര സര്‍ക്കാരിന് ലാഭ വിഹിതമായി ഇത്തവണയും ഒരു ലക്ഷം കോടി രൂപയിലധികം പൊതുമേഖല ബാങ്കുകളില്‍ നിന്ന് ലഭിച്ചേക്കും.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതല്‍ താരതമ്യേന ചെറിയ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര വരെ ലാഭത്തില്‍ വലിയ മുന്നേറ്റം കാഴ്ചവച്ചു. എസ്.ബി.ഐയുടെ ലാഭം 84 ശതമാനം വര്‍ധിച്ച് 16,891 കോടി രൂപയായി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലാഭം 103 ശതമാനം വര്‍ധിച്ച് 4,508 കോടി രൂപയും യൂണിയന്‍ ബാങ്കിന്റേത് 28.24 ശതമാനം വര്‍ധിച്ച് 4,604 കോടി രൂപയുമായി. ബാങ്ക് ഓഫ് ബറോഡ ഇക്കാലയളവില്‍ 5.6 ശതമാനം വര്‍ധനയോടെ 4,837 കോടിയും ഇന്ത്യന്‍ ബാങ്ക് ഇക്കാലയളവില്‍ 34.58 ശതമാനം വളര്‍ച്ചയോടെ 2,852 കോടി രൂപയും ലാഭമുണ്ടാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine