

ഭക്ഷണപാനീയങ്ങള്‍ക്ക് പ്രവൃത്തിദിവസങ്ങളിലും വാരാന്ത്യങ്ങളിലുമായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് തീയേറ്റര്‍ ശൃഖലയായ പി.വി.ആര്‍ ഐനോക്‌സ്.
ചെലവുകള്‍ 40% വരെ കുറയ്ക്കും
തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വെറും 99 രൂപയില്‍ ആരംഭിക്കുന്ന വിവിധ കോമ്പോകള്‍ ഉള്‍പ്പെടെ ഹോട്ട്ഡോഗുകള്‍, ബര്‍ഗറുകള്‍, പോപ്കോണ്‍, സാൻഡ്‌വിച്ചുകള്‍, പാനീയങ്ങള്‍ എന്നിവ ഉപയോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുമെന്ന് മള്‍ട്ടിപ്ലക്സ് ശൃംഖല അറിയിച്ചതായി ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.കൂടാതെ വാരാന്ത്യങ്ങളില്‍ അവര്‍ക്ക് അണ്‍ലിമിറ്റഡ് ടബ് റീഫില്ലുകളും ആകര്‍ഷകമായ വിലയുള്ള ഫാമിലി മീല്‍ കോംബോകളുമുള്ള ബോട്ടംലെസ് പോപ്കോണും ഓഫറിലുണ്ട്.
ഇത് സിനിമ കാണാനെത്തുന്നവരുടെ ഭക്ഷണപാനീയങ്ങള്‍ക്കുള്ള ചെലവുകള്‍ 40% വരെ കുറയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സിനിമാ തീയേറ്ററുകളിലെ വിലകൂടിയ ഭക്ഷണസാധനങ്ങളെ കുറിച്ച് പലരും ചര്‍ച്ച ചെയ്യുകയും ചിലര്‍ സോഷ്യല്‍ മീഡിയ വഴി പരാതികള്‍ ഉന്നയിക്കുകയും ചെയ്ത സമയത്താണ് പി.വി.ആര്‍ ഇത്തരമൊരു നീക്കവുമായി എത്തിയിരിക്കുന്നത്.
ജി.എസ്.ടി 5 ശതമാനത്തിലേക്ക്
ഭക്ഷണപാനീയങ്ങള്‍ക്കുള്ള ഈ പുതിയ ഓഫറുകള്‍ പ്രവൃത്തിദിവസങ്ങളില്‍ തീയേറ്റര്‍ സന്ദര്‍ശിക്കുന്ന ചെറിയ ഗ്രൂപ്പുകളെയും വാരാന്ത്യങ്ങളില്‍ സിനിമകള്‍ കാണാന്‍ വരുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ ഗ്രൂപ്പുകളെയും ആകര്‍ഷിക്കുമെന്ന് ഉറപ്പുണ്ടെന്ന് പി.വി.ആര്‍ ഐനോക്സ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ ബിജിലി പറഞ്ഞു. സിനിമാ തീയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജി.എസ്.ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് കുറച്ച് കഴിഞ്ഞദിവസം ഉത്തവിട്ടിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine