പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കാര്യക്ഷമതയില്ല, സര്‍ക്കാര്‍ ബിസിനസ് ചെയ്യരുത്: മാരുതി ചെയര്‍മാന്‍

സര്‍ക്കാര്‍ ബിസിനസുകള്‍ നടത്തരുതെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ (RC Bhargava). പൊതുമേഖലാ കമ്പനികള്‍ക്ക് കാര്യക്ഷമത ഇല്ലെന്നും സ്വന്തം നിലയില്‍ പണം കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും ഒരു അഭിമുഖത്തില്‍ മാരുതി ചെയര്‍മാന്‍ പറഞ്ഞു. ഇവയ്ക്ക് എല്ലായ്‌പ്പോഴും സര്‍ക്കാരിന്റെ സഹായം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരുകള്‍ ബിസിനസ് നടത്തുന്നതിനെ സംബന്ധിച്ച ചോദ്യത്തിനായിരുന്നു ആര്‍സി ഭര്‍ഗവയുടെ മറുപടി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാരുതി ഉദ്യോഗില്‍ നിന്ന് മാരുതി സുസുക്കിയിലേക്കുള്ള മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ചോദ്യം. 2007ല്‍ ആണ് മാരുതി സുസുക്കിയുടെ നിയന്ത്രണം സുസുക്കി ഏറ്റെടുക്കുന്നത്. നിലവില്‍ മാരുതിയില്‍ സുസുക്കിക്ക് 56.21 ശതമാനം ഓഹരികളാണ് ഉള്ളത്.

ഉല്‍പ്പാദന ക്ഷമതയില്ലായ്മ, ലാഭത്തില്‍ എത്താന്‍ സാധിക്കാത്തത്, വളരാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണ്ടിവരുന്നതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പോരായ്മയാണ്. സ്വയം റിസോഴ്‌സുകള്‍ കണ്ടെത്താന്‍ സാധിച്ചാല്‍ മാത്രമേ വളര്‍ച്ച ഉണ്ടാവു. ടാക്‌സേഷനിലൂടെ വ്യാവസായിക വളര്‍ച്ച ഉണ്ടാവില്ല. ജനങ്ങളുടെ നികുതി പണമെടുത്ത് ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും മാരുതി ചെയര്‍മാന്‍ പറഞ്ഞു.

സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന കാലത്ത് മാരുതി നേരിടേണ്ടി വന്ന പ്രതിസന്ധികളും ആര്‍സി ഭാര്‍ഗവ പങ്കുവെച്ചു. തീരുമാനങ്ങള്‍ക്ക് പാര്‍ലമെന്ററി കമ്മറ്റികളുടെ അനുമതി വേണ്ടിവന്നിരുന്നതും ഔദ്യോഗിക ഭാഷാ നിയമം മൂലം ഉദ്യോഗസ്ഥര്‍ ഇംഗ്ലീഷിനൊപ്പം ഹിന്ദി ടൈപ്പിംഗും പഠിക്കേണ്ടി വന്നതും ഒക്കെ ഇത്തരം പ്രതിസന്ധികള്‍ക്ക് ഉദാഹരണമായി മാരുതി ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

Related Articles

Next Story

Videos

Share it